Wednesday , November   13, 2019
Wednesday , November   13, 2019

വട്ടപ്പാറ വളവിൽ വീണ്ടും ഗ്യാസ് ടാങ്കർ അപകടം; രാപ്പകൽ സമരവുമായി മുസ്ലിം ലീഗ് 

ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ മറിഞ്ഞുണ്ടായ അപകടം

വളാഞ്ചേരി- ദേശീയ പാതയിലെ പ്രധാന അപകട മേഖലയായ വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ അപകടം തുടർക്കഥയാകുന്നു. മൂന്നാഴ്ചയ്ക്കിടെ ഇതു മൂന്നാംതവണയാണ് അപകടമുണ്ടാകുന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് വീണ്ടും ഗ്യാസ് ടാങ്കർ മറിഞ്ഞത്. അപകടത്തിൽ ടാങ്കർ ഡ്രൈവർ തമിഴ്‌നാട് സ്വദേശി മാരിയപ്പ (40) നെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്ത് നിന്ന് കൊല്ലം പാരിപ്പള്ളിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി പുലർച്ചെ 4.15 ഓടെയാണ് പ്രധാന വളവിൽ അപകടത്തിൽ പെട്ടത്. ഗ്യാസ് ചോർച്ച ഇല്ലാത്തത് വലിയ ആശ്വാസമായി. വളാഞ്ചേരി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.മനോഹരൻ, സബ് ഇൻസ്‌പെക്ടർ കെ.ആർ.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും തിരൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ചേളാരി ഐ.ഒ.സി പ്ലാന്റിൽ നിന്ന് വിദഗ്ധർ അപകടസ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. ഉച്ചക്ക് ഒരു മണിയോടെയാണ് ടാങ്കർ മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചത്.  

 മുസ്‌ലിം ലീഗ് രാപ്പകൽ സമരം ഇന്ന്

വളാഞ്ചേരി- കഞ്ഞിപ്പുര മൂടാൽ ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക എന്ന ആവശ്യമുന്നയിച്ച് വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയപാത വട്ടപ്പാറയിൽ ഇന്നു 24 മണിക്കൂർ രാപ്പകൽ സമരം നടത്തും. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പാചക വാതക ടാങ്കറും ഒരു കണ്ടയ്‌നർ ലോറിയുമടക്കം നാലു വാഹനാപകടങ്ങളാണ് വട്ടപ്പാറയിലുണ്ടായത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കഞ്ഞിപ്പുര മൂടാൽ ബൈപാസ് പ്രവൃത്തി ആരംഭിച്ചെങ്കിലും തുടർന്ന് വന്ന ഇടത് സർക്കാർ ഫണ്ടനുവദിക്കാതെ നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് വട്ടപ്പാറ സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസിന് സമീപം നടക്കുന്ന രാപ്പകൽ സമരം രാവിലെ 10 ന് ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് സി.എച്ച്.അബൂ യൂസഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, സി.മമ്മുട്ടി, കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭ അധ്യക്ഷ സി.കെ.റുഫീന അഭിവാദ്യം ചെയ്യും. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം.ഗഫൂർ സമാപന പ്രസംഗം നടത്തും.
 

Latest News