പ്രതിരോധം ശക്തമാക്കാന്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ സൗദിയിലേക്ക്

റിയാദ്- കൂടുതല്‍ യു.എസ് സൈനികരെ വിന്യസിക്കാനും  ആയുധങ്ങള്‍ സ്വീകരിക്കാനും സൗദി അറേബ്യ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമാണ് തീരുമാനമെടുത്തത്.

മേഖലയില്‍ സമാധാനം ഉറപ്പാക്കാനും പ്രദേശത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കാനുമാണ് അമേരിക്കയുമായുള്ള സൗദിയുടെ സഹകരണം.  ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ബന്ധവും തന്ത്രപരമായ സഖ്യവും ശക്തിപ്പെടുത്തുന്നതാണ് പുതിയ തീരുമാനം.

സൗദിയില്‍ 3,000 അധിക സൈനികരെ വിന്യസിക്കാനും ആയുധങ്ങള്‍ നല്‍കാനും പെന്റഗണ്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. സൗദിയിലെ എണ്ണ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതാണ് പുതിയ നീക്കം.

രണ്ട് സ്‌ക്വഡ്രണ്‍ സൈനികര്‍ക്കും വ്യോമ  നിരീക്ഷ വിഭാഗത്തിനുംപുറമെ പാട്രിയറ്റ് മിസൈലുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും നല്‍കാന്‍ യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

 

Latest News