Sorry, you need to enable JavaScript to visit this website.

മുത്തൂറ്റ് സമരവും കേരളത്തിലെ അസംഘടിത വിഭാഗങ്ങളും

കൊട്ടിഘോഷിക്കപ്പടുന്ന രീതിയിലുള്ള വൻ വിജയമൊന്നുമല്ലെങ്കിലും തൊഴിലാളിസമരത്തിനു മുന്നിൽ അവസാനം മുത്തൂറ്റ് മാനേജ്‌മെന്റ് മുട്ടുകുത്തിയത് സ്വാഗതാർഹമാണ്. കേരളത്തിൽ അടുത്തകാലത്തായി നടന്നു വരുന്ന അസംഘടിത തൊഴിലാളി വിഭാഗങ്ങളുടെ സമരചരിത്രത്തിൽ തന്നെയാണ് ഈ സമരത്തിന്റേയും സ്ഥാനം. നഴ്‌സുമാരുടെ സമരത്തിന്റേയും ഇരിപ്പു സമരത്തിന്റേയും പെമ്പിളൈ ഒരുമൈ സമരത്തിന്റേയും അൺ എയ്ഡഡ് അധ്യാപകരുടെ സമരത്തിന്റേയുമൊക്കെ പട്ടികയിലാണ് ഈ സമരവും വരുന്നത്. പ്രകടമായ ഒരു വ്യത്യാസം അവിടെയൊന്നും കാര്യമായി തിരിഞ്ഞുനോക്കാതിരുന്ന വ്യവസ്ഥാപിത യൂണിയൻ ഈ സമരത്തിൽ സജീവമായി എന്നതാണ്. തീർച്ചയായും അതൊരു നല്ല മാറ്റമാണ്. എന്നാൽ ചുമട്ടുതൊഴിലാളികളേയും മറ്റും കൊണ്ടു വന്ന്, ജോലി പോകുമോ എന്ന ഭയം കൊണ്ട് സമരത്തിൽ പങ്കെടുക്കാത്തവരെ ഭീഷണിപ്പെടുത്താനും മറ്റും നടത്തിയ ശ്രമങ്ങൾ ഒരിക്കലും ജനാധിപത്യപരമായ സമരരീതിക്ക് യോജിച്ചതല്ല.
1.10.19 മുതൽ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും എന്നാണ് ഒത്തുതീർപ്പു വ്യവസ്ഥയിൽ പ്രധാനമായി ഉള്ളത്.  പിന്നെയുള്ളത് നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപന നടപടികൾ പൂർത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മാനേജ്‌മെൻറ് അംഗീകരിക്കും എന്നതാണ്. അത് സ്വാഭാവികമായും മാനേജ്‌മെന്റ് അംഗീകരിക്കേണ്ടതാണ്. അല്ലെങ്കിൽ അംഗീകരിപ്പിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. പിന്നെ എല്ലാ ജീവനക്കാർക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴിൽ വകുപ്പ് ഉറപ്പു വരുത്തും, തടഞ്ഞുവെച്ച 25% വാർഷിക ഇംക്രിമെന്റ് 1.4.19 മുതൽ മുൻകാല പ്രാബല്യത്തോടെ വിതരണം ചെയ്യും,  സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കും. തടഞ്ഞുവെച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കും. സമരത്തിന്റെ പേരിൽ തൊഴിലാളികൾക്കെതിരെ പ്രതികാരനടപടികൾ സ്വീകരിക്കില്ല തുടങ്ങിയ സ്വാഭാവികമായും ഉണ്ടാകേണ്ട വ്യവസ്ഥകളാണ്. ചുരുക്കത്തിൽ തൽക്കാലം വലിയ നേട്ടമൊന്നും അവകാശപ്പെടുന്നില്ലെങ്കിലും ഇന്നോളം സ്വന്തം അവകാശങ്ങൾക്കായി പോരാടാൻ രംഗത്തുവരാത്ത വിഭാഗം, പ്രത്യകിച്ച് സ്ത്രീകൾ സമരം ചെയ്ത് നേടിയെടുത്ത വിജയം എന്ന പ്രസക്തി ഇതിനുണ്ട്. അതോടൊപ്പം കോടതിയുടെ ഇടപെടലും ഈ നേട്ടത്തിനു കാരണമായി.  പ്രതേകിച്ച് പ്രധാനമന്ത്രി പറഞ്ഞാൽ പോലും മുട്ടുകുത്തില്ല, എല്ലാ ശാഖകളും അടച്ചിടും എന്ന് അഹങ്കാരത്തോടെ പ്രഖ്യാപിച്ച ഒരു മാനേജ്‌മെന്റിനോടായിരുന്നു പോരാട്ടം എന്ന പശ്ചാത്തലത്തിൽ.
അതേസമയം പലപ്പോഴും ചർച്ച ചെയ്ത വിഷയമാണെങ്കിലും ഇനിയും ചർച്ച ചെയ്യേണ്ട ഒന്നാണ് കേരളത്തിലെ അസംഘടിത തൊഴിലാളി വിഭാഗത്തിന്റെ ദുരിതജീവിതമെന്നത്. കേരളം കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഈറ്റില്ലമാണെന്നും ഇവിടത്തെ തൊഴിലാളി വർഗ്ഗമെല്ലാം സംഘടിതരാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളേക്കാൾ ഉയർന്ന വേതനം പറ്റുന്നവരാണെന്നുമുള്ള ധാരണയാണ് മുഖ്യമായും  പ്രചരിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ ഒട്ടുമിക്കവാറും തൊഴിലാളികൾ അസംഘടിതരാണെന്നതാണ് യാഥാർത്ഥ്യം. അധ്യാപകരും ബാങ്ക് ജീവനക്കാരും സർക്കാർ ജീവനക്കാരും പല പൊതുമേഖലാ കമ്പനികളുടെ ജീവനക്കാരും ചില സ്വകാര്യകമ്പനികളിലെ ജീവനക്കാരും ചുമട്ടുതൊഴിലാളികളുമൊക്കെയാണ് മറുവശത്തോ? നമ്മുടെ കാർഷിക  വ്യവസായ മേഖലകളുടെ അവസ്ഥ എന്താണ്? കാർഷികമേഖല തകർന്നു കഴിഞ്ഞു. ഒരു കാലത്ത് സംഘടിതരായിരുന്ന കർഷകത്തൊഴിലാളികൾ ഇന്നു ജീവിക്കാനായി പാടുപെടുകയാണ്. മിക്കവാറും പേർ കെട്ടിടനിർമ്മാണമടക്കമുള്ള മേഖലകളിലേക്ക് മാറി. കർഷകർ വൻ തകർച്ചയിലാണ്. റബ്ബർ, കാപ്പി മേഖലകളിലെ തൊഴിലാളികളും ഏറെക്കുറെ അസംഘടിതരാണ്. തോട്ടം തൊഴിലാളികളുടെ ദയനീയ അവസ്ഥ മൂന്നാർ സമരത്തെ തുടർന്നാണ് മുഖ്യധാരയിൽ ചർച്ചാവിഷയമായത്. നഴ്‌സുമാരുടെ അവസ്ഥ ഇന്നെല്ലാവർക്കുമറിയാം. കയർ, നെല്ല്, കശുവണ്ടി, മത്സ്യബന്ധനം, ബീഡി തുടങ്ങിയ പരമ്പരാഗത മേഖലകളും തകർച്ചയിലാണ്. ഈ മേഖലയിലെ തൊഴിലാളികളെല്ലാം ഇന്ന് അസംഘടിതരാണ്.
അടുത്തകാലത്ത് അതിവേഗം വളർന്നത് നിർമ്മാണ മേഖലയാണല്ലോ. ഈ മേഖലയിലെ മലയാളികൾക്ക് ഭേദപ്പെട്ട വേതനമുണ്ട്. എന്നാൽ ജോലി സ്ഥിരതയോ മറ്റൊരു ആനുകൂല്യമോ ഭൂരിഭാഗത്തിനുമില്ല. ജോലിസമയത്ത് എന്തെങ്കിലും അപകടം പറ്റിയാൽ അതോടെ തീർന്നു ജീവിതം. ഈ മേഖലയിൽ ഭൂരിഭാഗം വരുന്ന ഇതരസംസ്ഥാന തൊഴിലാളികളികളുടെ അവസ്ഥയെ കുറിച്ച് പറയാനുമില്ല. 
കൊച്ചുപീടികകൾ മുതൽ വലുതും ചെറുതുമായ സൂപ്പർമാർക്കറ്റുകളും വൻകിട തുണിക്കടകളും സ്വർണ്ണക്കടകളും ഹോട്ടലുകളും വരെയുള്ള വ്യാപാരമേഖലയിലാണ് വലിയൊരു വിഭാഗം പേർ തൊഴിലെടുക്കുന്നത്. ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും അവസ്ഥ വളരെ ദയനീയമാണ്. സ്ത്രീകളാണ് ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ഏതൊക്കെയോ യൂണിയനുകൾ ഉണ്ടെങ്കിലും അവയൊന്നും ഇവരുടെ ന്യായമായ അവകാശങ്ങൾക്കായി പോരാടിയ ചരിത്രമല്ല. കോഴിക്കോടും തൃശൂരിലും നടന്ന ടെക്സ്റ്റൈൽ ജീവനക്കാരികളുടെ സമരത്തെ തുടർന്നാണ് ഇവരുടെ അവസ്ഥ ചെറിയ തോതിലെങ്കിലും ചർച്ചയായത്. കോഴിക്കോട് മൂത്രമൊഴിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന പോരാട്ടവും തൃശൂരിൽ കല്ല്യാണിനുമുന്നിൽ നടന്ന ഇരിക്കൽ സമരവും മുഖ്യധാരാ മാധ്യമങ്ങളും പ്രമുഖ യൂണിയനുകളും ബഹിഷ്‌കരിച്ചെങ്കിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ചർച്ചാവിഷയമായി. തുടർന്ന് ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. സ്ത്രീ സൗഹൃദ ഭേദഗതികളാണ് മുഖ്യമായും കൊണ്ടുവന്നത്. സംസ്ഥാനത്തുടനീളമുള്ള സേവനമേഖലയിലെ ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല.
വെള്ളക്കോളർ എന്നു വിളിക്കപ്പെടുന്ന വിഭാഗത്തിൽ പെട്ട സിബിഎസ്സി അധ്യാപകരുടെ അവസ്ഥ എത്രയോ ദയനീയമാണ്. സമൂഹത്തിലെ ഉന്നതരുടെ മക്കളെയാണവർ പഠിപ്പിക്കുന്നത്. കൂടാതെ രാഷ്ട്രീയക്കാരുടേയും എഴുത്തുകാരുടേയും എന്തിന് സർക്കാർ അധ്യാപകരുടേയും. വളരെ തുച്ഛം ശമ്പളത്തിന് അടിമപണിക്കു സമാനമായ ജോലി ചെയ്യേണ്ട അവസ്ഥയാണവരുടേത്. തൊഴിൽ സ്ഥിരതയോ ആനുകൂല്യങ്ങളോ ഇല്ല. തങ്ങളുടെ അതേ ജോലി ചെയ്യുന്ന ഇവർ അധ്യാപക സംഘടനകളുടെ അജണ്ടയിലില്ല. അപൂർവ്വം ചില വിദ്യാലയങ്ങളിലെ അധ്യാപകർ തങ്ങളനുഭവിക്കുന്ന ചൂഷണങ്ങൾക്കെതിരെ രംഗത്തിറങ്ങിയെങ്കിലും കാര്യമായ പിന്തുണയോ നേട്ടങ്ങളോ ഉണ്ടാക്കാനായില്ല. സർക്കാരും കാര്യമായി ഇവരുടെ വിഷയങ്ങളിൽ ഇടപെട്ടിട്ടില്ല. സമാനമാണ് മിക്കവാറും മാധ്യമങ്ങളിലെ ജീവനക്കാരുടെ അവസ്ഥയും. ഏതാനും വൻകിട മാധ്യമങ്ങളിലൊഴികെ മിക്കവാറുമിടങ്ങളിൽ മാന്യമായ വേതനമോ തൊഴിൽ സാഹചര്യങ്ങളോ ഇല്ല. മറ്റു മേഖലകളിലെ ചൂഷണങ്ങൾ പലപ്പോഴും പുറത്തുകൊണ്ടുവരുന്ന ഇവർക്കാകട്ടെ സ്വന്തം മേഖലയെ കുറിച്ചൊരു വാർത്തയും നൽകാനാകില്ല എന്നതാണ് ഏറ്റവും വൈരുദ്ധ്യം. യൂണിയൻ പ്രവർത്തനം പോലും നാമമാത്രം. സിനിമാമേഖലയിൽ പോലും വേതനത്തിൽ വളരെ അന്തരമുണ്ടെങ്കിലും കൃത്യമായ വേതനസംവിധാനം നിലനിൽക്കുമ്പോഴാണ് മാധ്യമമേഖലയിൽ ഇത്തരമൊരു അവസ്ഥ നിലനിൽക്കുന്നത്.
എന്തുകൊണ്ടാണ് ഈ വിഭാഗങ്ങളെ സംഘടിപ്പിച്ച് മെച്ചപ്പെട്ട അവസ്ഥക്കായി പോരാടാൻ സംഘടിത ട്രേഡ് യൂണിയനുകൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും താൽപര്യമില്ലാത്തത് എന്ന ചോദ്യത്തിനു മറുപടി വളരെ ലളിതമാണ്. അവരുടെ മികച്ച സാമ്പത്തിക സ്രോതസ്സുകളാണ് സ്വകാര്യ സ്ഥാപനങ്ങൾ എന്നതുതന്നെ. അവ വൻകിട കച്ചവടസ്ഥാപനങ്ങളാകാം. സ്വകാര്യ ആശുപത്രികളാകാം. സ്വകാര്യ സ്‌കൂളുകളാകാം. സ്വകാര്യ വ്യവസായികളാകാം, വൻകിട തോട്ടമുടമകളാകാം.
 മാധ്യമങ്ങൾക്കാകട്ടെ അവർ തങ്ങളുടെ പരസ്യ സ്രോതസ്സുകളാണ്. ഈ സാഹചര്യത്തിലാണ് അസംഘടിത വിഭാഗങ്ങളുടെ പോരാട്ടങ്ങൾ പലപ്പോഴും മുഖ്യധാരയിലെത്താത്തത്. അതിൽ നിന്ന് ചെറിയൊരു മാറ്റമാണ് മുത്തൂറ്റ് സമരത്തിലുണ്ടായത് എന്നത് സ്വാഗതാർഹമാണ്. അതേസമയം സാമൂഹ്യമാധ്യമങ്ങൾ ശക്തമായതോടെ അന്തരീക്ഷം കുറെയൊക്കെ മാറിക്കഴിഞ്ഞു. ആരൊളിപ്പിച്ചാലും തകർക്കാൻ ശ്രമിച്ചാലും ഇത്തരം പോരാട്ടങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടു നയിക്കാനുള്ള ശേഷി സോഷ്യൽ മീഡിയ ആർജ്ജിച്ചു കഴിഞ്ഞു. അതിനാൽ തന്നെ അസംഘടിത വിഭാഗങ്ങളുടെ പോരാട്ടങ്ങൾ ഇനിയും ശക്തിപ്പെടുമെന്നതിൽ സംശയം വേണ്ട.
 

Latest News