Sorry, you need to enable JavaScript to visit this website.

ലുലു പത്താം വാർഷികാഘോഷത്തിന് തുടക്കം; സൗദിയിൽ ഒരു ബില്യൻ റിയാൽ വികസന പദ്ധതി   

ലുലു പത്താം വാർഷികാഘോഷ ലോഗോ എം.എ യൂസഫലിയും വിശിഷ്ടാതിഥികളും ചേർന്നു പ്രകാശനം ചെയ്യുന്നു. 

റിയാദ്- സൗദി അറേബ്യയിൽ വൻകിട പദ്ധതികളുമായി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്. 2020 ഓടെ ഒരു ബില്യൻ റിയാൽ മുതൽ മുടക്കിൽ സൗദിയുടെ വിവിധ ഭാഗങ്ങളിലായി 11 ഹൈപർമാർക്കറ്റുകൾ തുറക്കുമെന്നും ഇതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും റിയാദ് അത്‌യാഫ് മാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ എം.എ യൂസുഫലി അറിയിച്ചു.  സൗദിയിൽ ഇപ്പോൾ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളത്. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ദീർഘദൃഷ്ടിയിൽ രാജ്യം വൻ വികസനത്തിലേക്ക് കുതിക്കുകയാണ്. 2009ൽ സൗദി വിപണിയിൽ കാലെടുത്തുവെച്ച് പത്ത് വർഷം കഴിയുമ്പോൾ 17 ഹൈപർമാർക്കറ്റുകൾ, 12 അറാംകോ, നാഷണൽ ഗാർഡ് സൂപർമാർക്കറ്റുകൾ എന്നിവയുമായി മുന്നോട്ട് കുതിക്കുന്നു. ഏറ്റവും മികച്ച ഗുണമേന്മയും വിലക്കുറവും നല്ല സേവനവുമാണ് ലുലുവിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നത്. ഇതുവരെ സൗദിയിൽ 1.7 ബില്യൻ റിയാൽ ലുലു മുടക്കിയിട്ടുണ്ട്. 2020 പൂർത്തിയാകുമ്പോഴേക്ക് 15 പുതിയ ഹൈപർമാർക്കറ്റുകളാണ് ലക്ഷ്യമിടുന്നത്. ഇതിൽ മൂന്നെണ്ണം തുറന്നു കഴിഞ്ഞു. ദമാമിൽ നാല്, ജിദ്ദയിൽ ആറ്, റിയാദിൽ ഒന്ന് എന്നിങ്ങനെ 11 എണ്ണമാണ് ഒരു ബില്യൻ റിയാൽ മുതൽമുടക്കിൽ തുറക്കാനിരിക്കുന്നത്.
നിലവിൽ വനിതകളടക്കം 2700 സ്വദേശികളാണ് ലുലുവിൽ ജോലി ചെയ്യുന്നത്. അവരിൽ പകുതിയും ഹായിൽ, തബൂക്ക്, അൽഹസ, ജുബൈൽ എന്നിവിടങ്ങളിലാണ്. 2020 ഓടെ 1700 വനിതകളടക്കം 4000 സൗദികൾക്ക് ജോലി നൽകാനാണ് പദ്ധതി. അന്താരാഷ്ട്ര തൊഴിൽ പരിശീലകരുടെ നേതൃത്വത്തിൽ അവർക്ക് പരിശീലനം നൽകി വരുന്നു. ഡയബറ്റിക് ഫുഡ്, ഡയറ്റ് ഫ്രീ, എഗ് ഫ്രീ, കെമിക്കൽ ഫ്രീ എന്നിങ്ങനെ ഭക്ഷ്യമേഖലയിൽ വൈവിധ്യങ്ങളാണ് ലുലു നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തൊഴിൽ മന്ത്രാലയം സ്വദേശിവത്കരണ പദ്ധതി മേധാവി എഞ്ചിനീയർ സഅദ് അൽഗാംദിയും എം.എ യൂസുഫലിയും ചേർന്ന് പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. 10 ആഴ്ചകളിൽ പത്ത് നറുക്കെടുപ്പ് വിജയികൾക്ക് ഒരു ലക്ഷം റിയാൽ സമ്മാനം നൽകുന്ന ഒരു മില്യൻ റിയാൽ ലുലു വിൻ പ്രമോഷൻ പദ്ധതിയും ഇതോടനുബന്ധിച്ച് പ്രഖ്യാപിച്ചു. പത്ത് വർഷം സേവനം പൂർത്തിയായ സൗദി ജീവനക്കാരെ തൊഴിൽ മന്ത്രാലയം സ്വദേശിവത്കരണ പദ്ധതി മേധാവി എഞ്ചിനീയർ സഅദ് അൽഗാംദിയും എം.എ യൂസുഫലിയും ചേർന്ന് ആദരിച്ചു. ബശ്ശാർ നാസർ അൽബിശർ, ഫൈസൽ ഹജി അൽസഈദ്, സായിദ് ബത്താൽ അൽസുബയി, ഹംസ യഹ്യ അൽശഹ്‌റി, ഉബൈദ് ഇബ്രാഹീം അൽഉബൈദ്, അബ്ദുൽ അസീസ് അൽഉതൈബി, ഖാസിം ഹുസൈൻ അൽഹുസൈൻ, ജവാദ് അബ്ദുല്ല അൽഹൻഫൂശ്, ഹനാൻ അലി അഹമ്മദ് ബൂ ദ്രീസ്, നദ ഹുസൈൻ അബ്ദുല്ല എന്നിവരെയാണ് ആദരിച്ചത്. 


 

Latest News