ബി.ജെ.പിക്ക് തിരിച്ചടിയായി പണപ്പിരിവ് വിവാദവും

കോഴിക്കോട്- മെഡിക്കല്‍ കോളേജ് കോഴ വിവാദം വരുത്തിയ നാണക്കേടിനിടെ ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി അടുത്ത വിവാദം. കോഴിക്കോട്ട് ദേശീയ കൗണ്‍സില്‍ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിന് വ്യാജ രസീത് അടിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നതാണ് പുതയി വിവാദം. വടകരയിലെ പ്രസിലാണ് രസീത് അച്ചടിച്ചത്.
സംസ്ഥാന കമ്മിറ്റി അംഗം എം. മോഹനനാണ് വ്യാജ രസീത് അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് പറയുന്നു.  പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനായിരുന്നു ദേശീയ കൗണ്‍സിലിന്റെ സാമ്പത്തികകാര്യ ചുമതലയെന്നും വിവരമുണ്ട്. ധനസമാഹരണത്തിനായി സംസ്ഥാന നേതൃത്വം അച്ചടിച്ച രസീതിന്റെ സീരിയല്‍ നമ്പറുകളില്‍ ഇല്ലാത്ത പാറ്റേണിലുള്ള രസീതുകളാണ് പുറത്തായിരിക്കുന്നത്. യഥാര്‍ഥ രസീതിന്റെ  ഫോട്ടോ വാട്‌സ് ആപ്പില്‍ അയച്ചു നല്‍കിയ ശേഷം ഇതിന്റെ വ്യാജകോപ്പികള്‍ അച്ചടിക്കുകയായിരുന്നുവെന്നാണ് വിവരം.

വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 5,000 മുതല്‍ 50,000 രൂപവരെ പിരിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ ആകെ ഒരു കോടി രൂപയ്ക്ക് മുകളില്‍ സമാഹരിച്ചെന്നുമാണ് വിവരങ്ങള്‍. ഇതുസംബന്ധിച്ച പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മേഖലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കോവൈ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവെന്നും എന്നാല്‍ പിന്നീട് നേതൃത്വം ഇടപ്പെട്ട് അന്വേഷണം നിര്‍ത്തിവെപ്പിച്ചുവെന്നും പറയുന്നു.

 

Latest News