ന്യൂദല്‍ഹി- അയോധ്യയില്‍ ഡിസംബര്‍ പത്ത് വരെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെയാണ് സുപ്രധാന നടപടി. അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാര്‍ ഝായാണ് ഉത്തരവിട്ടത്. ദീപാവലി ഉത്സവത്തിന്റെ പശ്ചാത്തലത്തിലും സുപ്രീം കോടതി വിധി വരാനിരിക്കുന്നതിനാലുമാണ് ക്രമസമാധാന പരിപാലനം ഉദ്ദേശിച്ച് സെക്ഷന്‍ 144 അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ഈ മാസം 17 നാണ് അയോധ്യ കേസില്‍ വാദം പൂര്‍ത്തിയാകുക. നവംബര്‍ 18 നകം വിധി വരുമെന്നാണ് കരുതുന്നത്.
ദസറ അവധിക്ക് ശേഷം ഇന്ന് സുപ്രീം കോടതി കേസില്‍ വീണ്ടും വാദം കേട്ടുതുടങ്ങും.