Sorry, you need to enable JavaScript to visit this website.

സൗദി-റഷ്യ വ്യാപാരം ഇരട്ടിയിലധികമായി

സൗദി സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിനെ സ്വീകരിക്കാൻ റിയാദിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനേയും  പുടിനേയും അഭിവാദ്യം ചെയ്യുന്ന സുരക്ഷാ ഭടൻ. 
 പുടിനെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിക്കുന്നു. 

റിയാദ്- സൗദി, റഷ്യ വ്യാപാരം രണ്ടു വർഷത്തിനിടെ ഇരട്ടിയിലധികമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം ഉഭയകക്ഷി വ്യാപാരം 554 കോടി റിയാലായി ഉയർന്നു. 2016 ൽ ഇത് 280 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാരം 44 ശതമാനം തോതിൽ വർധിച്ചു. 2017 ൽ ഉഭയകക്ഷി വ്യാപാരം 385 കോടി റിയാലായിരുന്നു. സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികളായ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ 36-ാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. 2017 ൽ റഷ്യ പട്ടികയിൽ 42-ാം സ്ഥാനത്തും 2016 ൽ 49-ാം സ്ഥാനത്തുമായിരുന്നു. 
കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാരത്തിൽ 98 ശതമാനവും റഷ്യയിൽ നിന്ന് സൗദിയിലേക്കുള്ള ഇറക്കുമതിയായിരുന്നു. കഴിഞ്ഞ വർഷം സൗദി അറേബ്യ റഷ്യയിൽ നിന്ന് 540 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. അതേസമയം റഷ്യയിലേക്കുള്ള കയറ്റുമതി 12.2 കോടി റിയാൽ മാത്രമായിരുന്നു. കഴിഞ്ഞ വർഷം റഷ്യയിലേക്കുള്ള സൗദി കയറ്റുമതി 22 ശതമാനം തോതിൽ വർധിച്ചു. 2017 ൽ 10 കോടി റിയാലിന്റെ ഉൽപന്നങ്ങൾ മാത്രമാണ് സൗദി അറേബ്യ റഷ്യയിലേക്ക് കയറ്റി അയച്ചത്. സൗദി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ റഷ്യ 80-ാം സ്ഥാനത്താണ്. 
കഴിഞ്ഞ വർഷം റഷ്യയിൽ നിന്ന് സൗദിയിലേക്കുള്ള ഇറക്കുമതി 45 ശതമാനം തോതിൽ വർധിച്ചു. 2018 ൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ 170 കോടി റിയാലിന്റെ വർധനവാണുണ്ടായത്. സൗദിയിലേക്ക് ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ 23-ാം സ്ഥാനത്താണ് റഷ്യ. 2009 മുതൽ 2018 വരെയുള്ള പത്തു വർഷക്കാലത്ത് സൗദി-റഷ്യ ഉഭയകക്ഷി വ്യാപാരം 4,720 കോടി റിയാലാണ്. ഇതിൽ 4,610 കോടി റിയാലും റഷ്യയിൽ നിന്ന് സൗദിയിലേക്കുള്ള ഇറക്കുമതിയാണ്. ഇക്കാലയളവിൽ 110 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദി അറേബ്യ റഷ്യയിലേക്ക് കയറ്റി അയച്ചത്. 
പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉൽപന്നങ്ങളുമാണ് റഷ്യയിലേക്ക് സൗദി അറേബ്യ പ്രധാനമായും കയറ്റി അയക്കുന്നത്. കഴിഞ്ഞ വർഷം 5.9 കോടി റിയാലിന്റെ പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉൽപന്നങ്ങളും സൗദി അറേബ്യ റഷ്യയിലേക്ക് കയറ്റി അയച്ചു. 1.1 കോടി റിയാലിന്റെ പെയിന്റുകളും 80 ലക്ഷം റിയാലിന്റെ സിന്തറ്റിക്, ആർട്ടിഫിഷ്യൽ ഫിലമെന്റുകളും 50 ലക്ഷം റിയാലിന്റെ പേപ്പറുകളും 40 ലക്ഷം റിയാലിന്റെ ഉപകരണങ്ങളും കഴിഞ്ഞ വർഷം റഷ്യയിലേക്ക് കയറ്റി അയച്ചു. 
റഷ്യയിൽ നിന്ന് സൗദിയിലേക്കുള്ള ഇറക്കുമതിയിൽ കൂടുതലും ധാന്യങ്ങളാണ്. കഴിഞ്ഞ വർഷം 180 കോടി റിയാലിന്റെ ധാന്യങ്ങൾ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തു. റഷ്യയിൽ നിന്നുള്ള ആകെ ഇറക്കുമതിയുടെ 33 ശതമാനവും ധാന്യങ്ങളാണ്. 160 കോടി റിയാലിന്റെ ലോഹ ഉൽപന്നങ്ങളും 36.5 കോടി റിയാലിന്റെ ചെമ്പും ചെമ്പ് ഉൽപന്നങ്ങളും 24.8 കോടി റിയാലിന്റെ ഇരുമ്പും ഉരുക്കും 21.9 കോടി റിയാലിന്റെ എണ്ണയും നെയ്യും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തു. 
സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ചേർന്ന് ഏതാനും പദ്ധതികളിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് സംയുക്ത നിധി സ്ഥാപിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഡിസിൻ, പശ്ചാത്തല വികസനം അടക്കമുള്ള മേഖലകളിൽ 25 ലേറെ പദ്ധതികളിൽ 250 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുന്നതിന് റഷ്യ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും തീരുമാനിച്ചിട്ടുണ്ട്. 
റിയാദിൽ ഓഫീസ് തുറക്കുമെന്ന് റഷ്യ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ദിവസങ്ങൾക്കു മുമ്പ് അറിയിച്ചിരുന്നു. റഷ്യ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വിദേശത്ത് തുറക്കുന്ന ആദ്യത്തെ ഓഫീസാണിത്. 2011 ൽ ആയിരം കോടി ഡോളർ മൂലധനത്തോടെയാണ് റഷ്യൻ ഗവൺമെന്റ് റഷ്യ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപിച്ചത്.
 

Latest News