Sorry, you need to enable JavaScript to visit this website.

വാഗ്ദാന ലംഘനം: മഞ്ജു വാര്യർക്കെതിരെ നടപടി വേണമെന്ന് ആദിവാസി ഗോത്രസഭ

കൊച്ചി - പ്രളയം മൂലം തകർന്ന വയനാട്, പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനി വാസികളുടെ പുനരധിവാസം സ്വയം ഏറ്റെടുത്ത ചലച്ചിത്ര താരം മഞ്ജു വാര്യർ വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തിൽ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോ-ഓർഡിനേറ്റർ എം.ഗീതാനന്ദൻ, കേരള ദളിത് മഹാസഭ പ്രസിഡന്റ് സി.എസ് മുരളി എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
പ്രളയം നിരന്തരം നാശം വിതക്കുന്ന വയനാട്, പരക്കുനി കോളനിയിലെ 57 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്നതോടൊപ്പം, മറ്റ് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി കൊടുക്കുമെന്നും 2017 ൽ മഞ്ജു വാര്യർ ഫൗണ്ടേഷൻ ഉറപ്പു നൽകുകയുണ്ടായി. ആദിവാസി ഊരിൽ നേരിട്ട് ചെന്ന് വാഗ്ദാനം നൽകിയതിന് പുറമെ, പനമരം പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ടുള്ള കത്തും നൽകിയിരുന്നു. 
മഞ്ജു വാര്യരെ വിശ്വാസത്തിലെടുത്ത ജില്ലാ ഭരണകൂടവും പഞ്ചായത്തും നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയും ചെയ്തു. എന്നാൽ 2018 ലും 2019 ലും പ്രളയക്കെടുതികൾ ആവർത്തിച്ചിട്ടും വാഗ്ദാനം നൽകിയ ഫൗണ്ടേഷൻ ഭാരവാഹികൾ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപിച്ചു. 
ഫൗണ്ടേഷന്റെ വാഗ്ദാനം നിലനിൽക്കുന്നതിനാൽ സർക്കാരിന്റെ യാതൊരുവിധ സഹായവും ലഭിച്ചുമില്ല. മഞ്ജു വാര്യർ വിശ്വാസവഞ്ചന നടത്തിയെന്നും തങ്ങളുടെ പേരിൽ ധനസമാഹരണം നടത്തിയതുമായാണ് ആദിവാസികൾ വിശ്വസിക്കുന്നതെന്നും ഇവർ പറഞ്ഞു. ലീഗൽ സർവീസ് അതോറിറ്റിക്ക് മഞ്ജു വാര്യർ ഫൗണ്ടേഷൻ നൽകിയ സത്യവാങ്മൂലത്തിൽ സാമ്പത്തിക പരാധീനതയെക്കുറിച്ച് പറഞ്ഞിട്ടില്ല. പദ്ധതി നടപ്പാക്കാൻ ഒരു വ്യക്തി എന്ന നിലയിൽ ബുദ്ധിമുട്ടുകളുണ്ടെന്നും, ഇതിനകം മൂന്നര ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നും 10 ലക്ഷം രൂപ മാത്രമെ തുടർന്ന് നൽകാൻ കഴിയൂ എന്നും കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും ലീഗൽ സർവീസ് അതോറിറ്റിയുടെ മുമ്പാകെ അഭ്യർഥിച്ചിട്ടുണ്ട്. ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിക്ക് ആവശ്യമായി വരുന്നത് ഏകദേശം രണ്ടര കോടി രൂപയോളമാണ്. പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ട് വാഗ്ദാനമനുസരിച്ചുള്ള പദ്ധതി നടപ്പാക്കാൻ സമ്മർദം ചെലുത്തണം. ഫൗണ്ടേഷൻ തയാറാകുന്നില്ലെങ്കിൽ ആദിവാസി ക്ഷേമത്തിന് വേണ്ടി മഞ്ജു വാര്യർ ഫൗണ്ടേഷൻ ശേഖരിച്ച തുകയെക്കുറിച്ച് സർക്കാർ അന്വേഷിച്ച് ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മഞ്ജു വാര്യർ ഫൗണ്ടേഷൻ പ്രശ്‌നത്തിൽ ഉചിതമായ തീരുമാനമെടുത്തില്ലെങ്കിൽ, ആദിവാസി ദളിത് സംഘടനകൾ നിയമ നടപടിക്കും പ്രക്ഷോഭത്തിനും തയാറാകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. 


 

Latest News