നവജാത ശിശുവിനെ മറവ് ചെയ്യാനെത്തിയ  ദമ്പതികള്‍ക്ക് ജീവനുള്ള കുട്ടിയെ കിട്ടി 

ലക്‌നൗ- മരണപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുത്ത ദമ്പതികള്‍ക്ക് മണ്ണിനടിയില്‍ നിന്ന് കിട്ടിയത് ജീവനോടെയുള്ള മറ്റൊരു പെണ്‍കുഞ്ഞിനെ. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഹിതേഷ് കുമാര്‍ സിരോഹി വൈശാലി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. 
ഏഴുമാസം ഗര്‍ഭിണിയും ബറേലിയിലെ സബ് ഇന്‍സ്‌പെക്ടറുമായ വൈശാലിയെ ദേഹാസ്വസ്ഥതയെ തുടര്‍ന്ന് ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം യുവതി പൂര്‍ണ വളര്‍ച്ചയെത്താത്ത ഒരു പെണ്‍കുഞ്ഞിന് ജ•ം നല്‍കി. മിനിറ്റുകള്‍ക്കകം കുട്ടി മരണപ്പെട്ടു.
നവജാത ശിശുവിന്റെ മൃതദേഹം മറവ് ചെയ്യാനായി മൂന്നടി താഴ്ചയില്‍ ഒരു കുഴിയെടുത്തപ്പോഴാണ് അതില്‍ ഒരു മണ്‍കുടം കണ്ടത്. അത് പുറത്തെടുത്ത് പരിശോധിച്ച ദമ്പതികള്‍ ഞെട്ടി. ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുഞ്ഞായിരുന്നു അതില്‍ ഉണ്ടായിരുന്നത്. കുട്ടിക്ക് പാല്‍ നല്‍കുകയും ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തതായി സിറ്റി പൊലീസ് സുപ്രണ്ട് അഭിനന്ദന്‍ സിംഗ് പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News