Sorry, you need to enable JavaScript to visit this website.

മോഡിയുടെ 56 ഇഞ്ച് നെഞ്ചില്‍ അലിവുള്ള ഹൃദയമില്ല- സിദ്ധരാമയ്യ

ബംഗളൂരു- അടുത്ത വര്‍ഷം വീണ്ടും ജനവിധി തേടുന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ സമയം കണ്ടെത്തിയ പ്രധാനമന്ത്രി മോഡിക്ക് കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കിട്ടിയില്ലെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കെ. സിദ്ധരാമയ്യ ആരോപിച്ചു. ബി.ജെ.പി
ഫാസിസ്റ്റ്, സ്വേച്ഛാധിപത്യ ഭരണമാണ് തുടരുന്നതെന്നും നിയമസഭാ സ്പീക്കറുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ സംസ്ഥാനത്ത് അഭൂതപൂര്‍വമായ വെള്ളപ്പൊക്കവും ചില ഭാഗങ്ങളില്‍ വരള്‍ച്ചയുമാണ് അനുഭവപ്പെട്ടത്. 60 ദിവസത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കിയത് വെറും 1,200 കോടി രൂപയാണ്. നാശനഷ്ടം ഒരു ലക്ഷം കോടിയിലേറെ വരുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
മോഡി കര്‍ണാടക സന്ദര്‍ശിച്ചില്ലെന്നും പകരം വിദേശ രാജ്യങ്ങളില്‍ പര്യടനം നടത്തുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വേണ്ടി പ്രചാരണത്തിനു പോലും അദ്ദേഹം പോയിരുന്നുവെന്ന് ചിക്കമംഗളൂരുവില്‍ സിദ്ധ രാമയ്യ മാധ്യമപ്രവര്‍ത്തകരോട്  പറഞ്ഞു.
ബീഹാറില്‍ വെള്ളപ്പൊക്കം ഉണ്ടായ ഉടന്‍ നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. കര്‍ണാടകയില്‍ 90 ഓളം മരണങ്ങള്‍ നടന്നപ്പോള്‍ അദ്ദേഹം സഹതാപം പോലും പ്രകടിപ്പിച്ചില്ല. സംസ്ഥാനത്തെ 22 ജില്ലകളിലെ 103 താലൂക്കുകളിലായി 2,798 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. ഏഴ് ലക്ഷത്തോളം പേരെയാണ് സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിയത്.
56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് നരേന്ദ്ര മോഡി അവകാശപ്പെടുന്നു. അമ്മയ്ക്ക് സമാനമായ ഹൃദയമില്ലാതെ വലിയ നെഞ്ച് ഉള്ളതുകൊണ്ടാണ് എന്താണ് പ്രയോജനം. ദരിദ്രരോടും കര്‍ഷകരോടും അലിവുള്ള  ഒരു ഹൃദയം വളരെ പ്രധാനമാണ്. സംസ്ഥാനത്തിന് അര്‍ഹമായ ആശ്വാസം ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ട 25 ബി.ജെ.പി എം.പിമാരെ എന്തിനുവേണ്ടി തെരഞ്ഞെടുത്തുവെന്ന് അദ്ദേഹം ചോദിച്ചു. ഉഡുപ്പി ചിക്മംഗളൂര്‍ എം.പി ശോഭ കരന്ദ്‌ലാജെക്കെതിരെ പ്രതിഷേധിച്ചവര്‍ വീണ്ടും അവരെ എങ്ങനെ തെരഞ്ഞെടുത്തുവെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.  തന്റെ നിയോജകമണ്ഡലത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ എം.പി പരാജയപ്പെട്ടെന്ന്  അദ്ദേഹം ആരോപിച്ചു.
കേന്ദ്രം ഫണ്ട് അനുവദിക്കാന്‍ വൈകുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ,  ഇടക്കാല ആശ്വാസമായി 1,200 കോടി രൂപ ഈയിടെ കര്‍ണാടകക്ക് അനുവദിച്ചിരുന്നു.  35,160.81 കോടി രൂപയുടെ നാശനഷ്ട കണക്കാണ് സംസ്ഥാനം നല്‍കിയിരുന്നത്.
നിയമസഭാ സമ്മേളനത്തിന്റെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന്  ഇലക്ട്രോണിക്, അച്ചടി മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത് സ്പീക്കറും സംസ്ഥാന സര്‍ക്കാരും ഒത്തുചേര്‍ന്നാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ബിജെപി വിശ്വസിക്കുന്നില്ലെന്നാണ് ഇതിനര്‍ഥം. ഫാസിസത്തിലും സ്വേഛാധിപത്യത്തിലുമാണ് അവര്‍ വിശ്വസിക്കുന്നത്.   ഹിറ്റ്‌ലറും ഉപയോഗിച്ചിരുന്നതും ഇതേ കാര്യമാണ് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News