Sorry, you need to enable JavaScript to visit this website.

ടാക്‌സി മേഖലയിലേക്ക് കൂടുതല്‍ സൗദികള്‍; 13,345 പേര്‍ക്ക് വായ്പ നല്‍കി

റിയാദ് - ടാക്‌സി സർവീസ് അടക്കം ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നതിന് 13,345 സൗദി യുവാക്കൾക്ക് സാമൂഹിക വികസന ബാങ്ക് വായ്പകൾ അനുവദിച്ചതായി കണക്ക്. 


സ്വയം തൊഴിൽ പദ്ധതിയെന്ന നിലയിൽ ടാക്‌സികളും സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ വാനുകളും വാങ്ങുന്നതിനാണ് ബാങ്ക് ഇത്രയും പേർക്ക് വായ്പകൾ അനുവദിച്ചത്. 


ടാക്‌സി സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ കാറുകൾ വാങ്ങുന്നതിന് സാമൂഹിക വികസന ബാങ്ക് വായ്പകൾ ഇനിയും അനുവദിക്കും. 
 ടാക്‌സികൾ വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം റിയാൽ വരെയും സ്മാർട്ട് ഫോൺ ആപ്പുകൾ അവലംബിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്‌സി മേഖലയിൽ ജോലി ചെയ്യുന്നതിന് പരമാവധി ഒന്നര ലക്ഷം റിയാൽ വരെയും സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ വാനുകൾ വാങ്ങുന്നതിന് പരമാവധി രണ്ടു ലക്ഷം റിയാൽ വരെയുമാണ് ലഘു വായ്പകൾ നൽകുന്നത്. 


വായ്പാ അപേക്ഷകൾ സാമൂഹിക വികസന ബാങ്ക് വെബ്‌സൈറ്റ് വഴി ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. അപേക്ഷകർ സൗദി പൗരന്മാരായിരിക്കണമെന്നും പ്രായം 21 ൽ കുറവാകാനും 60 ൽ കൂടാനും പാടില്ലെന്നും വ്യവസ്ഥയുണ്ട്. വായ്പയോടെ വാങ്ങുന്ന ടാക്‌സി കാറുകളും വാനുകളും ഗുണഭോക്താക്കൾ സ്വന്തം നിലക്ക് ഓടിക്കണമെന്നും വ്യവസ്ഥയുണ്ട്. സാമൂഹിക വികസന ബാങ്കിൽ നിന്നുള്ള മറ്റൊരു വായ്പക്കും ടാക്‌സി പദ്ധതി വായ്പക്കും ഒരുമിച്ച് അപേക്ഷ നൽകുന്നതിന് വിലക്കുണ്ട്. മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവ് കുടിശ്ശികയാക്കിയവർക്കു ടാക്‌സി വായ്പ അനുവദിക്കില്ല. 


ഓൺലൈൻ ടാക്‌സി മേഖലയിൽ പ്രവർത്തിക്കുന്നതിന് കാറുകൾ വാങ്ങുന്നതിന് വായ്പക്ക് അപേക്ഷിക്കുന്നവർ ഓൺലൈൻ ടാക്‌സി കമ്പനികളുടെ ആപ്പുകൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം പൂർത്തിയാക്കിയത് വ്യക്തമാക്കുന്ന രേഖ ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. വായ്പയോടെ വാങ്ങുന്ന കാറുകൾ സാമൂഹിക വികസന ബാങ്കിന്റെ പേരിൽ രജിസ്റ്റർ ചെയ്യലും നിർബന്ധമാണ്. വായ്പക്ക് അപേക്ഷിക്കുന്ന സർക്കാർ ജീവനക്കാരുടെയും സൈനികരുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ വേതനത്തിന്റെ മൂന്നിലൊന്ന് പ്രതിമാസ തിരിച്ചടവ് തവണയേക്കാൾ കുറവാകാൻ പാടില്ല. കാറിന്റെ യഥാർഥ ഉപയോക്താവ് എന്നോണം ഗുണഭോക്താവിനെ രജിസ്റ്റർ ചെയ്യും. വായ്പ പൂർണമായും തിരിച്ചടക്കുന്നതു വരെ വാഹനത്തിന്റെ ഉടമസ്ഥാവകാശം ബാങ്കിന്റെ പേരിൽ തുടരും. ഒരു ലക്ഷം റിയാൽ വരെയുള്ള വായ്പക്ക് പ്രോസസിംഗ് ഫീസ് ആയി ആയിരം റിയാലും അതിൽ കൂടുതലുള്ള വായ്പക്ക് രണ്ടായിരം റിയാലും ഗുണഭോക്താക്കൾ അടക്കണം. 

 

Latest News