ബാബരി കേസ്: ചോദ്യങ്ങളെല്ലാം മുസ്ലിം കക്ഷികളോട് മാത്രം എന്തുകൊണ്ട്? സുപ്രീം കോടതിയോട് അഭിഭാഷകന്‍

ന്യുദല്‍ഹി- അയോധ്യയിലെ ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീം കോടതി ബെഞ്ച് വാദം കേള്‍ക്കുന്നത് അവസാന ഘട്ടത്തില്‍. കേസില്‍ മുസ്ലിം കക്ഷികളുടെ വാദം കേള്‍ക്കല്‍ അവസാനിക്കുന്ന ദിവസമായ ഇന്ന് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതി മുമ്പാകെ ഒരു ചോദ്യം ഉന്നയിച്ചു. എന്തുകൊണ്ടാണ് എല്ലാ ചോദ്യങ്ങളും തനിക്കു നേരേ മാത്രം വന്നതെന്നും മറ്റുള്ളവരോട് ചോദിച്ചില്ലെന്നുമായിരുന്നു രാജീവ് ധവാന്റെ ചോദ്യം. 'ഈ വാദം കേള്‍ക്കലില്‍ വളരെ ആശ്ചര്യകരമായ ഒരു കാര്യം ഞാന്‍ ശ്രിദ്ധിച്ചു. എല്ലാം ചോദ്യങ്ങളും എന്റെ നേര്‍ക്കു മാത്രമാണ് വന്നത്. മറുകക്ഷിയോട് അല്ല. ഏതാനും ചോദ്യങ്ങള്‍ ബഹുമാനപ്പെട്ട കോടതിക്ക് അവരോടും ചോദിക്കാമായിരുന്നു' അദ്ദേഹം കോടതിയില്‍ പറഞ്ഞു.

എന്നാല്‍ കോടതി ഈ ചോദ്യം അവഗണിച്ചു. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കേണ്ടി വരുമെന്നു മാത്രമാണ് മുസ്ലിം കക്ഷികള്‍ക്കു വേണ്ടി ഹാജരാകുന്ന രാജീവ് ധവാന് കോടതി നല്‍കിയ മറുപടി.  രാജീവ് ധവാന്റേത് അനാവശ്യ പ്രസ്താവനയാണെന്ന് രാം ലല്ലയ്ക്കു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ പറഞ്ഞു. എന്നാല്‍ ഈ പ്രതികരണത്തോട് ധവാന്‍ തിരച്ചടിച്ചു. 'അത് അനാവശ്യമല്ല ചോദ്യമല്ല. എന്നിക്കു നേരെ വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ എല്ലാ ചോദ്യങ്ങളും ഞങ്ങളോട് മാത്രം എന്തുകൊണ്ടാണ്?'- ധവാന്‍ തിരിച്ചു ചോദിച്ചു.

Latest News