Sorry, you need to enable JavaScript to visit this website.
Wednesday , June   03, 2020
Wednesday , June   03, 2020

പരസ്യത്തിന്റെ വ്യാകരണം

പരസ്യം എന്തിനുവേണ്ടിയാകാം എന്നു ചോദ്യം.  എന്തിനുവേണ്ടിയുമാകാം എന്ന് ഉത്തരം. നിലവിൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പൊലിസുകാരനായ ജേക്കബ് തോമസ്, ഒരു പക്ഷേ അറിയാതെയാകാം, കഴിഞ്ഞ ദിവസം കൊള്ളാവുന്ന  ഒരു പരസ്യവാക്യം രചിക്കുകയുണ്ടായി. വ്യാകരണദാർഢ്യവും അലങ്കാരഭംഗിയും ഒത്തിണങ്ങിയ ഒരു വാക്യം.
ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ആയിരുന്നു വേദി.  അതിന്റെ അധ്യക്ഷപദവിയിൽ ജേക്കബ് തോമസ് അവരോധിക്കപ്പെടുന്നതായിരുന്നു സന്ദർഭം.  ഏറ്റവും മുതിർന്ന പൊലിസ് ഉദ്യോഗസ്ഥനെ നിയമപാലനവുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഒരു ലാവണത്തിൽ കുറ്റിയടിച്ചുനിർത്തുന്നതെന്തിനെന്ന് ആരും ചോദിക്കില്ല. 
എല്ലാവർക്കുമറിയാം, പറ്റുമായിരുന്നെങ്കിൽ ജേക്കബ് തോമസിനെ ഒരു പദവിയും കൊടുക്കാതെ പറ്റിച്ചേനെ നമ്മുടെ മുഖ്യമന്ത്രി. ചട്ടവും കോടതിയുമൊക്കെ അതിന് ഇടങ്കോലിട്ടു. ഇപ്പോഴിതാ കറിക്കത്തിയും കൊടുവാളും മറ്റും ഉണ്ടാക്കുന്ന ഒരു കൊച്ചു സ്ഥാപനത്തിൽ കൊച്ചാക്കി ഒതുക്കിയിരിക്കുന്നു. 
മുതിർന്ന ഉദ്യോഗം ഏൽപിക്കാവുന്ന ഒരാളെ കൊച്ചാക്കുമ്പോൾ താൻ തന്നെയാണ് കൊച്ചാവുന്നതെന്ന് അറിയാനുള്ള മനസ്സിന്റെ വലിപ്പം പിണറായി വിജയന് ഇല്ലതെ പോയല്ലോ എന്ന് കത്തി അരയിൽ തിരുകി നടക്കാത്ത ചിലരെങ്കിലും കഷ്ടം വെച്ചെന്നിരിക്കും.
എന്തായാലും, മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ ആയി സ്ഥാനമേൽക്കേ ജേക്കബ് തോമസ് തന്നെ മൂർച്ചയുള്ള പരസ്യവാക്യം ഒന്നുരണ്ടെണ്ണം ഉന്നയിക്കുകയുണ്ടായി.  'നൂറ്റൊന്നു വെട്ടിയാലും വായ്ത്തല മടങ്ങാത്ത വാൾ' എന്നായിരുന്നു പദാവലി.  താൻ പുതുതായി ചുമതല ഏറ്റെടുത്ത സ്ഥാപനം ഉണ്ടാക്കുന്ന കൊടുവാളിന്റെ മൂർച്ച ജേക്കബ് തോമസ് തൊട്ടുനോക്കുന്നതായിരുന്നു പ്രാസനിബദ്ധമായ പരസ്യവാക്യത്തോടൊപ്പമുള്ള ചിത്രം. 
വെട്ടിക്കൊന്നാൽ പോരാ, നൂറ്റൊന്നു വെട്ടിക്കൊല്ലണം വിപ്ലവത്തിന്റെ സങ്കൽപം പുലരണമെങ്കിൽ എന്നൊരു വ്യംഗ്യം, അഭിനവഗുപ്തന്റെ മുറപ്രകാരം തന്നെ, ആ പരസ്യവാക്യത്തിൽ കുത്തിക്കയറ്റാൻ ജേക്കബ് തോമസ് ശ്രദ്ധിച്ചിരിക്കുന്നു. വാടകക്കൊലയാളികളായാലും സന്നദ്ധഭടന്മാരായാലും, കേമത്തം കിട്ടണമെങ്കിൽ വെട്ടു പലതുവേണമെന്നു തന്നെ നിബന്ധന.  അത്രയൊക്കെ അധ്വാനിച്ചാലേ ഉദ്ദേശിച്ച ഫലം ഉണ്ടാവുകയുള്ളു എന്നു വരുന്നത് കൊലയാളിക്കും കൊലക്കത്തിക്കും ഒരു പോലെ പേരു ദോഷം വരുത്തും.
ഒരു നിമിഷം വാക്കുകളുടെ വേറൊരു കൊമ്പിലേക്ക് കുതിച്ചുനോക്കട്ടെ.  ഡൽഹിയിലെ തിരക്കേറിയ തെരുവുകളിലൂടെ ചീറിപ്പായുന്ന ബസ്സുകളിൽ ഇരുന്നാൽ പാട്ടു കേൾക്കുകയും കവിത വായിക്കുകയും ചെയ്യാമായിരുന്ന ഒരു കാലം ഓർത്തു പോകുന്നു. യാത്രക്കിടയിലെ വായനക്കുവേണ്ടി ബസ്സ് ഉടമയും ജീവനക്കാരും  കരുതിവെച്ചിരുന്നത് ദർശനവും പ്രണയവും അലിഞ്ഞു ചേർന്ന ഉർദു സാഹിത്യം. ചിലപ്പോൾ അതു തന്നെ ഈണത്തിൽ ആലപിക്കുന്നതും കേൾക്കാം.
അതിൽനിന്ന് ഒരു പല്ലവി ഇങ്ങനെ മലയാളത്തിൽ മൊഴി മാറ്റി ചൊല്ലാം. ന കാത്തിൽ ബുരാ ഹേ, ന ശംശീർ ബുരീ...കൊലയാളി ചീത്തയല്ല, ആയുധം ചീത്തയല്ല,  ചെയ്തി ചീത്തയാണെന്റെ വിധിയും...ഘാതകന്റെ വ്യഥയും അന്യവൽക്കരണവും ആവിഷ്‌ക്കരിക്കുകയും അത് പരസ്യത്തിലേക്ക് ആവേശിപ്പിക്കുകയും ചെയ്തതുപോലെ തോന്നി ജേക്കബ് തോമസിന്റെ സ്ഥാനാരോഹണപ്രസംഗം വായിച്ചപ്പോൾ.
അരിവാളും വടിവാളും വേണ്ടുവോളം ഉണ്ടാക്കി കൃഷിക്കാർക്കും മറ്റുള്ളവർക്കും വിറ്റു കാശുണ്ടാക്കുകയും അതുവഴി കൂടുതൽ കൂടുതൽ മൂലധനം സമാഹരിക്കുകയുമായിരിക്കും തന്റെ ദൗത്യമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. ഉൽപന്നം വിറ്റഴിയണമെങ്കിൽ അതു നന്നായാൽ മാത്രം പോരാ നല്ലതെന്ന് നാലാളെക്കൊണ്ട് പറയിക്കുകയും വേണം. പണ്ടാരോ തട്ടിവിട്ടതുപോലെ, പുതിയ യുഗത്തിൽ എന്തും ഏതും വിൽപനക്കുള്ളതത്രേ, വിൽപനയോ ലാഭത്തിനു വേണ്ടിയും. 
എന്നാലും ഒരു ചോദ്യം വീണ്ടും വീണ്ടും ഇഴഞ്ഞു വരുന്നു. കൊടുവാളിനും കഠാരിക്കും പരസ്യം വേണോ, 'നൂറ്റൊന്നു വെട്ടിയാലും വായ്ത്തല മടങ്ങാത്ത'തെന്നും മറ്റും. വികസനത്തിന്റെ വിപ്ലവഘട്ടത്തിൽ അതും വേണ്ടിവരുമെന്ന് തെളിയിക്കുന്നതാണ് ജേക്കബ് തോമസിന്റെ സന്ദേശം. വെട്ടാൻ വാൾ വേണം, വാളായാൽ പ്രദർശിപ്പിക്കണം, നൂറ്റൊന്നു വെട്ടിനെ ഓർമ്മപ്പെടുത്തണം.
ഒരു കാര്യം തെളിച്ചു പറയട്ടെ.  ചിത്രത്തിൽ വാൾക്കമ്പനിയുടെ പുതിയ പൊലിസ് മേധാവി തൊട്ടു മൂർച്ച നോക്കുന്ന ആയുധം ആളെ കൊല്ലാനുള്ളതു മാത്രമല്ല, വാഴയും തേങ്ങാക്കുലയും വെട്ടിനുറുക്കാനുള്ളതുകൂടിയാകുന്നു. വ്യക്തമായ ഒരാവശ്യത്തിനുവേണ്ടി പണിതെടുക്കുന്ന ഒരു സാധനം വേറെ ചില വികൃതികൾക്കും ഉപയോഗിക്കാമല്ലോ. 'തലയിൽ ചവിട്ടുന്ന കാലിൽ ഈശനെ കാണുന്ന' മാനസികാനുഭവം ഓർമ്മയുണ്ടല്ലോ. 
കൊടുവാൾ കൊല്ലാനുള്ളതല്ല എന്നു ചുരുക്കി പറയാം.  പക്ഷേ നൂറ് ഉപയോഗങ്ങളുള്ള യൂറേക്ക വാക്വം ക്ലീനർ പോലെ, അമ്പതെങ്കിലും ഉപയോഗം അവകാശപ്പെടുന്ന സ്വിസ് കത്തി പോലെ, ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിന്റെ വാൾ മുതലായ ഉൽപന്നങ്ങൾക്കും ഉപയോഗം പലതാകാം. 
അതൊക്കെ പരസ്യപ്പെടുത്തുകയും വേണം. ആ വഴി കടന്നുപോകുന്നവരെക്കൊണ്ടെല്ലാം ഓരോരോ വാൾ വാങ്ങിപ്പിക്കുകയായിരിക്കണം ലക്ഷ്യം. 
വാൾ വാഴക്കുല വെട്ടാൻ കൂടിയുള്ളതാണെങ്കിലും കഠാര അങ്ങനെയല്ല. കഠാരയും കത്തറും തമ്മിൽ സ്വരസാദൃശ്യം സ്ഥാപിക്കുന്ന ഒരു വ്യാഖ്യാനം കേട്ടതോർക്കുന്നു. കഠാരയുടെ പരസ്യം എവിടെയും കണ്ടതോർമ്മയില്ല. ആത്മരക്ഷക്കുവേണ്ടി കൈവശം വെക്കുന്ന കഠാര ചിലപ്പോൾ അലങ്കാരമാകാം. 'ഉയിരിൻ കൊലക്കുരുക്കാവും കയറിനെ ഊഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലോ ജയം' എന്ന് കവിയുടെ ആത്മസാന്ത്വനം. 
കൈത്തോക്ക് ഇറങ്ങിയപ്പോൾ കഠാരയുടെ ഉപയോഗത്തിന് ഊനം തട്ടി. ഒരിക്കൽ പോലും ഒരു കുത്തു പോലും ഏൽപിക്കാത്ത കഠാരകൾ എത്രയോ കാണും.  തോക്ക് സംഘടിപ്പിക്കാനുള്ള ബദ്ധപ്പാടൊന്നും കഠാര കൈവശം വെക്കാനില്ല. ആരെയും കൊന്നൊടുക്കാതെയും ഒരലങ്കാരമായി കൊണ്ടു നടക്കാം. നിവൃത്തിയുണ്ടെങ്കിൽ പൊന്നുകൊണ്ടാകാം. ഇല്ലെങ്കിൽ പൊന്നു പൂശാം. കൊല്ലാനുള്ള ആയുധമാണെങ്കിലും പൊന്നുകൊണ്ടായാൽ കാണുന്ന ഗമ ഒന്നു വേറെത്തന്നെ. പിന്നെ, കളിക്കാനും കാഴ്ചക്കും മാത്രം ഉദ്ദേശിച്ചുള്ളതായാലും, കഠാര, സങ്കൽപംകൊണ്ടും ആകൃതികൊണ്ടും, ഹിംസയെ, മനസ്സിന്റെ വികൃതിയെ, ഓർമ്മപ്പെടുത്തുന്നു. അപ്പോൾ ഉരുത്തിരിഞ്ഞുവരുന്ന ചോദ്യം ഇതാണ്: കഠാരക്കും പരസ്യം വേണോ?
വേണം, നിർമാണം വാണിജ്യാടിസ്ഥാനത്തിലാവുമ്പോൾ. പണം മുടക്കി ഉണ്ടാക്കി വിൽക്കുന്ന ഏതു സാധനത്തിനും പരസ്യം വേണം. കഠാര പോലെ ഉപയോഗപ്രദമായ സാധനമായാലും ഒരു ഉപയോഗവുമില്ലാത്ത സാധനമായാലും പരസ്യം വഴി അതിന് പുതിയൊരു മാനവും മൂല്യവുമുണ്ടാവുന്നു. എന്തെല്ലാം പരസ്യത്തിനെത്തുന്നു എന്നു നോക്കിയാവും പലപ്പോഴും വികസനത്തിന്റെ ആക്കം അളക്കുക. 
ചിലപ്പോൾ പണ്ട് അവശ്യം വേണ്ടിയിരുന്ന സാധനങ്ങൾ പരസ്യപംക്തികളിൽനിന്ന് പുറത്താകാം. ഉദാഹരണമായി, പണ്ട് നമ്മൾ പരിചയിച്ച 'ആന്ധ്രയിൽനിന്നു വരുന്ന ആണിരോഗവിദഗ്ധ'നെ ഇപ്പോൾ കാണാറില്ല.  ഇപ്പോൾ ഫോണിനും കാറിനും സന്ധിവേദനക്കുമാണ് പരസ്യവിപണിയിലെ മുഖ്യഭാഗം. വേണ്ടാത്തത് കൂടിയേ തീരൂ എന്നു തോന്നിപ്പിക്കുന്നതാണ് പരസ്യം. പരസ്യക്കാർ പറയും, രണ്ടു വലിയ പരസ്യങ്ങൾക്കിടയിൽ തിരുകിക്കയറ്റുന്ന വാക്ശകലങ്ങളാണ് വാർത്ത. വാൾ വിപണിയിൽ ഇറങ്ങുമ്പോൾ ജേക്കബ് തോമസിന് ഈ സുഭാഷിതങ്ങൾ ഓർക്കാം.

Latest News