Friday , November   15, 2019
Friday , November   15, 2019

കുരുമുളക് കള്ളക്കടത്ത് കർഷകരെ പ്രതിസന്ധിയിലാക്കി

വിയറ്റ്‌നാം കുരുമുളക് പ്രവാഹം ആഭ്യന്തര കർഷകരെ സാമ്പത്തികമായി തളർത്തി. ഉത്സവ വേളയിലും ഉത്തരേന്ത്യയിൽ നിന്ന് കുരുമുളകിന് അന്വേഷണങ്ങളുണ്ടായില്ല. നേപ്പാളിലേക്ക് എന്ന പേരിൽ ഇന്ത്യൻ തുറമുഖങ്ങളിൽ ഇറക്കുമതി നടത്തുന്ന കുരുമുളക് ആഭ്യന്തര മാർക്കറ്റിൽ  വിൽപ്പനക്ക് ഇറക്കിയത് നാടൻ ചരക്കിന് തിരിച്ചടിയായി. നടപ്പ് വർഷം ഇതിനകം ഏകദേശം 4500 ടൺ കുരുമുളക് കള്ളക്കടത്തായി ഈ രീതിയിൽ രാജ്യത്ത് എത്തിയെന്ന് കണക്കാക്കുന്നു. 
വിയറ്റ്‌നാം കുരുമുളക് ശ്രീലങ്കയിൽ എത്തിച്ച ശേഷമാണ് നേപ്പാളിലേക്കെന്ന പേരിൽ അവിടെ നിന്ന് ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിക്കുന്നത്. വിയറ്റ്‌നാം ടണ്ണിന് 2000 ഡോളറിന് കയറ്റുമതി നടത്തുന്ന ചരക്ക് കൊളമ്പോയിൽനിന്ന് കയറ്റുമ്പോൾ നിരക്ക് 2800 ഡോളറായി മാറും. ഇന്ത്യൻ വില 5000  ഡോളറായതിനാൽ വ്യവസായികൾക്ക് ഇറക്കുമതി മുളക് അതിവേഗം വിറ്റഴിക്കാനാവും. ശ്രീലങ്കൻ കുരുമുളക് കിലോ 500 രൂപയിൽ താഴ്ത്തി ഇന്ത്യയിൽ ഇറക്കുമതി നടത്തുന്നത് വാണിജ്യ മന്ത്രാലയം വിലക്കിയിട്ടുണ്ട്. എന്നാൽ ഉൽപ്പന്നം നേപ്പാളിലേയ്ക്കാവുമ്പോൾ വ്യവസ്ഥകൾ ബാധകമല്ലെന്നത് കള്ളക്കടത്തുകാർക്ക് നേട്ടമായി.  
ഓഫ് സീസണായതിനാൽ നിരക്ക് ഉയരുമെന്ന വിശ്വാസത്തിൽ മുളക് പിടിച്ചുവെച്ച കർഷകർ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനിടയിൽ തെക്കൻ കേരളത്തിലെ തോട്ടങ്ങളിൽ മൂപ്പ് കുറഞ്ഞ കുരുമുളക് വിളവെടുപ്പിന് സജ്ജമായി. തുലാ മഴ കനിഞ്ഞാൽ ഉൽപാദനം ഉയരാമെങ്കിലും നിരക്ക് അനുദിനം ഇടിയുന്നത് കർഷകർക്ക് ആഘാതമാവും. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 34,000 രൂപ.
ദീപാവലി ഡിമാന്റ് മുൻനിർത്തി ഉത്തരേന്ത്യക്കാർ ചരക്ക് സംഭരിക്കാൻ ഉത്സാഹിച്ചത് ഏലക്ക നേട്ടമാക്കി. ഒട്ടുമിക്ക തോട്ടങ്ങളിലും വിളവെടുപ്പ് നടക്കുന്നതിനാൽ പുതിയ ഏലക്ക വരവ് അടുത്ത ദിവസങ്ങളിലും ഉയരുമെന്നാണ് സൂചന. കയറ്റുമതിക്കാരും ഏലക്ക ശേഖരിക്കുന്നുണ്ട്. ലേല കേന്ദ്രങ്ങളിൽ ഏലക്ക വരവ് വാരാരംഭത്തിനെ അപേക്ഷിച്ച് ഉയർന്നു. ശനിയാഴ്ച്ച തേക്കടിയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോഗ്രാമിന് 3285 രൂപയിലാണ്. 
നാളികേരോൽപ്പന്നങ്ങൾ തളർച്ചയിലേയ്ക്ക്. രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വ്യാപാരം ദീപാവലി വേളയിലാണ് ഏറ്റവും ഉയരുന്നത്. എന്നാൽ ഉത്സവ ദിനങ്ങൾ അടുത്തിട്ടും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ എത്താഞ്ഞത് കൊപ്രയാട്ട് വ്യവസായികളെ വിൽപ്പനക്കാരാക്കി. വെളളിയാഴ്ച്ച തമിഴ്‌നാട്ടിൽ വെളിച്ചെണ്ണയ്ക്ക് 350 രൂപ ഇടിഞ്ഞു. സ്‌റ്റോക്ക് ഇറക്കാൻ മില്ലുകാർ മത്സരിക്കുകയാണ്. മില്ലുകാർ കൊപ്ര സംഭരണം കുറച്ചതോടെ താങ്ങ് വിലയിലും താഴ്ന്ന് 9450 രൂപയായി. ഇതിന്റെ ചുവട് പിടിച്ച് കൊച്ചിയിൽ എണ്ണ 14,800 ൽ നിന്ന് 14,500 രൂപയായി. കൊപ്രയ്ക്ക് 185 രൂപ താഴ്ന്ന് 9725 രൂപയായി. 
മികച്ച കാലാവസ്ഥയിൽ കേരളത്തിൽ റബർ ഉൽപാദനം ഉയർന്നു. എന്നാൽ കർഷകരുടെ പ്രതീക്ഷക്കൊത്ത് നിരക്ക് ഉയർത്താൻ ടയർ കമ്പനികൾ തയ്യാറായില്ല. കൊച്ചിയിലും കോട്ടയത്തും ചരക്ക് വരവ് മുൻ വാരങ്ങളെ അപേക്ഷിച്ച് ഉയർന്നു. ടയർ വ്യവസായികൾ നാലാം ഗ്രേഡ് ഷീറ്റിന് 12,000 രൂപയും അഞ്ചാം ഗ്രേഡിന് 11,800 രൂപക്കും വാങ്ങി. വിദേശത്ത് റബർ വിലയിൽ കാര്യമായ ചാഞ്ചാട്ടമില്ല. പ്രാദേശിക അവധികൾ മൂലം ചൈനീസ് മാർക്കറ്റിൽ നിന്ന് വാങ്ങലുകാർ പിൻവലിഞ്ഞതിനാൽ ഷാങ്ഹായിലും ജാപ്പാനീസ് വിപണിയായ ടോക്കോമിലും റബർ വില നേരിയ റേഞ്ചിൽ നീങ്ങി. 
കൊച്ചി തേയില ലേലത്തിൽ പിന്നിട്ട വാരം വിലകളിൽ കാര്യമായ വ്യതിയാനമില്ല. അതേ സമയം ആഭ്യന്തര വിദേശ ഡിമാന്റ് നിലനിന്നു. ലീഫ്, ഡസ്റ്റ് ഇനങ്ങളിൽ വാങ്ങലുകാർ ഒരു പോലെ താൽപര്യം കാണിച്ചു. അനുകൂല കാലവസ്ഥയിൽ കൊളുന്ത് നുള്ള് പുരോഗമിക്കുന്നു. 
സ്വർണ വില പവൻ 28,320 രൂപയിൽനിന്ന് 28,400 വരെ ഉയർന്നു. എന്നാൽ വാരാവസാനം നിരക്ക് 28,200 രൂപയായി. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1504 ഡോളറിൽ നിന്ന് 1485 ഡോളറായി. 

 

Latest News