Sorry, you need to enable JavaScript to visit this website.

സിറിയയിലെ തുര്‍ക്കി സൈനിക നടപടി ഉടൻ  അവസാനിപ്പിക്കണം -സൗദി അറേബ്യ

സിറിയയിലെ തുർക്കി സൈനിക നടപടി വിശകലനം ചെയ്യുന്നതിന് കയ്‌റോയിൽ അറബ് ലീഗ് ആസ്ഥാനത്ത് ചേർന്ന വിദേശ മന്ത്രിമാരുടെ അടിയന്തര യോഗത്തിൽ സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ.

റിയാദ്- വടക്കുകിഴക്കൻ സിറിയയിലെ തുർക്കി സൈനിക നടപടി ഉടനടി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ ആവശ്യപ്പെട്ടു.

സിറിയയിലെ തുർക്കി സൈനിക നടപടി വിശകലനം ചെയ്യുന്നതിന് കയ്‌റോയിൽ അറബ് ലീഗ് ആസ്ഥാനത്ത് ചേർന്ന വിദേശ മന്ത്രിമാരുടെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു ആദിൽ അൽജുബൈർ.

തുർക്കി സൈനിക നടപടി അങ്ങേയറ്റം ഭീഷണിയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങൾക്കെതിരായ ആക്രമണമാണ്. സിറിയയുടെ അഖണ്ഡതക്കും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും എതിരായ തുർക്കി ആക്രമണത്തെ സൗദി അറേബ്യ അപലപിക്കുന്നു. 


തുർക്കി സൈനിക നടപടി മേഖലാ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണ്. ഇത് മേഖലാ രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയെ പ്രതികൂലമായി ബാധിക്കും. വടക്കു കിഴക്കൻ സിറിയയിൽ ഐ.എസ് ഭീകരരെ ചെറുക്കുന്നതിന് അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങൾക്ക് തുർക്കി സൈനിക നടപടി തുരങ്കം വെക്കും. കൂടാതെ സിറിയയിൽ മാനുഷിക ദുരിതങ്ങൾ കൂടുതൽ രൂക്ഷമാക്കുന്നതിനും തുർക്കി സൈനിക നടപടി ഇടയാക്കും. 


സൗദി അറേബ്യ സിറിയൻ ജനതക്കൊപ്പം നിലയുറപ്പിക്കും. സിറിയയുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കപ്പെടണം എന്നതാണ് സൗദി അറേബ്യയുടെ നിലപാട്. സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനെ പിന്തുണക്കുന്നതിന്റെ ഭാഗമായി സിറിയയിൽ ഭരണഘടനാ കമ്മിറ്റി രൂപീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര തീരുമാനങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി സിറിയൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് യു.എൻ നടത്തുന്ന മുഴുവൻ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 


അതിനിടെ, ഇറാനുമായി മധ്യസ്ഥശ്രമം നടത്തുന്നതിന് പാക്കിസ്ഥാന്റെ സഹായം സൗദി അറേബ്യ തേടിയിട്ടില്ലെന്ന് പാക് വിദേശ മന്ത്രാലയം വ്യക്തമാക്കി. പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഇറാനുള്ള സൗദി അറേബ്യയുടെ സന്ദേശമോ കത്തോ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ കൈപ്പറ്റിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പാക് വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 
സൗദി, ഇറാൻ ചർച്ചകൾക്ക് താൽപര്യം പ്രകടിപ്പിച്ച് ഇറാൻ നേതാക്കൾക്ക് എത്തിക്കുന്നതിന് പാക് പ്രധാനമന്ത്രിക്ക് സൗദി അറേബ്യ കത്തോ സന്ദേശമോ അയച്ചു എന്ന നിലക്ക് ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ടുകൾ പുറത്തു വിട്ടിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് കത്തും സന്ദേശവും അയച്ചതെന്നും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഈ റിപ്പോർട്ടുകൾക്ക് സത്യവുമായി ഒരു ബന്ധവുമില്ല. ഇത്തരത്തിൽ പെട്ട കത്തോ സന്ദേശമോ സൗദി അറേബ്യ അയച്ചിട്ടില്ല. ഇറാനുമായി ഏതെങ്കിലും നിലക്കുള്ള മധ്യസ്ഥശ്രമം നടത്തുന്നതിന് സൗദി അറേബ്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുമില്ല. സൗദി അറേബ്യക്കും ഇറാനുമിടയിൽ മധ്യസ്ഥശ്രമം നടത്തുന്നതിനുള്ള പാക്കിസ്ഥാന്റെ നീക്കം പാക് പ്രധാനമന്ത്രി വ്യക്തിപരമായി നടത്തുന്ന ശ്രമമാണെന്നും പാക്കിസ്ഥാൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

Latest News