Wednesday , November   13, 2019
Wednesday , November   13, 2019

ഓഹരി ഇൻഡക്‌സ് നേട്ടത്തോടെ, ആത്മവിശ്വാസത്തോടെ നിക്ഷേപകർ

ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ നേട്ടം നിലനിർത്തിയത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. അമേരിക്ക, ചൈന വ്യാപാര യുദ്ധം മൂലം പതിനെട്ട് മാസമായി സാമ്പത്തിക രംഗം പ്രതിസന്ധിലാണ്. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും അടിസ്ഥാന ധാരണയിലെത്തിയെന്ന യു.എസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ ധനകാര്യസ്ഥാപനങ്ങളെ വീണ്ടും നിക്ഷേപകരാക്കാം. ഇതിനിടയിൽ ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ നിന്ന് പിൻതിരിയാനുള്ള നീക്കത്തെ ആശങ്കയോടെയാണ് നിക്ഷേപ ലോകം വീക്ഷിക്കുന്നത്. പിന്നിട്ട പത്ത് വർഷത്തിനിടയിലെ ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് യൂറോപ്പ് നീങ്ങുമോയെന്ന ഭീതിയിലാണ് ഒരു വിഭാഗം.  
ആഗോള ജിഡിപി ട്രാക്കർ വ്യക്തമാക്കുന്നത് വികസനത്തിന്റെ വേഗത മൂന്നാം പാദത്തിൽ 2.2 ശതമാനമായി കുറയുന്നതായാണ്. 2018 ന്റെ തുടക്കത്തിൽ ഇത് 4.7 ശതമാനമായിരുന്നു. ഐഎംഎഫ് ഗുരുതരമായ അപകട സാധ്യതയെയാണ് മുന്നിൽ കാണുന്നത്. നാളെ വാഷിംഗ്ടൺ ചേരുന്ന ഐഎംഎഫ് യോഗത്തിൽ 2019 ലെ ആഗോള വളർച്ചാ പ്രവചനം 3.2 ശതമാനത്തിൽനിന്ന് കുറയ്ക്കാൻ ഇടയുണ്ട്. 
ബോംബെ സെൻസെക്‌സ് 454 പോയിന്റും നിഫ്റ്റി 147 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. കോർപ്പറേറ്റ് മേഖലയിൽനിന്നുള്ള അനുകൂല വാർത്തകളെ ഉറ്റുനോക്കുകയാണ് വിപണി. മികച്ച ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ പുറത്തുവന്നാൽ മുന്നേറ്റം പ്രതീക്ഷിക്കാമെങ്കിലും ഉയർന്ന നിലവാരത്തിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഊഹക്കച്ചവടക്കാർ വീണ്ടും നീക്കം നടത്താം. 
ബോംബെ സെൻസെക്‌സ് 37,673 പോയിൻറ്റിൽ നിന്ന് 38,339 വരെ ഉയർന്ന ശേഷം വ്യാപാരം അവസാനിക്കുമ്പോൾ 38,127 ലാണ്. ഈവാരം 38,504 ലെ ആദ്യ പ്രതിരോധം മറികടന്നാൽ 38,882 വരെ മുന്നേറാം. അതേ സമയം ഉയർന്ന നിലവാരത്തിൽ ലാഭമെടുപ്പിന് നീക്കം നടന്നാൽ 37,583-37,040 ലേയ്ക്ക് സാങ്കേതിക പരീക്ഷണങ്ങൾ തുടരാം. 
നിഫ്റ്റി സൂചിക 11,174 പോയിന്റിൽ നിന്ന് 11,362 വരെ ഉയർന്ന ശേഷം ക്ലോസിങ്ങിൽ 11,305 ലാണ്. ഈവാരം 11,414 ലും 11,523 ലും പ്രതിരോധമുണ്ട്. വിപണിക്ക് തിരിച്ചടി നേരിട്ടാൽ 11,114 പോയിന്റിലും 10,983 ലും താങ്ങ് പ്രതീക്ഷിക്കാം. സാമ്പത്തിക മാന്ദ്യം മൂലം വിദേശ ഫണ്ടുകൾ ഓഹരി വിപണിയിൽ നിന്ന് 4,955.2 കോടി രൂപയും കടപത്രത്തിൽ നിന്ന് 1,261.9 രൂപയും ഈ മാസം ഇതിനകം പിൻവലിച്ചു.  അതായത് രണ്ടാഴ്ച്ചക്കിടയിൽ മൊത്തം പിൻവലിക്കൽ 6,217.1 കോടി രൂപയാണ്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) തിങ്കളാഴ്ച ഓഹരി വിപണിയിലിറങ്ങും.  ഐആർസിടിസി ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയറുകൾ ബി ഗ്രൂപ്പ് ഓഫ് സെക്യൂരിറ്റികളുടെ പട്ടികയിൽ എക്‌സ്‌ചേഞ്ചിലെ ഇടപാടുകളിൽ ലിസ്റ്റ് ചെയ്യുമെന്ന് ബിഎസ്ഇ വ്യക്തമാക്കി. മുൻ നിരയിലെ പത്ത് കമ്പനികളിൽ എട്ട് എണ്ണത്തിന്റെ വിപണി മൂല്യത്തിൽ 80,943 കോടി രൂപയുടെ വർധന. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്ക് നേട്ടം. ഐ ടി സി, ടി സി എസ് എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു. 
ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 70.81 ൽ നിന്ന് 71.22 വരെ ദുർബലമായ ശേഷം വാരാന്ത്യം വീണ്ടും 70.81 ലേയ്ക്ക് കരുത്തു നേടിയെങ്കിലും ക്ലോസിങിൽ രൂപ 70.91 ലാണ്. ഈവാരം 71.30 ലെ തടസം മറികടന്നാൽ രൂപ 71.60 വരെ നീങ്ങാം. രൂപ കരുത്ത് നേടിയാൽ മൂല്യം 70.44 ലേയ്ക്ക് മെച്ചപ്പെടും.   ആഗോള സ്വർണ വിലയിൽ നേരിയ ചാഞ്ചാട്ടം. ഓഗസ്റ്റ് മധ്യം 1480 ഡോളറിന് മുകളിൽ ഇടം കണ്ടത്തിയ മഞ്ഞ ലോഹം സെപ്റ്റംബറിന് ശേഷം 1535 ഡോളറിന് അകത്താണ്. ഈ ടാർഗറ്റിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല. അതേ സമയം സാമ്പത്തിക മേഖലയിൽ നിന്നുള്ള വാർത്തകൾ വാരമധ്യതോടെ സ്വർണ വിപണിക്ക് പുതിയ ദിശപകരാം. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1486 ഡോളറിലാണ്.   

 

Latest News