Sorry, you need to enable JavaScript to visit this website.
Sunday , May   31, 2020
Sunday , May   31, 2020

വ്യാകരണമില്ലാ രാഷ്ട്രീയം, കച്ചവടം,  പൂതനാ മോക്ഷവും

വയലാറിന്നൊരു കൊച്ചുഗ്രാമ മല്ലാർക്കുമേ…എന്നു തുടങ്ങുന്ന സിനിമാപ്പാട്ടു പോലെയാണ് വട്ടിയൂർക്കാവും. മുരളീധരൻ മത്സരിച്ചിരുന്ന കാലമല്ല ഇപ്പോൾ. അദ്ദേഹത്തിന് പി.എച്ച്.ഡിയിലെന്നല്ല, എസ്.എസ്.എൽ.സിയിൽ പോലും വലിയ താൽപര്യമോ വിശ്വാസമോ ഉണ്ടായിരുന്നില്ല. ഇന്നത്തെ സ്ഥാനാർഥി സ്വന്തം 'പാർട്ടിയുടെ' തിരഞ്ഞെടുപ്പു പ്രകടനം തിരുവനന്തപുരം ജില്ലയിൽ ഒരു വസ്തുതാപഠനം നടത്തിയാണ് ഡോക്ടറേറ്റ് അടിച്ചെടുത്തത്. വസ്തുതാ പഠനത്തിൽ ഒറ്റ ഉത്തരം ഗവേഷണ പ്രബന്ധത്തിന്റെ ആദ്യ പേജിൽ എഴുതിയിരുന്നെങ്കിലും സംഗതി കിട്ടുമായിരുന്നു. ഒരു വലിയ പൂജ്യം. അതു തന്നെ ധാരാളം. പക്ഷേ, കുറേപ്പേർ ജയിച്ചതു നിമിത്തം പൂജ്യത്തിനു സ്ഥാനമില്ലാതായി. ജാതിയും ഉപജാതികളും മതങ്ങളും ചേർന്നാണ് കോൺഗ്രസിനെ ജയിപ്പിച്ചു പോരുന്നതെന്ന് ഏതു മൂന്നാം ക്ലാസ് വിദ്യാർഥിക്കുമറിയാം. മറ്റൊരർഥത്തിലും ഈ ഡോക്ടറേറ്റ് ശ്രദ്ധയർഹിക്കുന്നുണ്ട്- പി.എച്ച്.ഡിക്കു പഠന വിഷയമാക്കിയ വിദ്യാർഥി അതേ ജില്ലയിൽ സ്ഥാനാർഥിയാകുമ്പോൾ എന്തായിരിക്കും കഥ? അതിനു വക്കീലിന്റെ മറുപടി- ഗവേഷണത്തിനു ശേഷം കാഴ്ചപ്പാടിലുണ്ടായത് അജഗജാന്തര വ്യത്യാസം! ഇത്തരം ഒരു വ്യത്യാസം നമ്മുടെ ഭാഷയിലില്ല. സമ്പൂർണ സാക്ഷരത കൈവരിക്കും മുമ്പ് കേരളത്തിൽ അങ്ങിങ്ങായി കാണപ്പെട്ടിരുന്നു. രാഷ്ട്രീയക്കാരന് വ്യാകരണം അറിഞ്ഞിരിക്കണമെന്നു നിർബന്ധമില്ല. സ്വന്തം മണ്ഡലമെങ്കിലും അറിയുന്നതു തന്നെ മഹാഭാഗ്യമെന്നേ കരുതാവൂ!

 

****         ****                        ****
തെരഞ്ഞെടുപ്പ് കമ്മിറ്റിയാഫീസ് ഉദ്ഘാടനം ചെയ്ത ശേഷം ഉമ്മൻചാണ്ടിക്ക് എന്താണു സംഭവിച്ചത്? ഇന്നും അതൊരു ചോദ്യം ചിഹ്നമാണ്. രഹസ്യാന്വേഷകരായ ഗ്രൂപ്പുകളിക്കാർ ഇത്തവണ അദ്ദേഹത്തെ വെറുതെ വിട്ടു. കുഞ്ഞുഞ്ഞച്ചായൻ നേരെ പറന്നത് അമേരിക്കയിലേക്ക്. അതിൽ അത്ഭുതമില്ല. ഇവിടെ ജലദോഷത്തിന് ഇന്നുവരെ കൃത്യമായി ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ലക്ഷണംകെട്ട മഴയാകട്ടെ, ഇടയ്ക്കിടെ മൂന്നു മുന്നണിക്കാരെയും ഒന്നു പോലെ പേടിപ്പിക്കുന്നുമുണ്ട്. യു.എസിൽ ചെന്ന് കാൽകുത്തിയ ഉടനെ അച്ചായൻ പുതുപ്പള്ളിയിലെ വീട് ഓർമിച്ചുവെന്നും, രണ്ടാഴ്ചത്തേക്കുള്ള മരുന്ന് പൊതിഞ്ഞു വാങ്ങി ശീഘ്രം സ്ഥലം വിട്ടുവെന്നുമാണ് കേൾക്കുന്നത്. തിരുവനന്തപുരത്ത് കാൽകുത്തിയപാടെ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ തെക്കു പടിഞ്ഞാറേ കോണിലേക്ക് ഓടി. ലക്ഷണവശാൽ ഗൗരീശപട്ടത്തെ മീറ്റിംഗിനു ഗൗരവമുണ്ട്. അവിടെ കടന്നു കയറി പ്രസംഗിച്ചപ്പോൾ നാട്ടാർക്കും ആവേശമായി. ചെണ്ടപ്പുറത്ത് മാരാന്മാർ ഇലഞ്ഞിത്തറമേളം കൊണ്ടാടുംപോലെ മുരളീധരനും കുഞ്ഞൂഞ്ഞച്ചായനും ചേർന്നു കലക്കി. കേട്ടു വശം കെട്ട സ്ഥാനാർഥി വേദിയിൽ നിന്നിറങ്ങി ഓടിയെങ്കിലും , അത് വഴിയിൽ കണ്ട നാലു വോട്ടറന്മാരെ ലക്ഷ്യമിട്ടായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു. ചാണ്ടിച്ചായൻ യഥാസമയം ഗൗരീശപട്ടത്ത് പ്രത്യക്ഷപ്പെട്ടില്ലായിരുന്നുവെങ്കിൽ, സമീപത്തു സ്ഥിര താമസമാക്കിയ വി.എം. സുധീരൻ വന്നു കയറുമായിരുന്നുവെന്ന് ഭീതിയോടെയാണ് സ്ഥാനാർഥിയും കൂട്ടരും ഓർമിക്കുന്നത്. വോട്ടു നഷ്ടപ്പെടാൻ മറ്റൊന്നും വേണ്ടി വരില്ലല്ലോ. ഒരു തുടർ ഭരണ മോഹം പോലും പൊളിച്ചടുക്കിയ ധീരവീരനാണ് സുധീരൻ. ചാണ്ടിച്ചായൻ അമേരിക്കയിൽ പോയതും വന്നതും കൂടുതൽ യുവത്വവും ഓജസും തേജസ്സും നേടുവാനായിരുന്നുവെന്നും തെളിഞ്ഞു.
വട്ടിയൂർക്കാവിൽ വോട്ടുകച്ചവടമുണ്ടെന്നും ഇല്ലെന്നും രണ്ടഭിപ്രായമുണ്ട്. ദൈവത്തിന്റെ കാര്യത്തിൽ പോലുമുണ്ടല്ലോ രണ്ടഭിപ്രായം. ശശി തരൂർ ഇല്ലെന്നു പറയുക മാത്രമല്ല, ഒരു ഇംഗ്ലീഷ് വാരികയുടെ അവസാന പുറത്ത് പാർട്ടിയിലെ എതിരാളികൾക്കു മനസ്സിലാക്കാൻവേണ്ടി അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ മുരളി- ചെന്നിത്തലമാർ തരൂരിനെക്കാൾ എത്രയോ സീനിയറന്മാർ! അവർക്കറിയാത്ത വഴികളില്ല. ചെയ്യാത്ത പണികളും ഇല്ല. കച്ചവടമുണ്ടെന്ന് ഇരുവരും നിർബന്ധം പിടിക്കുന്നു. ആ സ്ഥിതിക്ക് ഒരു താങ്ങു കൊടുത്തേക്കാം എന്ന മട്ടിൽ മുല്ലപ്പള്ളിയുടെ വക പിന്തുണ വേറെയും! എന്നാൽ തലസ്ഥാനത്ത് പട്ടം മുറിഞ്ഞപാലത്തെ കോസ്‌മോ ആശുപത്രിക്ക് സമീപം ചെല്ലുന്നവർ ഒന്ന് അമ്പരക്കും. ആശുപത്രിയുടെ തെക്ക് യു.ഡി.എഫിന്റെ കമ്മിറ്റിയാഫീസ്. നേരേ എതിർവശത്ത് സ്ഥാനാർഥി പ്രശാന്തിന്റെ കൂറ്റൻ കട്ടൗട്ടുമായി എൽ.ഡി.എഫിന്റെ ഓഫീസും ഇനി പണിയുള്ളത് ബി.ജെ.പിക്കാണ്. അവരുടെ രാവുകൾ ഇനി നിദ്രാവിഹീനങ്ങളാകും. യു.ഡി.എഫ്- എൽ.ഡി.എഫ് വോട്ടു കച്ചവടത്തിന് റോഡു മുറിച്ച് അരമിനിറ്റു നടന്നാൽ മതി. നേതാക്കൾ ചാരക്കണ്ണുകളുമായി തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. ഉമ്മൻചാണ്ടി ശശിതരൂരിന് കച്ചവടക്കാര്യത്തിൽ പിന്തുണ കൊടുത്തത് അജ്ഞാത രഹസ്യമായി അവശേഷിക്കുന്നുവെന്നു മാത്രം!


ഫാസിസത്തിന്റെ കാര്യമാണ് പരുങ്ങലിലായത്. ദേ വരുന്നു, ദാ വരുന്നു എന്നു പറഞ്ഞിട്ടും കേരളത്തിൽ അങ്ങനെയങ്ങു തലകാണിക്കുന്ന ലക്ഷണമില്ല. അടൂർ ഗോപാലകൃഷ്ണനുൾപ്പെടെ 49 പേർക്കെതിരെ ബീഹാറിൽ നിന്ന് ആരോ കോടതി വഴി അയച്ച നോട്ടീസ് വഴിവക്കിൽ കാറ്റത്താടുകയാണ്. ഇതിനിടെയാണ് നേരം പോക്കാൻ വേണ്ടി സവാരിക്കിറങ്ങിയ കുറച്ചു 'സീനിയർ സിറ്റിസൺ'മാരെ നാട്ടുകാർ വളഞ്ഞു തല്ലിയത്. 'സാംസ്‌കാരികയാത്ര'യെന്നു പറഞ്ഞതിനാലാണ് താഡനം ഏറ്റത്. കല്യാണത്തിനോ പുലകുളിക്കോ പാലു കാച്ചലിനോ ആണെന്നു പറയാമായിരുന്നു. അല്ലെങ്കിലും ഈ ആക്ടിവിസ്റ്റുകൾക്ക് 'ബുദ്ധിജീവി'യാകാനുള്ള ത്രാണിയില്ല. എം.എൻ. കാരശ്ശേരിയദ്ദേഹം ചാനലുകളിൽ ദന്തശോഭ പരത്തി ചിരിക്കുകയാണെന്നു തോന്നും. ആ പ്രതികരണങ്ങൾ കണ്ടാൽ. സി.ആർ. നീലകണ്ഠൻ, കെ.എം. ഷാജഹാൻ, കുസുമം ജോസഫ്, കെ. അജിത തുടങ്ങിയവരാണ് മറ്റു മർദിത വർഗം. പുൽപ്പള്ളി സ്റ്റേഷൻ ആക്രമണത്തിലെ ധീരനായികയായ അജിതയാണ് ഇപ്പോൾ പി.വി. അൻവർ എമ്മെല്ലേയുടെ കക്കാടംപൊയിലിലെ തടയണയും പാർക്കും കാണാനിറങ്ങി തല്ലു വാങ്ങിയത്. ഇതിലും ഭേദം പഴയ നക്‌സലൈറ്റായി തുടരുന്നതായിരുന്നു. സി.ആർ. നീലകണ്ഠൻ തുടങ്ങി അവശേഷിക്കുന്നവരുടെ ശരീരഭാഷയും ഭാവചലനങ്ങലും കണ്ടാൽ ഹൃദയമുള്ളവർ നാലുകാശെറിഞ്ഞ് 'കാപ്പി കഴിച്ചു മടങ്ങിക്കോളൂ' പറഞ്ഞു പോകും. എന്നാലിവിടെ സംഭവിച്ചത് മറിച്ചാണ്. എമ്മെല്ലേയുടെ കൈവശം തടയണയും ഫാന്റസി പാർക്കും മാത്രമല്ല, ആവശ്യം പോലെ ഗുണ്ടകളുമുണ്ട്. ഒരു കാര്യം ചെയ്താലെന്താ സഖാവേ, ഗുണ്ടകളെ അത്യാവശ്യക്കാർക്ക് വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ് കൂടി തുടങ്ങരുതോ? പണമുണ്ടാക്കുകയാണല്ലോ നമ്മുടെ ജീവിത ലക്ഷ്യം? വെറുതേ 'ഫാസിസ്റ്റ്' എന്നു പേരു കേൾപ്പിക്കേണ്ടതുണ്ടോ?

****             ****                  ****


'പൂതനാ മോക്ഷം' കഥകളിയിലെയും ബാലെയിലേയും ഹീറോയിൻ ആരെന്നു പ്രത്യേകം പറയേണ്ടതില്ല. മന്ത്രിയും ഇംഗ്ലീഷ് മലയാളം സാഹിത്യത്തിലെ വിഖ്യാത കവിയുമായ ജി. സുധാകരൻ 'പൂതന'യെ എടുത്തു പ്രയോഗിച്ചത് ഷാനിമോൾ ഉസ്മാൻ എന്ന യു.ഡി.എഫ് സ്ഥാനാർഥിയെ ഉദ്ദേശിച്ചാണെന്ന് മോളും മുല്ലപ്പള്ളിയും വിശ്വസിക്കുന്നു. മന്ത്രി അതു നിഷേധിക്കുകയും ചെയ്യുന്നു. ഇതിനിടയിൽപെട്ടു നട്ടം തിരിയുകയാണ് സാഹിത്യാസ്വാദകരും സാദാ പൊതുജനവും. യു.ഡി.എഫിന് ഒരു ഇടക്കാലാശ്വാസമെന്ന നിലയിൽ എം.എം. ഹസൻ വാതുറന്നത് നന്നായി. സുധാകരൻ സഖാവിനെ ഹസൻജി 'കംസനോടാണ് ഉപമിച്ചത്. പൂതനയെ ചാകാനായി അയച്ചതും, അവസാനം സ്വന്തം അനന്തിരവന്റെ ചവിട്ടേറ്റു യശശ്ശരീരനായതും കംസനാണല്ലോ. ഇതിൽനിന്നും ഒരു കാര്യം കൂടി തെളിഞ്ഞു- ഹസൻ പുസ്തകം വായിക്കാറുണ്ടെന്ന്. സാധാരണയായി കോൺഗ്രസ് നേതാക്കൾ അങ്ങനെയൊരു അബദ്ധം കാട്ടാറില്ല. സിനിമാ നോട്ടീസാണ് അവരുടെ വിശ്വോത്തര കൃതി. സുധാകരൻ സഖാവ് മറ്റൊരു കാര്യം പറഞ്ഞു- ഷാനിമോളും യു.ഡി.എഫും വട്ടപ്പൂജ്യമാണെന്ന്! ഹൃദയഭേദകമായ ഇത്തരം വാക്കുകൾക്ക് മറുപടി തയാറാക്കാൻ വേണ്ടി ഹസൻജി ജലപാനമില്ലാതെ മുറിയടച്ചിരിക്കുകയാണത്രേ!

Latest News