Sorry, you need to enable JavaScript to visit this website.

ഭീകരത നേരിടാന്‍ പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയക്കാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍ണാല്‍- പാക്കിസ്ഥാന്‍ മണ്ണിലെ തീവ്രവാദികളെ നേരിടുമെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പറയുന്നത് ഗൗരവത്തോടെയാണെങ്കില്‍ ഇന്ത്യന്‍ സൈന്യത്തെ സഹായത്തിന് അയക്കാമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഹരിയാനയിലെ കര്‍ണാലില്‍ പൊതുസമ്മേളനത്തെ അഭിംസംബോധന ചെയ്യുകയായുരന്നു രാജ്‌നാഥ് സിംഗ്.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന് ഖാന്  ഒരു നിര്‍ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിരോധമന്ത്രിയുടെ സഹായ വാഗ്ദാനം. ഭീകരതക്കെതിരെ പോരാടുമെന്ന് നിങ്ങള്‍ പറയുന്നത്  ഗൗരവത്തോടെയാണെങ്കില്‍  ഞങ്ങള്‍ നിങ്ങളെ സഹായിക്കാന്‍ തയ്യാറാണ്. ഞങ്ങളുടെ സൈന്യത്തെ വേണമെങ്കില്‍ സഹായത്തിനായി അയക്കാം- രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുക്കാനാണ് മന്ത്രി ഹരിയാനയിലെത്തിയത്.  ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മൂന്ന് റാലികളെ അദ്ദേഹം അഭിസംബോധന ചെയ്തു.
എല്ലാ പ്രസംഗങ്ങളിലും കശ്മീര്‍ നിലപാടിന്റെ പേരില്‍ ഇംറാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നാണ് ഇംറാന്‍ ഖാന്‍ പറയുന്നത്. അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിക്കുന്നത് തുടരുമെന്നും പറയുന്നു. എന്നാല്‍ കശ്മീരിനെ കുറിച്ച് ചിന്തിക്കാന്‍ പോലും പാടില്ലെന്നാണ് ഇംറാന്‍ ഖാനോട് പറയാനുള്ളതെന്നും കശ്മീരിന്റെ പേരില്‍ ആര്‍ക്കും തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
പാക്കിസ്ഥാന് എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കില്‍  ഉചിതമായ മറുപടി നല്‍കാന്‍ രാജ്യത്തിന് കഴിവുണ്ടെന്നും രാജ്‌നാഥ് സിംഗ്  പറഞ്ഞു.
ചിന്താഗതിയില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ പാക്കിസ്ഥാന്‍ പല ഭാഗങ്ങളായി വിഭജിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നേരത്തെ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ട പാക്കിസ്ഥാന്‍ ഇനി പല ഭാഗങ്ങളായി വിഭജിക്കപ്പെടുമെന്നാണ് പാക്കിസ്ഥാന് നല്‍കാനുള്ള സന്ദേശമെന്ന് രാജ് നാഥ് സിംഗ് പറഞ്ഞു.
സത്യസന്ധമായി പ്രവര്‍ത്തിക്കാനും ഭീകരത ഇല്ലാതാക്കാനും സാഹോദര്യം നിലനിര്‍ത്താനുമാണ് പാക്കിസ്ഥാനോട് ആവശ്യപ്പെടാനുള്ളത്.  അയല്‍രാജ്യങ്ങള്‍ സൗഹൃദത്തോടെ നീങ്ങണമെന്നാണ്  ഇന്ത്യ ആഗ്രഹിക്കുന്നത്.  പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെ സത്യസന്ധമായി പോരാടുന്നില്ലെങ്കില്‍, മതമൗലിക ശക്തികളോട് പോരാടാനുള്ള കഴിവ് ഇന്ത്യക്കുണ്ട്- രാജ്‌നാഥ് സിംഗ് ഓര്‍മിപ്പിച്ചു.

 

Latest News