Sorry, you need to enable JavaScript to visit this website.

സൗദി ഓൺ അറൈവൽ വിസ കൂടുതൽ രാജ്യക്കാർക്ക്; ഇന്ത്യക്കാര്‍ക്കും വഴിയുണ്ട്

റിയാദ്- സൗദി ടൂറിസ്റ്റ് വിസക്ക് ആഗോള തലത്തിൽ വൻ സ്വീകാര്യത ലഭിച്ചതോടെ കൂടുതൽ രാജ്യക്കാരെ ഓൺ അറൈവൽ വിസ ലഭിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തി സൗദി അറേബ്യ.

അമേരിക്ക, ബ്രിട്ടൻ, ഷെൻഗൻ രാജ്യങ്ങൾ എന്നിവയുടെ ടൂറിസ്റ്റ്, ബിസിനസ് വിസകളുള്ള മറ്റു രാജ്യക്കാർക്ക് സൗദി അറേബ്യ ഓൺഅറൈവൽ വിസയും ഇ-വിസയും അനുവദിക്കും.

49 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഓൺ അറൈവൽ വിസയും ഇ-വിസയും അനുവദിക്കുമെന്നാണ് അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്.

പുതിയ തീരുമാനം അനുസരിച്ച് ഇന്ത്യ ഉൾപ്പെടെ കൂടുതൽ രാജ്യക്കാർക്കുകൂടി ഇ-ടൂറിസ്റ്റ് വിസ ലഭിക്കുമെങ്കിലും അവർക്ക് അമേരിക്കയിലെയോ ഇംഗ്ലണ്ടിലെയോ വാണിജ്യ, ടൂറിസ്റ്റ് വിസകളോ അല്ലെങ്കിൽ ഷെൻഗൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള വിസകളോ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന.

ഓസ്‌ട്രേലിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്‌റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, ഇറ്റലി, ലാത്‌വിയ, ലീച്ചൻസ്‌റ്റൈൻ, ലിത്വാനിയ, ലക്‌സംബർഗ്, മാൾട്ട, നെതർലാൻഡ്‌സ്, നോർവെ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്യ, സ്ലൊവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് ഷെൻഗൻ രാജ്യങ്ങൾ.

യൂറോപ്പ്, അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺലൈൻ വഴി ടൂറിസ്റ്റ് വിസ അനുവദിക്കുന്നുണ്ട്. ഇവർക്ക് റിയാദ്, ജിദ്ദ, ദമാം, മദീന എയർപോർട്ടുകളിൽ നിന്നും സൗദി-യു.എ.ഇ അതിർത്തിയിലെ ബത്ഹ അതിർത്തി പോസ്റ്റിൽ നിന്നും ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ നിന്നും ഓൺ അറൈവൽ വിസയും ലഭിക്കും.

മറ്റു രാജ്യക്കാർ വിദേശങ്ങളിലെ സൗദി എംബസികളിൽ നിന്നും കോൺസുലേറ്റുകളിൽനിന്നും നേരിട്ട് വിസ നേടുകയാണ് വേണ്ടത്. ഏഷ്യയിൽ നിന്ന് ബ്രൂണെ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, കസാഖിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾക്കാണ് ഓൺലൈൻ വിസ ലഭിക്കുക.

ഓൺ അറൈവൽ വിസയും ഇ-വിസയും ലഭിക്കാത്ത രാജ്യക്കാർ സൗദി ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് റിട്ടേൺ ടിക്കറ്റും സൗദിയിൽ ഹോട്ടൽ ബുക്കിംഗ് നടത്തിയത് തെളിയിക്കുന്ന രേഖയും തൊഴിൽ സർട്ടിഫിക്കറ്റും മതിയായ സാമ്പത്തിക ശേഷിയുള്ളത് വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റും യാത്രാ റൂട്ടും സ്വദേശത്തെ വിലാസവും ഹാജരാക്കണം. ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് അപേക്ഷകരുടെ പക്കൽ ആറു മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്‌പോർട്ടുണ്ടായിരിക്കണം. ഇവർ സൗദിയിലെ താമസകാലത്ത് അടിയന്തര സാഹചര്യങ്ങളിൽ ചികിത്സാ പരിരക്ഷ ഉറപ്പുവരുത്തുന്ന ഹെൽത്ത് ഇൻഷുറൻസ് നേടുകയും വിസാ ഫീസ് അടക്കുകയും വേണം. വിസാ അപേക്ഷകരുടെ പ്രായം പതിനെട്ടിൽ കുറയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. പതിനെട്ടിൽ കുറവ് പ്രായമുള്ളവർക്ക് രക്ഷാകർത്താക്കൾക്കൊപ്പമാണ് വിസ അനുവദിക്കുക. 


സെപ്റ്റംബർ 27 നാണ് പുതിയ ടൂറിസ്റ്റ് വിസാ നിയമം സൗദി പ്രഖ്യാപിച്ചത്. ടൂറിസ്റ്റ് വിസക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാഴ്ചക്കിടെ മുപ്പതിനായിരത്തോളം വിനോദ സഞ്ചാരികൾ സൗദിയിലെത്തി.

Latest News