Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിയുമെന്ന് ലോക ബാങ്ക്

ന്യൂദല്‍ഹി- സാമ്പത്തിക മാന്ദ്യവുമായി പൊരുതുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് ആറു ശതമാനത്തിലേക്ക് ഇടിയുമെന്ന് ലോക ബാങ്ക് പ്രവചനം. 2018-19 സാമ്പത്തിക വര്‍ഷം 6.9 ശതമാനമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക്. സാമ്പത്തിക രംഗം പതിയെ തിരിച്ചുവന്ന് 2021ല്‍ 6.9 ശതമാനവും 2022ല്ഡ 7.2 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോക ബാങ്ക് റിപോര്‍ട്ട് പറയുന്നു. 

നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനമായി ഇടിഞ്ഞിരുന്നു. 2013 മാര്‍ച്ചിനു ശേഷം ആദ്യമായാണ് വളര്‍ച്ച് ഇത്ര താഴോട്ടു പോയത്. സമ്പദ് വ്യവസ്ഥ വളരെ മന്ദഗതിയിലായിരുന്ന 2013ല്‍ 4.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.

സാധനങ്ങള്‍ വാങ്ങുന്നതിനും വിവിധ സേവനങ്ങള്‍ക്കും വേണ്ടി ചെലവിടുന്നത് കുടുംബങ്ങള്‍ വെട്ടിക്കുറച്ചതാണ് വിപണിയില്‍ മാന്ദ്യത്തിന് മുഖ്യ കാരണങ്ങളിലൊന്ന്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യയുടെ വളര്‍ച്ച താഴോട്ടു പോയി. ഇതോടൊപ്പം കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിച്ചു വരികയാണെന്നും ലോക് ബാങ്ക് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഒരു രാജ്യം കയറ്റി അയക്കുന്ന ചരക്കുകളുടേയും സേവനങ്ങളുടേയും മൂല്യം ഇറക്കുമതി ചെയ്യുന്ന ചരക്കു, സേവനങ്ങളുടെ മൂല്യത്തെ മറികടക്കുന്ന സാഹചര്യമാണ് കറന്റ് അക്കൗണ്ട് കമ്മി. രാജ്യത്തിന്റെ വിദേശ ഇടപാടുകള്‍ക്കാണ് കറന്റ് അക്കൗണ്ട് എന്നു പറയുന്നത്. രാജ്യത്തിന്റെ വ്യാപാര സന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ഒരു മാനദണ്ഡമായാണ് കറന്റ് അക്കൗണ്ട് കമ്മിയെ കണക്കാക്കുന്നത്. ഇത് 2018-19 വര്‍ഷത്തില്‍ ജിഡിപിയുടെ 2.1 ശതമാനമായി വര്‍ധിച്ചിരുന്നു. മുന്‍ വര്‍ഷം 1.8 ശതമാനമായിരുന്നു. ഇത് വ്യാപാര സന്തുലിതാവസ്ഥ വഷളാകുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

Latest News