Sorry, you need to enable JavaScript to visit this website.

ചേരിപ്പോര് രൂക്ഷം, സി.പി.ഐ വനിതാ നേതാവ് പുറത്തേക്കുള്ള വഴിയിൽ

പാലക്കാട് - ചേരിപ്പോര് രൂക്ഷമാകുന്നു, വനിതാ ആദിവാസി വനിതാ നേതാവിന് സി.പി.ഐയിൽനിന്ന് പുറത്തേക്കുള്ള വഴി തെളിയുന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ആദിവാസി മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ഈശ്വരി രേശനാണ് പാർട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ രക്തസാക്ഷിയായി മാറിയിരിക്കുന്നത്. 
സി.പി.ഐ ജില്ലാ കൗൺസിൽ അംഗമായ ഈശ്വരി രേശൻ ഇന്ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനം രാജിവെക്കുമെന്നാണ് സൂചന. ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവെക്കാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അങ്ങനെ ചെയ്താൽ സ്വാഭാവികമായും പാർട്ടിയിൽ നിന്ന് പുറത്താവുമെന്നതിനാൽ അവരുമായി അടുപ്പമുള്ള മുതിർന്ന നേതാക്കൾ അനുനയശ്രമങ്ങൾ തുടരുന്നുണ്ട്. കെ.ഇ. ഇസ്മയിൽ ഗ്രൂപ്പുകാരിയായ ഈശ്വരിക്കെതിരേ പട നയിക്കുന്നത് കാനം രാജേന്ദ്രന്റെ വിശ്വസ്തനായ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്‌രാജ് ആണ്. ഈശ്വരി രേശനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ നേരത്തേ കാനം വിഭാഗത്തിന് മേൽക്കയ്യുള്ള ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനമായിരുന്നു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ആദിവാസി വനിതാനേതാവിനെതിരേ പടയൊരുക്കം നടത്തുന്ന സി.പി.ഐ ജില്ലാ നേതൃത്വത്തിന് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റേയും പിന്തുണയുണ്ട്. അട്ടപ്പാടിയിലെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പരാജയപ്പെടുന്നുവെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വം ഉന്നയിക്കുന്ന പരാതി. അത് കണക്കിലെടുത്താണ് ഈശ്വരിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റാൻ സി.പി.ഐ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കെ.ഇ.ഇസ്മയിലും മുൻഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബിയുമുൾപ്പെടെയുള്ള നേതാക്കൾ വനിതാ നേതാവിനു വേണ്ടി വാദിച്ചുവെങ്കിലും ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ നിലപാട് ശക്തമാക്കുകയായിരുന്നു. 
വരാനിരിക്കുന്ന പഞ്ചായത്ത്- നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് കാനം വിഭാഗം ജില്ലയിലെ പാർട്ടിയിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് ഈശ്വരി രേശനെതിരായ കരുനീക്കമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മണ്ണാർക്കാട്ട് ജോസ്‌ബേബിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ശക്തമായി വാദിച്ച നേതാവാണ് ഈശ്വരി രേശൻ. ആദിവാസി മേഖലയായ അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർക്കാട്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഈശ്വരി സ്ഥാനാർത്ഥിയാവണമെന്ന ആവശ്യം പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തിക്കൊണ്ടുവരാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ആ നീക്കം മുളയിലേ നുള്ളാനാണ് ജില്ലാ സെക്രട്ടറിയുൾപ്പെടെയുള്ള നേതാക്കൾ ഇപ്പോൾ നടത്തുന്ന നീക്കമെന്ന് വിമർശനമുയരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് താൻ രാജിവെക്കണമെന്ന ആവശ്യത്തോട് ഈശ്വരി രേശൻ വൈകാരികമായാണ് പ്രതികരിച്ചത്. അങ്ങനെ വേണ്ടി വന്നാൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും പാർട്ടി അംഗത്വവും രാജിവെക്കാൻ നിർബ്ബന്ധിതയാവുമെന്ന് അവർ അടുപ്പമുള്ള പാർട്ടി നേതാക്കളോട് സൂചിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പല നേതാക്കളും അവർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Latest News