പഴയ കാർ വിപണി മാന്ദ്യത്തിന്റെ പിടിയിൽ

റിയാദ്- പഴയ (സെക്കന്റ് ഹാന്റ്) കാർ വിപണി രൂക്ഷമായ മാന്ദ്യത്തിന്റെ പിടിയിൽ. പഴയ കാറുകളുടെ വിൽപന 70 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന 30 ശതമാനത്തോളം സ്ഥാപനങ്ങൾ അടച്ചു പൂട്ടിയിട്ടുണ്ട്. മാന്ദ്യം മൂലം പഴയ കാറുകളുടെ വില 20 ശതമാനം വരെ കുറഞ്ഞിട്ടുമുണ്ട്. നേരത്തെ വാങ്ങി സൂക്ഷിച്ച പഴയ കാറുകൾ പരമാവധി ലാഭം കുറച്ച് വിൽക്കുന്നതിനാണ് സ്ഥാപനങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം 4000 കോടിയോളം റിയാൽ വില വരുന്ന 50,000 ഓളം പഴയ കാറുകളാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. 
ഏതാനും വർഷമായി പുതിയ കാറുകളുടെ ഇറക്കുമതിയും വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 4,20,000 കാറുകളാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. 2014 ൽ ഏഴു ലക്ഷം കാറുകൾ ഇറക്കുമതി ചെയ്തിരുന്നു. 
പെട്രോൾ വിലക്കയറ്റവും വാഹന ഇൻഷുറൻസ് നിരക്ക് ഉയർന്നതും സ്‌പെയർ പാർട്‌സ് വില വർധിച്ചതും സൗദിയിൽ നിന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കും മൂല്യവർധിത നികുതി നടപ്പാക്കിയതും ഓൺലൈൻ വിൽപന വ്യാപകമായതുമാണ് പഴയ കാറുകളുടെ വിൽപന കുറയുന്നതിന് കാരണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. പഴയ കാർ വിൽപന വിപണിയിൽ 60 ശതമാനത്തോളം മാന്ദ്യമുള്ളതായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ കാർ ഷോറൂം കമ്മിറ്റി മുൻ പ്രസിഡന്റ് ഉവൈദ അൽജുഹനി പറഞ്ഞു. 
16 ലക്ഷത്തോളം വിദേശികൾ രാജ്യം വിട്ടതും പെട്രോൾ വിലക്കയറ്റവും മൂല്യവർധിത നികുതി നടപ്പാക്കിയതും മാന്ദ്യത്തിന് ഇടയാക്കിയ കാരണങ്ങളാണ്. പഴയ കാറുകൾ വിൽക്കുന്ന നിരവധി ഷോറൂമുകൾ അടച്ചു പൂട്ടിയിട്ടുണ്ട്. ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന നിക്ഷേപകരിൽ 35 ശതമാനത്തോളം പേർ രംഗം വിട്ടിട്ടുണ്ടെന്നും ഉവൈദ അൽ ജുഹനി പറഞ്ഞു. 
ഈ വർഷാദ്യം മുതലാണ് പഴയ കാർ വിൽപന മേഖലയിൽ കടുത്ത മാന്ദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന സൗദി നിക്ഷേപകൻ അബ്ദുൽ മജീദ് അൽമാലികി പറഞ്ഞു. നിരവധി ഷോറൂമുകൾ അടച്ചു പൂട്ടിയിട്ടുണ്ട്. വാടകക്കെടുത്ത കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന പഴയ കാർ ഷോറൂമുകളാണ് പ്രധാനമായും അടച്ചുപൂട്ടിയത്. സ്റ്റോക്ക് വിറ്റഴിക്കുന്നതിന് പഴയ കാറുകളുടെ വില 20 ശതമാനം വരെ ഷോറൂമുകൾ കുറച്ചിട്ടുണ്ട്. നിലവിലെ മാന്ദ്യം തുടരുന്ന പക്ഷം ഈ മേഖലയിൽ പ്രവർത്തിക്കുന്ന 50 ശതമാനം നിക്ഷേപകരും രംഗം വിടുമെന്നാണ് കരുതുന്നത്. പരമാവധി ലാഭം കുറച്ച് വിൽപന നടത്തുന്നതിനാണ് ചില ഷോറൂം ഉടമകൾ ഇപ്പോൾ ശ്രമിക്കുന്നതെന്നും അബ്ദുൽ മജീദ് അൽമാലികി പറഞ്ഞു. 
ആഗോള തലത്തിലെ സാമ്പത്തിക മാറ്റങ്ങളാണ് പഴയ കാർ വിൽപന വിപണിയിലെ മാന്ദ്യത്തിന് കാരണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അൽ ജുഅയ്ദ് പറഞ്ഞു. ഇൻഷുറൻസ്, വൈദ്യുതി നിരക്ക് വർധനവും കാർ വിൽപന മേഖലയിൽ വെബ്‌സൈറ്റുകളുടെ മത്സരവും മാന്ദ്യത്തിന് കാരണമാണ്. ഈ വർഷം അവസാന പാദത്തിൽ വിപണിയിൽ പടിപടിയായി ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധന ഉപഭോഗ കാര്യക്ഷമതയുമായി ബന്ധപ്പെട്ട കൂടുതൽ വ്യവസ്ഥകൾ ബാധകമാക്കിയതിനാൽ പ്രധാന ഉറവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി തന്നെ കുറഞ്ഞിട്ടുണ്ട്. ആഗോള തലത്തിൽ നിലനിൽക്കുന്ന ഭീതിയുടെ പശ്ചാത്തലത്തിൽ നിലവിലെ മാന്ദ്യം സ്വാഭാവികമാണ്. സാമ്പത്തിക മാന്ദ്യത്തെ കുറിച്ച ആഗോള തലത്തിലെ ഭീതി വ്യത്യസ്ത സാമ്പത്തിക മേഖലകളിൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ടെന്നും മുഹമ്മദ് അൽജുഅയ്ദ് പറഞ്ഞു. 

Latest News