Sorry, you need to enable JavaScript to visit this website.

പ്രതിച്ഛായ മോശമാക്കാൻ ശ്രമം; ആനക്കൊമ്പ് കേസിൽ മോഹൻലാൽ കോടതിയിൽ

കൊച്ചി- ആനക്കൊമ്പ് കേസിൽ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിനു മുൻകാല പ്രാബല്യത്തോടെ അനുമതിയുള്ളതിനാൽ വനംവകുപ്പ് തനിക്കെതിരെ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാംപ്രതിയാണെന്നു കാണിച്ച് കഴിഞ്ഞമാസമാണ് പെരുമ്പാവൂർ കോടതിയിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്.

ആനക്കൊമ്പ് കൈവശം വെയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ മുഖ്യ വനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നും കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും വ്യക്തമാക്കി പെരുമ്പാവൂർ സ്വദേശി പൗലോസ് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു മോഹൻലാൽ സത്യവാങ്മൂലം നൽകിയത്.ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് എനിക്ക് അനുമതിയുണ്ട്. ലൈസൻസിന് മുൻകാല പ്രാബല്യമുണ്ട്. അതുകൊണ്ടുതന്നെ ആനക്കൊമ്പ് സൂക്ഷിക്കുന്നതിൽ നിയമതടസ്സമില്ലെന്നും കുറ്റപത്രം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും പൊതുജന മധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്നും മോഹൻ ലാൽ പറഞ്ഞു. 2012ലാണ് മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏഴുവർഷത്തിനു ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
 

Latest News