Sorry, you need to enable JavaScript to visit this website.

റിയാദിൽ സൗദി-റഷ്യ ഉച്ചകോടി

റിയാദിലെ കൊട്ടാരത്തിൽ റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിനെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സ്വീകരിക്കുന്നു.


* സൗദി അറേബ്യയും റഷ്യയും 20 കരാറുകൾ ഒപ്പുവെച്ചു
* പെട്രോൾ ഉൽപാദക രാജ്യങ്ങൾ തമ്മിലെ സ്ഥിര സഹകരണത്തിനുള്ള ചാർട്ടറും ഒപ്പുവെച്ചു
* സൗദി-റഷ്യ സി.ഇ.ഒ ഫോറത്തിൽ 17 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു
* സൗദിയിൽ പ്രവർത്തിക്കുന്നതിന് നാലു റഷ്യൻ കമ്പനികൾക്ക് ലൈസൻസ്

റിയാദ്- ലോകത്തെ എണ്ണം പറഞ്ഞ സൈനിക, സാമ്പത്തിക ശക്തികളും ഏറ്റവും വലിയ എണ്ണ ഉൽപാദകരുമായ സൗദി അറേബ്യയും റഷ്യയും സഹകരണത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നു. റിയാദിലെത്തിയ റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിന് ഊഷ്മള സ്വീകരണം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പുടിനുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തി. റിയാദ് അൽയെമാമ കൊട്ടാരത്തിലാണ് സൽമാൻ രാജാവ് റഷ്യൻ പ്രസിഡന്റിനെ സ്വീകരിച്ചത്. 
 
റഷ്യയുമായുള്ള ബന്ധങ്ങളും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന് ആഗ്രഹിക്കുന്നതായി സൽമാൻ രാജാവ് പറഞ്ഞു. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം രൂഢമൂലമാക്കുന്നതിനുള്ള വലിയ അവസരമാണ് റഷ്യൻ പ്രസിഡന്റിന്റെ സന്ദർശനം. ഊർജ മേഖലയിൽ അടക്കം പരസ്പര സഹകരണത്തിന് സൗദി അറേബ്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ച കരാറുകൾക്ക് ക്രിയാത്മക സ്വാധീനമുണ്ടാകും. സുരക്ഷാ ഭദ്രതയും സമാധാനവും സാക്ഷാത്കരിക്കുന്നതിനും ഭീകര വിരുദ്ധ പോരാട്ടത്തിനും റഷ്യക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിന് സൗദി അറേബ്യ ആഗ്രഹിക്കുന്നതായും രാജാവ് പറഞ്ഞു. 
സൗദി അറേബ്യയുമായുള്ള 90 വർഷത്തിലേറെ പഴക്കമുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് റഷ്യ പ്രത്യേക ശ്രദ്ധയും പ്രാധാന്യവുമാണ് കൽപിക്കുന്നതെന്ന് വഌദിമിർ പുടിനും പറഞ്ഞു. ജി-20 കൂട്ടായ്മയിൽ സൗദി അറേബ്യ മുഖ്യ പങ്കാണ് വഹിക്കുന്നത്. സൗദി അറേബ്യയുടെ പങ്കാളിത്തമില്ലാതെ മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണലും സുസ്ഥിര വികസനം സാധ്യമാക്കലും അസാധ്യമാണ്. മധ്യപൗരസ്ത്യ ദേശത്ത് സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കുന്നതിന് സൗദി-റഷ്യ ഏകോപനം പ്രധാനമാണെന്നും പുടിൻ പറഞ്ഞു. 
സൽമാൻ രാജാവിന്റെയും റഷ്യൻ പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് ഇരു രാജ്യങ്ങളും 20 കരാറുകൾ ഒപ്പുവെച്ചു. പെട്രോൾ ഉൽപാദക രാജ്യങ്ങൾ തമ്മിൽ സ്ഥിരം സഹകരണത്തിനുള്ള ചാർട്ടറും ചടങ്ങിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഇരുപതു കരാറുകൾ ഒപ്പുവെച്ചതിലൂടെ റഷ്യയുമായി നിരവധി മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. റഷ്യൻ പ്രസിഡന്റിന്റെ സൗദി സന്ദർശനത്തോടനുബന്ധിച്ച് റിയാദിൽ സംഘടിപ്പിച്ച സൗദി-റഷ്യ സി.ഇ.ഒ ഫോറത്തിനിടെ ഇരു രാജ്യങ്ങളിലെയും കമ്പനികൾ 17 കരാറുകളും ധാരണാ പത്രങ്ങളും ഒപ്പുവെച്ചു. സൗദിയിൽ പ്രവർത്തിക്കുന്നതിന് നാലു റഷ്യൻ കമ്പനികൾക്ക് ഫോറത്തിനിടെ ലൈസൻസുകളും അനുവദിച്ചു. 
റഷ്യയുമായുള്ള ബന്ധത്തിനും സഹകരണത്തിനും സൗദി അറേബ്യ കൽപിക്കുന്ന പ്രാധാന്യം വിളിച്ചോതുന്ന നിലക്കുള്ള സ്വീകരണമാണ് റിയാദിൽ വഌദിമിർ പുടിന് ലഭിച്ചത്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റഷ്യൻ പ്രസിഡന്റ് വിമാനമിറങ്ങിയ ഉടൻ സ്വാഗതം ചെയ്ത് നാഷണൽ ഗാർഡ് 21 പീരങ്കിവെടികൾ മുഴക്കി.
സൗദി സ്‌പേസ് ഏജൻസി പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ, ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ, വിദേശ മന്ത്രി ഡോ.ഇബ്രാഹിം അൽഅസ്സാഫ്, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ.മാജിദ് അൽഖസബി, ജല, പരിസ്ഥിതി, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി, ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ, സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അൽ തുവൈജിരി, മീഡിയ മന്ത്രി തുർക്കി അൽശബാന, സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് പ്രസിഡന്റ് അഹ്മദ് അൽഖതീബ്, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഗവർണറും സൗദി അറാംകൊ ഡയറക്ടർ ബോർഡ് ചെയർമാനുമായ യാസിർ അൽറുമയ്യാൻ, റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്‌റോവ്, ഊർജ മന്ത്രി അലക്‌സാണ്ടർ നൊവാക് തുടങ്ങി നിരവധി രാജകുമാരന്മാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. റഷ്യൻ പ്രസിഡന്റിന്റെ ബഹുമാനാർഥം സൽമാൻ രാജാവ് ഒരുക്കിയ ഉച്ചവിരുന്നിലും പുടിനും സംഘവും പങ്കെടുത്തു. 
മേഖലയിലെ പ്രധാന ശക്തിയാണ് സൗദി അറേബ്യയെന്ന് അൽഅറബിയ ചാനലിന് നൽകിയ അഭിമുഖത്തിൽ പുടിൻ പറഞ്ഞു. മേഖലാ ശക്തി മാത്രമല്ല, ആഗോള തലത്തിൽ തന്നെ സ്വാധീനമുള്ള ശക്തിയാണ് സൗദി അറേബ്യ. ആഗോള ഊർജ വിപണിയിൽ സൗദി അറേബ്യക്ക് വലിയ സ്വാധീനമുണ്ടെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. 
പന്ത്രണ്ടു വർഷത്തിനു ശേഷമാണ് റഷ്യൻ പ്രസിഡന്റ് സൗദി അറേബ്യ സന്ദർശിക്കുന്നത്. 2017 ൽ സൽമാൻ രാജാവ് നടത്തിയ റഷ്യൻ സന്ദർശനത്തിന്റെ തുടർച്ചയെന്നോണമാണ് പുടിന്റെ സൗദി സന്ദർശനം. ചരിത്രത്തിൽ റഷ്യ സന്ദർശിച്ച ഏക സൗദി ഭരണാധികാരിയും സൽമാൻ രാജാവാണ്. 

സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റഷ്യൻ പ്രസിഡന്റ് പുടിനുമായി പ്രത്യേകം ചർച്ച നടത്തി. ഊർജ, പശ്ചാത്തല വികസനം അടക്കമുള്ള വ്യത്യസ്ത മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ആഗോള എണ്ണ വിപണിയിൽ ഭദ്രതയുണ്ടാക്കുന്ന കാര്യത്തിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. സിറിയ, യെമൻ സംഘർഷങ്ങൾ അടക്കമുള്ള മേഖലയിലെ പുതിയ സംഭവവികാസങ്ങളും തീവ്രവാദ, ഭീകരവാദ വിരുദ്ധ പോരാട്ടവും രണ്ടു നേതാക്കളും ചർച്ച ചെയ്തു. 


 

Latest News