Sorry, you need to enable JavaScript to visit this website.

പരിപ്പ് കഴിച്ച കുട്ടികള്‍ക്ക് മുന്നില്‍ ചിക്കന്‍ കഴിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഭുവനേശ്വര്‍- ചോറും പരിപ്പും കഴിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ചിക്കന്‍ കറി കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ ജില്ലാ കലക്ടര്‍ സസ്‌പെന്റ് ചെയ്തു. ഒഡിഷയിലെ സുന്ദര്‍ഗാവിലാണ് സംഭവം. സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം പരിശോധിക്കാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥന്‍ ബിനയ് പ്രകാശ് സോയ ചിക്കന്‍ കറി കഴിച്ചത്.
ഉദ്യോഗസ്ഥന്റെ നടപടി വിവാദമായതോടെ ജില്ലാ കലക്ടര്‍ നിഖില്‍ പവന്‍ കല്യാണ്‍ ഇയാളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. കുട്ടികള്‍ക്ക് മുന്നിലിരുന്ന് ഇയാള്‍ ചിക്കന്‍ കറിയും ചോറും കഴിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതിന് സോയക്കെതിരെ തുടര്‍ നടപടികളുണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഒക്ടോബര്‍ മൂന്നിന് ബോണ്‍യിലുളള പ്രാഥമിക വിദ്യാലയത്തില്‍ നടത്തിയ സന്ദര്‍ശനത്തിലായിരുന്നു  സംഭവം. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ തുപി ചന്ദന്‍ കിസനും മറ്റ് അധ്യാപകരും ചേര്‍ന്ന് മികച്ച സ്വീകരണമാണ് ഇയാള്‍ക്ക് നല്‍കിയത്. കുട്ടികള്‍ക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിക്കണമെന്ന് സോയ് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അധികൃതര്‍ പറയുന്നത്.
സ്‌കൂളിലെ മറ്റ് അധ്യാപകരും ഇയാള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്കെല്ലാം കോഴിക്കറി വിളമ്പുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ കഴിച്ചത് ചിക്കന്‍ കറിയല്ലെന്നും സ്‌കൂളിലെ ഒരധ്യാപിക വീട്ടില്‍ നിന്നും കൊണ്ടുവന്ന പച്ചക്കറിയാണെന്നുമാണ് സോയ വാദിക്കുന്നത്.

 

Latest News