Sorry, you need to enable JavaScript to visit this website.

പ്രചാരണതന്ത്രങ്ങളുടെ ചുവടുമാറ്റി എ.കെ ആന്റണി

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി പ്രചാരണത്തിൽ. 


കാസർകോട് - വിശ്വാസം മുറുകെ പിടിച്ച് കർണാടക അതിർത്തി മണ്ഡലത്തിൽ യു.ഡി.എഫ് ഇതുവരെ നടത്തിയിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അലകും പിടിയും മാറ്റുന്നതിനായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയുടെ രംഗപ്രവേശം. 
വിശ്വാസികൾ ഏറെയുള്ള മഞ്ചേശ്വരത്ത് പാലായിൽ പരീക്ഷിച്ച് പരാജയപ്പെട്ട ശബരിമല വിഷയത്തിൽ മാത്രം കടിച്ചു തൂങ്ങി പ്രചാരണം ശക്തമാക്കിയ യു.ഡി.എഫ് നേതാക്കൾക്ക് അജണ്ട മാറ്റാനുള്ള എ.കെ. ആന്റണിയുടെ ഉപദേശത്തിന് വഴങ്ങേണ്ടി വന്നു. വിശ്വാസികളുടെയും അവിശ്വാസികളുടെയും തെരഞ്ഞെടുപ്പാക്കി മഞ്ചേശ്വരത്തെ മാറ്റുന്നതിൽ മുതിർന്ന യു.ഡി.എഫ് നേതാക്കളിൽ ചിലർക്ക് വിയോജിപ്പും ഉണ്ടായിരുന്നു. ശബരിമല വിഷയം ചൂടാക്കുന്നത് മൂലം മണ്ഡലത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങൾ വഴിതിരിഞ്ഞു പോകുന്നുവെന്ന വിമർശനം മുസ്ലീം, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നും ഉയർന്നു വരികയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ശൈലി മാറ്റി പിടിക്കാനും വികസന പ്രശ്‌നങ്ങളിൽ ശ്രദ്ധയൂന്നി വോട്ടർമാരെ സ്വാധീനിക്കാനും ആന്റണി ഉപദേശിച്ചത്. 
അതിന് ഫലവുമുണ്ടായി. കാസർകോട്ട് വാർത്താ സമ്മേളനത്തിൽ ആന്റണി ശബരിമല വിഷയം തൊട്ടതേയില്ല. അവസാനിപ്പിക്കുന്നതിന് മുമ്പ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ചെറുതായി മറുപടി നൽകുക മാത്രമാണ് അദ്ദേഹം ചെയ്തത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മഞ്ചേശ്വരത്ത് എത്തി പറയാറുണ്ടായിരുന്നത് ശബരിമല വിഷയം തന്നെയായിരുന്നു. 
എന്നാൽ ഇന്നലെ ആന്റണിക്ക് മുമ്പും ശേഷവും വാർത്താ സമ്മേളനത്തിന് എത്തിയ ആർ.എസ്.പി നേതാവ് എൻ. കെ പ്രേമചന്ദ്രനും യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാനും ആന്റണിയുടെ പാത പിന്തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വികസന വിരുദ്ധ നയങ്ങൾക്കെതിരെയാണ് ആഞ്ഞടിച്ചത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നയങ്ങളുടെ പാപ്പരത്വം തിരഞ്ഞെടുപ്പ് വിഷയമാക്കി തന്നെയാണ് ആന്റണിയും രംഗത്ത് വന്നത്. മുതിർന്ന നേതാവിന്റെ ഈ നിലപാടിന് മണ്ഡലത്തിൽ പൊതുവെ സ്വീകാര്യത വർദ്ധിപ്പിച്ചു എന്നതിന് തെളിവായിരുന്നു ഇന്നലെ കുമ്പളയിൽ ആന്റണിയെ ശ്രവിക്കാൻ എത്തിയ ആൾക്കൂട്ടത്തിന്റെ പ്രതികരണം. മണ്ഡലത്തിന്റെ പൊതുവായ വികസനത്തിൽ മുറുകെ പിടിച്ചും എന്നാൽ ഇടത് മുന്നണിക്കും ബി.ജെ.പിക്കും എതിരായ കടുത്ത വിമർശനവും യു.ഡി.എഫ് അണികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന മഞ്ചേശ്വരത്തെ വികസന പദ്ധതികൾ തന്നെയായിരുന്നു പ്രതിപാദ്യ വിഷയം. കേന്ദ്രമന്ത്രിയായിരിക്കെ കാസർകോട് സ്ഥാപിച്ച എച്ച്.എ.എല്ലും പ്രസംഗത്തിൽ അദ്ദേഹം ഉന്നയിച്ചു. കുമ്പളയിൽ ഒരു പരിപാടി മാത്രമാണ് ആന്റണിക്ക് ഉണ്ടായിരുന്നത്. പക്ഷെ, അദ്ദേഹം ഇന്നലെ അതിരാവിലെ തന്നെ കാസർകോട് എത്തി. 
യു.ഡി.എഫ് നേതാക്കൾ, പ്രവർത്തകർ തുടങ്ങി എല്ലാവരുമായും അദ്ദേഹം ആശയ വിനിമയം നടത്തി. മുട്ടുവേദനയും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെങ്കിലും മഞ്ചേശ്വരത്ത് നിന്ന് ഞാൻ തുടങ്ങുകയാണ് എന്നാണ് ആന്റണി പറഞ്ഞത്. വടക്ക് നിന്ന് പുറപ്പെട്ട് അരൂരും എറണാകുളവും കോന്നിയും പോയി വട്ടിയൂർകാവിൽ എത്തുമെന്നും ആന്റണി പറഞ്ഞു. ആരെന്ത് പറഞ്ഞാലും അഞ്ചും ജയിക്കും, പാലായിലെ അടിയൊഴുക്ക് വേറെയാ.. ആ വെള്ളം അങ്ങ് വാങ്ങി വെച്ചേ.. വരുന്നത് ഷോക്ക് ട്രീറ്റ്‌മെന്റാണ്.

 

 

Latest News