മക്കക്ക് കൗതുകക്കാഴ്ചയായി തൂക്കുപള്ളി വരുന്നു 

മക്കയിൽ ജബൽ ഉമർ പദ്ധതിയിൽ ഇരട്ട ടവറുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന തൂക്കുപള്ളി.

161 മീറ്റർ ഉയരത്തിലുള്ള മസ്ജിദ് ലോകത്തെ ഉയരം കൂടിയ തൂക്കുപള്ളിയാകും

മക്ക- ലോകത്തെ ഏറ്റവും ഉയരം കൂടിയ തൂക്കുപള്ളി മക്കയിൽ വിശുദ്ധ ഹറമിനു സമീപം നിർമിക്കുന്നു. വിശുദ്ധ കഅ്ബാലയം നേരിട്ട് കാണാൻ സാധിക്കും വിധം 161 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന മസ്ജിദിന് 400 ചതുരശ്ര മീറ്റർ വിസ്തീർണമാണുള്ളത്. ഒരേസമയം ഇരുനൂറിലേറെ പേർക്ക് ഇവിടെ നമസ്‌കാരം നിർവഹിക്കാം. മസ്ജിദ് നിർമാണം അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. 


വിശുദ്ധ ഹറമിനോട് ചേർന്നുള്ള ജബൽ ഉമർ പദ്ധതിയിലെ ഇരട്ട ടവറുകളെ ബന്ധിപ്പിച്ചാണ് തൂക്കുപള്ളി. രണ്ടു ടവറുകളെയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് മസ്ജിദ് സജ്ജീകരിക്കുന്നത്. അവസാന മിനുക്കു പണികളും കാർപെറ്റ് വിരിക്കലും അടക്കമുള്ള ജോലികളാണ് ഇനി ശേഷിക്കുന്നത്. നിർമാണം പൂർത്തിയായ ശേഷം ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലൈസൻസ് നേടി മസ്ജിദ് വിശ്വാസികൾക്കു തുറന്നുകൊടുക്കും.

 
വിശുദ്ധ ഹറമിന്റെ മുറ്റത്തു നിന്ന് കിംഗ് അബ്ദുൽ അസീസ് സമാന്തര റോഡ് പദ്ധതിയിലൂടെ ഹറമൈൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന നടപ്പാതയുടെ ഓരത്താണ് ജബൽ ഉമർ ടവർ. വിശ്വാസികൾക്ക് വിശുദ്ധ കഅ്ബാലയം നേരിട്ട് കാണാൻ കഴിയും വിധമാണ് തൂക്കു പള്ളിയുടെ രൂപകൽപനയെന്ന് മക്ക ചേംബർ ഓഫ് കൊമേഴ്‌സിലെ റിയൽ എസ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എൻജിനീയർ അനസ് സ്വാലിഹ് സൈറഫി പറഞ്ഞു. കിംഗ് അബ്ദുൽ അസീസ് റോഡിൽ മൂന്നു കിലോമീറ്റർ നീളമുള്ള നടപ്പാതയുണ്ടാകും. ഹറമിന്റെ മുറ്റത്തെയും കിംഗ് അബ്ദുല്ല മസ്ജിദിനെയും മക്ക-മദീന ഹറമൈൻ റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മൂന്നു മെട്രോ സ്റ്റേഷനുകളും കിംഗ് അബ്ദുൽ അസീസ് റോഡിലെ നടപ്പാതയിലുണ്ടാകും. 

Latest News