അഞ്ച് വര്‍ഷത്തിനു ശേഷം അല്‍ക്ക ലാംബ വീണ്ടും കോണ്‍ഗ്രസില്‍

ന്യൂദല്‍ഹി- ആം ആദ്മി പാര്‍ട്ടി നേതാവും ചാന്ദ്‌നി ചൗക്ക് എം.എല്‍.എയുമായിരുന്ന അല്‍ക്ക ലാംബ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദല്‍ഹി ഘടകത്തിന്റെ ചുമതലയുള്ള പി.സി.ചാക്കോയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി ആസ്ഥാനത്ത് അല്‍ക്ക ലാംബക്ക് അംഗത്വം നല്‍കിയത്.
2014 ല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന അല്‍ക്ക ലാംബ കെജ്‌രിവാളുമായി തെറ്റി കഴിഞ്ഞമാസം രാജി പ്രഖ്യാപിച്ചിരുന്നു. ദല്‍ഹി നിയമസഭാ സ്പീക്കര്‍ റാം നിവാസ്  അയോഗ്യയാക്കുകയും ചെയ്തു.
രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന റദ്ദാക്കണമെന്ന  പ്രമേയത്തെ ചൊല്ലിയാണ്  ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളുമായി അല്‍ക്ക ലാംബ അകന്നത്.  സോണിയാ ഗാന്ധിയുമായി നേരത്തെ അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന.

 

Latest News