Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് കൂടുതൽ യു.എസ് ആയുധ സന്നാഹം

 

  • മൂവായിരം സൈനികർക്ക് പിന്നാലെ പാട്രിയറ്റ് മിസൈൽ സംവിധാനങ്ങളും എത്തുന്നു, 
  • മേഖലാ സുരക്ഷക്ക് അതീവ പ്രാധാന്യമെന്ന് സൗദി

റിയാദ്- മേഖലയുടെ സുരക്ഷ ലക്ഷ്യമിട്ട് കൂടുതൽ അമേരിക്കൻ സൈനികർക്ക് പിന്നാലെ പാട്രിയറ്റ് മിസൈൽ സന്നാഹങ്ങളും സൗദിയിലെത്തും. രണ്ടു പാട്രിയറ്റ് മിസൈൽ ബാറ്ററികളും ഒരു താഡ് ബാലിസ്റ്റിക് മിസൈൽ ഇന്റർസെപ്ഷൻ സംവിധാനവും രണ്ടു യുദ്ധ സൈനിക വിഭാഗങ്ങളും ഒരു വ്യോമ നിരീക്ഷണ വിഭാഗവും സൗദിയിൽ വിന്യസിക്കുന്നതിന് അമേരിക്കൻ പ്രതിരോധ മന്ത്രി മാർക് എസ്പർ അനുമതി നൽകിയിട്ടുണ്ട്. 
സായുധ സേനാ സുപ്രീം കമാണ്ടർ കൂടിയായ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശമനുസരിച്ചാണിതെന്ന് സൗദി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 
സൗദിയിൽ മൂവായിരം സൈനികരെയും കൂടുതൽ ആയുധങ്ങളും അധികം വിന്യസിക്കുന്നതിന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ പ്രതിരോധ ശേഷി ഉയർത്തുന്നതിന് ശ്രമിച്ചാണ് കൂടുതൽ അമേരിക്കൻ സൈനികരെയും ആയുധങ്ങളും അമേരിക്ക വിന്യസിക്കുന്നത്. 
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിലും, മേഖലാ സുരക്ഷ സംരക്ഷിക്കുന്നതിനുമാണ് കൂടുതൽ യു.എസ് സൈനികരെ അനുവദിക്കുന്നതെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. മേഖലയുടെ സുരക്ഷയിൽ സൗദി അറേബ്യയുടെ ആഗ്രഹവും ശ്രദ്ധയും അമേരിക്കയും പങ്കുവെക്കുന്നു. അമേരിക്കയുമായുള്ള സൈനിക പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപ്രധാനവുമായ ബന്ധങ്ങളുടെ തുടർച്ചയാണ്. ആഗോള സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതിനെ സൗദി അറേബ്യ കാണുന്നതെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 
സൗദി അറേബ്യയിൽ 200 സൈനികരെയും പാട്രിയറ്റ് മിസൈൽ ബാറ്ററിയും നാലു റഡാർ സംവിധാനങ്ങളും വിന്യസിക്കുമെന്ന് കഴിഞ്ഞ മാസാവസാനം പെന്റഗൺ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൗദിയിലേക്ക് കൂടുതൽ സൈനികരെയും ആയുധങ്ങളും അമേരിക്ക അയക്കുന്നത്. ഇറാൻ ഉയർത്തുന്ന കടുത്ത ഭീഷണികളുടെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യയും അമേരിക്കയും പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുന്നത്. കഴിഞ്ഞ മാസം പതിനാലിന് കിഴക്കൻ സൗദിയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്നാണ് സൗദി അറേബ്യയും പാശ്ചാത്യ രാജ്യങ്ങളും പറയുന്നത്. സമീപ കാലത്ത് അറേബ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടും പല തവണ ആക്രമണങ്ങളുണ്ടായി. ഈ ആക്രമണങ്ങൾക്കു പിന്നിലും ഇറാനും ഇറാൻ സഹായത്തോടെ പ്രവർത്തിക്കുന്ന മിലീഷ്യകളുമാണെന്നാണ് കരുതുന്നത്. ഭാവിയിൽ സമാനമായ ആക്രമണങ്ങൾ നടത്തുന്നതിൽനിന്ന് ഇറാനെ ചെറുക്കുന്നതിനാണ് സൗദിയിൽ അമേരിക്ക കൂടുതൽ സൈനികരെയും ആയുധങ്ങളും വിന്യസിക്കുന്നത്. 
മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ പൂർണ തകർച്ചക്കും എണ്ണ വില കുതിച്ചുയരുന്നതിനും ഇടയാക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ അമേരിക്കൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ 30 ശതമാനവും മേഖലയിൽ നിന്നാണ്. ആഗോള വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഇതിലൂടെയാണ്. ലോകത്തെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ നാലു ശതമാനവും മേഖലയുടെ വിഹിതമാണ്. അതുകൊണ്ടു തന്നെ ഇറാനെതിരായ സൈനിക നടപടി ഒഴിവാക്കാനാണ് ശ്രമമെന്നും കിരീടാവകാശി പറഞ്ഞു. 
യുദ്ധത്തിനു പകരം ഇറാനെതിരെ സാമ്പത്തിക, നയതന്ത്ര ഉപരോധമേർപ്പെടുത്തുന്നതാണ് കൂടുതൽ ഉചിതമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദിയിൽ കൂടുതൽ അമേരിക്കൻ സൈനികരെയും ആയുധങ്ങളും വിന്യസിക്കുന്നതിനുള്ള തീരുമാനത്തെ ബഹ്‌റൈൻ സഹർഷം സ്വാഗതം ചെയ്തു. 

 

Latest News