Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബുര്‍ക്കിന ഫസോയില്‍ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ഭീകരരുടെ കൂട്ടവെടിവെപ്പ്; 16 മരണം

ഒവാഗൊദൗഗവു- പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫസോയില്‍ പള്ളിയില്‍ നമസ്‌ക്കാരം നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ ആയുധധാരികള്‍ നടത്തിയ കൂട്ടവെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷബാധിത പ്രദേശമായ വടക്കന്‍ ബുര്‍ക്കിന ഫസോയിലെ സലമോസിയില്‍ ഗ്രാന്‍ഡ് മസ്ജിദില്‍ വെള്ളിയാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. 13 പേര്‍ സംഭവസ്ഥലത്തു വച്ചും മൂന്ന് പേര്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

സംഭവത്തെ തുടര്‍ന്ന് സമീപവാസികള്‍ വീടുകള്‍ ഒഴിഞ്ഞ് പോകാന്‍ തുടങ്ങിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ വീടുവിട്ടു പോയി. വെടിവെപ്പിനു പിന്നാലെ ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ആളുകള്‍ നാടുവിടുന്നത്. തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. രാജ്യത്തെ തീവ്രവാദവും വിദേശ സൈനികരുടെ സാന്നിധ്യവും ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ശനിയാഴ്ച ആയിരത്തോളം പേര്‍ തലസ്ഥാനമായ ഒവാഗൊദൗഗയില്‍ ഇതിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഭീകരവാദത്തിന്റെ പേരു പറഞ്ഞ് രാജ്യത്ത് വിദേശ സൈനിക താവളങ്ങള്‍ ഒരുക്കിക്കൊടുക്കയാണ് ഭരണകൂടമെന്നാണ് ഇവരുടെ ആരോപണം. ഭീകരതയ്‌ക്കെതിരെ പൊരുതാനെന്ന പേരില്‍ ഫ്രാന്‍സ്, അമേരിക്ക, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങളും അവരുടെ സൈന്യവും മേഖലയില്‍ കാലുറപ്പിച്ചിരിക്കുകയാണ്. വലിയ അളവില്‍ ഇവരുണ്ടായിട്ടും ഇവിടെ ഭീകരാക്രമണങ്ങള്‍ക്ക് ഒരു കുറവുമില്ല, കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു വരികയുമാണ്- പ്രതിഷേധ മാര്‍ച്ച് സംഘാടകരില്‍ ഒരാളായ ഗബിന്‍ കൊര്‍ബെഗോ പറഞ്ഞു.

സമീപ കാലത്ത് അല്‍ ഖഇദ, ഐഎസ് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ ബുര്‍ക്കിന ഫസോയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇവര്‍ അയല്‍രാജ്യമായ മാലിയില്‍ നിന്ന് നുഴഞ്ഞു കയറിവരാണെന്നാണ് റിപോര്‍ട്ട്. രാജ്യത്ത് പ്രത്യേകിച്ച വടക്കന്‍ മേഖലയില്‍ വംശീയ, മത സംഘര്‍ഷങ്ങള്‍ ഇളക്കിവിടുന്നതിനു പിന്നിലും ഇവരാണെന്നാണ് ആരോപണം.
 

Latest News