തിരുവനന്തപുരം- ഹവാല ഇടപാട് കൂടി ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ വരുത്തിയ നാണക്കേടില്‍നിന്ന് രക്ഷപ്പെടാന്‍ വഴി കാണാതെ ബി.ജെ.പി കേന്ദ്ര നേതൃത്വം.
അഴിമതിക്കും ഹവാലക്കുമെതിരെ നടപടി കര്‍ശനമാക്കുമെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കയാണ് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം വിവാദത്തിലകപ്പെട്ടത്.
പാര്‍ട്ടി ആഭ്യന്തര തലത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന കോഴ പരസ്യമായത്. മെഡിക്കല്‍ കോളേജിന് കേന്ദ്രഅനുമതി നേടിക്കൊടുക്കുന്നതിനാണ് കോളേജ് ഉടമയില്‍ 5.60 കോടി രൂപ വാങ്ങി ഹവാല വഴി ദല്‍ഹിയിലെത്തിച്ചത്.
സംസ്ഥാന വിജിലന്‍സ് അന്വേഷണം ആരംഭിച്ച മെഡിക്കല്‍ കോഴ വിവാദം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോട് ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. കോഴ വിവാദത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.
വിവാദം ചര്‍ച്ച ചെയ്യുന്ന സംസ്ഥാന കോർ കമ്മിറ്റി റിപ്പോര്‍ട്ട് ചോര്‍ച്ച അന്വേഷിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കുമെന്നും സൂചനയുണ്ട്. കുമ്മനം രാജശേഖരന്‍റെ ഓഫീസില്‍ നിന്നാണ് റിപ്പോർട്ട് ചോർന്നതെന്ന് ഒരു വിഭാഗം യോഗത്തില്‍ ആരോപിച്ചു.