ഏറ്റവും സന്തുഷ്ടരായ മുസ്ലിംകള്‍ ഇന്ത്യയില്‍, കാരണം ഹിന്ദു സംസ്‌കാരമെന്ന് ആര്‍എസ്എസ് തലവന്‍

ഭുവനേശ്വര്‍- ലോകത്തെ ഏറ്റവും സന്തുഷ്ടരായ മുസ്ലിംകള്‍ ഇന്ത്യയിലാണെന്നും ഇതിനു കാരണം ഹിന്ദു സംസ്‌കാരമാണെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഹിന്ദു എന്നത് ഒരു മതമോ ഭാഷയോ അല്ല, ഒരു രാജ്യത്തിന്റെ പേരുമല്ല. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരുടേയും സംസ്‌കാരമാണെന്നു അദ്ദേഹം പറഞ്ഞു. വൈവിധ്യ സംസ്‌ക്കാരങ്ങളെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണിതെന്നും ഭാഗവത് പറഞ്ഞു. ഭുവനേശ്വറില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച അഖില്‍ ഭാരതീയ കാര്യകാരി മണ്ഡല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു രാജ്യങ്ങള്‍ വഴിതെറ്റിയപ്പോള്‍ സത്യം തേടിയാണ് ഇന്ത്യയിലെത്തിയത്. ജൂതര്‍ അലഞ്ഞുനടന്നപ്പോള്‍ അവര്‍ക്ക് അഭയം ലഭിച്ച ഒരേ ഒരു നാട് ഇന്ത്യയാണ്. പാര്‍സികള്‍ അവരുടെ മതം സ്വതന്ത്രമായി കൊണ്ടു നടക്കുന്നത് ഇന്ത്യയില്‍ മാത്രമാണ്. ഏറ്റവും സന്തുഷ്ടരായ മുസ്ലിംകള്‍ ഉള്ളതും ഇന്ത്യയിലാണ്. എന്തു കൊണ്ടാണിത്? കാരണം നാം ഹിന്ദുവായത് കൊണ്ടാണ്. ഇന്ത്യയില്‍ പലരും അവരുടെ ഹിന്ദു സ്വതം പുറത്തു പറയുന്നതില്‍ നാണിക്കുന്നവരാണ്. ചിലര്‍ അതില്‍ അഭിമാനിക്കുന്നു. ചിലര്‍ ആവര്‍ത്തിച്ച് ഇതു കേള്‍ക്കുന്നതില്‍ അസ്വസ്ഥതയുള്ളവരാണ്. ആര്‍എസ്എസ് ആരേയും വെറുക്കുന്നില്ലെന്നും സംഘടനയുടെ ലക്ഷ്യം ഹിന്ദുക്കളെ മാത്രമല്ല, സമൂഹത്തെ മൊത്തത്തിലുള്ള മാറ്റമാണെന്നും ഭാഗവത് പറഞ്ഞു. 

Latest News