Sorry, you need to enable JavaScript to visit this website.
Sunday , May   31, 2020
Sunday , May   31, 2020

രാഷ്ട്രീയ കൊലപാതകങ്ങളിലും സി.ബി.ഐ തന്നെ വരട്ടെ

കസ്റ്റഡി മരണങ്ങൾ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയെന്ന നയപരമായ തീരുമാനം പിണറായി ഗവണ്മെന്റ് എടുത്തത് സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. സംസ്ഥാനത്ത് ഏത് ഗവണ്മെന്റ് വന്നാലും ലോക്കപ്പ് മരണങ്ങൾ മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുകയെന്ന നില വരുമല്ലോ. 
പാവറട്ടിയിലെ എക്‌സൈസ് കസ്റ്റഡിമരണം സി.ബി.ഐ അന്വേഷണത്തിനു വിട്ടുകൊണ്ട് കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. ഏറ്റവുമധികം ലോക്കപ്പ് മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ ഭരണത്തിന്റെ നാലാം വർഷത്തിലാണ് ഈ തീരുമാനമെടുത്തത്.  മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി അതേക്കുറിച്ച് പറഞ്ഞതിങ്ങനെ:
'പൊലീസ് - എക്‌സൈസ് - ജയിൽവകുപ്പ് അധികൃതരുടെ കസ്റ്റഡിയിലിരിക്കെ കുറ്റാരോപിതർ മരിച്ചാൽ കർശന നടപടി സ്വീകരിക്കും.  കുറ്റോരോപിതർ പൊലീസ് കസ്റ്റഡിയിൽ മരിക്കുമ്പോൾ അതേ ഏജൻസിതന്നെ അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്ന സുപ്രിംകോടതിയുടെ നിരീക്ഷണം നിലവിലുണ്ട്. അന്വേഷണം സി.ബി.ഐ പോലുള്ള ഏജൻസികളെ ഏൽപിക്കണമെന്നും.  ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം'.
തിരൂർ കൈമലച്ചേരിയിലെ രഞ്ജിത് കുമാർ തൃശൂർ ജില്ലയിലെ പാവറട്ടയിൽ എക്‌സൈസ് കസ്റ്റഡിയിൽ മരിച്ച സംഭവം സി.ബി.ഐയ്ക്കു വിട്ടുകൊണ്ടാണ് മന്ത്രിസഭയെക്കൊണ്ട് മുഖ്യമന്ത്രി ഈ തീരുമാനമെടുപ്പിച്ചത്.  സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടയ്ക്കാണ് എക്‌സൈസ്‌കാരുടെ മർദ്ദനത്തെ തുടർന്ന് കഞ്ചാവുമായി പിടികൂടിയെന്നാരോപിക്കുന്ന രഞ്ജിത് കുമാർ കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും പൊലീസ് അന്വേഷണങ്ങളും അതു തെളിയിക്കുന്നു. പ്രതികളായ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരിൽ അഞ്ചുപേരെയും ഇതിനകം പോലീസ് പിടികൂടിയിട്ടുണ്ട്. 


പോലീസിന്റെ അന്വേഷണത്തിൽ ആത്മവിശ്വാസമുള്ള മുഖ്യമന്ത്രിയാണ് വകുപ്പ് ഭരിക്കുന്നത്. സുപ്രിംകോടതി വിധിയുണ്ടെന്നതുകൊണ്ടാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടതെന്ന് അദ്ദേഹം പറയുന്നത് ഈ സർക്കാറിന്റെ ഭരണാനുഭവങ്ങൾ പരിശോധിക്കുമ്പോൾ ശരിവെക്കാൻ കഴിയില്ല. രാഷ്ട്രീയ കൊലപാതകങ്ങളും ലോക്കപ്പ് മരണങ്ങളും ഉപതെരഞ്ഞെടുപ്പുകളിൽ ചർച്ചയാകാതിരിക്കാനാണ് മുഖ്യമന്ത്രി പിണറായി ഈ സെൽഫ് ഗോൾ അടിച്ചത്. എല്ലാം നിയമത്തിന്റെ വഴിയെ എന്ന മുഖ്യമന്ത്രിയുടെയും ഈ സർക്കാറിന്റെയും ഇതഃപര്യന്തമുള്ള അനുഭവങ്ങൾ മറിച്ചാണ്. 
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സംസ്ഥാനത്ത് ഏറ്റവും കനത്ത പ്രഹരം ഏൽപിച്ച വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കാസർകോട്ടെ പെരിയയിൽ സി.പി.എം ആസൂത്രണത്തിൽ നടന്ന യൂത്ത് കോൺഗ്രസുകാരുടെ ഇരട്ടക്കൊലപാതകം. ഇതു സംബന്ധിച്ച് അന്വേഷിച്ച പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് ഹൈക്കോടതി കേസ് സി.ബി.ഐയോട് അന്വേഷിക്കാൻ ഉത്തരവിട്ടത്.  
കസ്റ്റഡി മരണത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച  മന്ത്രിസഭാ യോഗത്തിന് ഒരാഴ്ച മുമ്പായിരുന്നു ഇത്. സുപ്രിംകോടതി നേരത്തെ നടത്തിയ നീരീക്ഷണങ്ങളെക്കാൾ സർക്കാറിനെയും മുഖ്യമന്ത്രിയെ തന്നെയും തുറിച്ചുനോക്കുന്നതായിരുന്നു പെരിയകേസിലെ ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങൾ.  ലോകസഭാ തെരഞ്ഞെടുപ്പിലെന്നപോലെ ഇത്തവണയും  മുഖ്യമന്ത്രിയുടെ പൊലീസ്‌നയം തെരഞ്ഞെടുപ്പുകളിൽ വിചാരണ ചെയ്യപ്പെടുപെരിയ ഇരട്ടക്കൊല സി.പി.എം ആസൂത്രണം ചെയ്തതാണെന്ന ആരോപണം ശരിയാകാൻ സാധ്യതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ സമ്മർദ്ദത്താൽ പോലീസിന് ഭയരഹിതവും നിഷ്പക്ഷവുമായി അന്വേഷിക്കാൻ കഴിഞ്ഞോ എന്ന് സംശയിക്കുന്നു. വസ്തുതകളുമായി പൊരുത്തപ്പെടാത്തതാണ് കുറ്റപത്രം. സി.പി.എം മുൻ ലോക്കൽ കമ്മറ്റിയംഗമായ ഒന്നാംപ്രതിയുടെ മൊഴി പരമസത്യമായി കണക്കാക്കുകയാണ് പോലീസ് ചെയ്തത്.  യാഥാർത്ഥ്യം കണ്ടെത്താൻ ശ്രമിക്കുകയോ ശരിയായി അന്വേഷിക്കുകയോ ചെയ്തില്ല. ഈ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാൽ പ്രതികൾ രക്ഷപെടും. ഫോറൻസിക് സർജന്റെ നിഗമനങ്ങളെ അവഗണിച്ചു. ചില പ്രതികൾക്കെതിരെ തെളിവില്ല. കപട അന്വേഷണമാണ് നടന്നിട്ടുള്ളത്. 
പ്രതിയായ ലോക്കൽ സെക്രട്ടറി വിളിച്ചുചേർത്ത സി.പി.എം യോഗത്തിന് കൊലപാതകവുമായി ബന്ധമില്ലെന്ന പ്രോസിക്യൂട്ടറുടെ വാദവും ഹൈക്കോടതി തള്ളി.
മേലിൽ കസ്റ്റഡി മരണങ്ങളുണ്ടായാൽ ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തുടർച്ചയാണ് പൊലീസ് നയത്തിലെ സുപ്രധാനമായ ഈ മാറ്റമെന്നത് മുഖവിലയ്‌ക്കെടുക്കാൻ വൈമുഖ്യമില്ല. എന്നാൽ ആ വ്യാഖ്യാനത്തിന്റെ നിയമപരവും വിശ്വാസ്യതയും അതുകൊണ്ടുമാത്രം ലഭിക്കാൻ പോകുന്നില്ല. അതിന് രണ്ടു കാരണങ്ങളുണ്ട്:
ഒന്ന്, കസ്റ്റഡി മരണത്തെപ്പറ്റി അതിനുത്തരവാദികളായ സേനതന്നെ അന്വേഷിക്കുമ്പോൾ അത് നിഷ്പക്ഷവും വിശ്വാസ്യവുമാകില്ല എന്നതുകൊണ്ടാണല്ലോ സി.ബി.ഐയെ പോലുള്ള മറ്റൊരു ഏജൻസിയെ നിയോഗിക്കാൻ സുപ്രിംകോടതി നിർദ്ദേശിക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രി തീരുമാനിച്ചതും. അങ്ങനെയെങ്കിൽ സി.പി.എം മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് പെരിയയിലെപോലെ പ്രതിപക്ഷ പാർട്ടി പ്രവർത്തകർ കൊല ചെയ്യപ്പെട്ടതും സി.പി.എമ്മുകാർ പ്രതികളുമായ കേസുകളുടെ അന്വേഷണം എങ്ങനെ നിഷ്പക്ഷവും വിശ്വാസ്യവുമായി നടത്തും.   അതുകൊണ്ടാണല്ലോ അരിയിൽ ഷുക്കൂർതൊട്ട് പെരിയ ഇരട്ടക്കൊലവരെ സി.പി.എം നേതാക്കൾ പ്രതികളായ കേസുകളുടെ അന്വേഷണത്തിൽ ബന്ധപ്പെട്ടവരുടെ കുടുംബങ്ങളും പ്രതിപക്ഷങ്ങളും ജനങ്ങളും ആശങ്കയും അവിശ്വാസവും പ്രകടിപ്പിക്കുന്നത്. 
സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. എന്നാൽ പൊലീസ് അന്വേഷണം മാതൃകാപരമാണെന്ന വിശ്വാസവും വാശിയും മുഖ്യമന്ത്രിയും ഭരണകക്ഷിയും പ്രകടിപ്പിച്ചുപോന്നു. കോടതികൾ തുടരെത്തുടരെ ആ നിലപാടുകളെ പ്രഹരിക്കുകയും ചെയ്തു.  
രണ്ടാമത്തെകാര്യം, കസ്റ്റഡി മരണങ്ങളിൽ ഏത് ഏജൻസി വേണമെന്നതോ നഷ്ടപരിഹാരം കൊടുക്കുന്നതോ മാത്രമല്ല. മൗലികാവകാശത്തിന്റെയും ഭരണഘടനാപരമായ പരിരക്ഷയുടെയും പ്രശ്‌നമാണത്. പോയവർഷം ഛത്തീസ്ഗഡ് ഗവണ്മെന്റും ജയിലിൽ കൊല്ലപ്പെട്ട ജങ്കീർ ചംമ്പയിലെ സന്തോഷ് ശ്രീവാസ് എന്ന ആളുടെ ഭാര്യ സരോജ് ശ്രീവാസും തമ്മിലുള്ള കേസിൽ സുപ്രിംകോടതി 15 ലക്ഷംരൂപ ആ വിധവയ്ക്ക് നഷ്ടപരിഹാരം വിധിച്ച് നടത്തിയ നിരീക്ഷണം കാണുക: ഇരയുടെ മരണത്തിലേക്കു നയിച്ച സഹതടവുകാരുടെ മർദ്ദനത്തിന്റെ പേരിൽ കേസെടുത്തതുകൊണ്ടോ നഷ്ടപരിഹാരം നൽകിയതുകൊണ്ടോ തീർന്നില്ല. ജയിലധികൃതർക്ക് തടവുകാരന്റെ ജീവനും സുരക്ഷയും ഉറപ്പുനൽകാനായില്ല. ഭരണഘടനയുടെ 21-ാം വകുപ്പ് അനുസരിച്ചുള്ള സംരക്ഷണം ഉറപ്പുനൽകാൻ കഴിയാഞ്ഞതിനുള്ള ഉത്തരവാദിത്വം അവർ ഏറ്റെടുത്തു പ്രവർത്തിക്കേണ്ടതുണ്ട്. 
കേരളത്തിൽ അധികാരത്തിലിരിക്കുകയും പോലീസ് - നിയമകാര്യ വകുപ്പുകൾ കൈകാര്യംചെയ്യുകയും ചെയ്യുന്ന ഭരണകക്ഷിയുടെ പ്രവർത്തകർ, രാഷ്ട്രീയ എതിരാളികളെ ആസൂത്രിതമായി കൊലചെയ്യുന്നു. ഭരണഘടനാപരമായി പൗരന്റെ ജീവന് സംരക്ഷണം നൽകുകയെന്ന ഭരണഘടനാ ബാധ്യതയാണ് തകർക്കപ്പെടുന്നത്. കേരളത്തിൽ ഇപ്പോഴും അന്വേഷണത്തിലും കോടതികളിലുമായി നിലനിൽക്കുന്ന, സി.പി.എം നേതാക്കൾ പ്രതികളായ നിരവധി കൊലക്കേസുകളിൽ പ്രതികൾ വഴിവിട്ട സഹായവും സംരക്ഷണവും സർക്കാർ സംവിധാനത്തിൽനിന്ന് നേടുന്നുണ്ട്. ഇത് ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയേയും അധികാരത്തിലിരുന്ന് അട്ടിമറിക്കുന്നതാണ്. അതിനെതിരെ ജനാധിപത്യവാദികൾ പ്രതിഷേധമുയർത്തുന്നത് അതുകൊണ്ടാണ്. ഏതു കക്ഷി അധികാരത്തിലിരുന്ന് ഇതു ചെയ്താലും എതിർക്കപ്പെടേണ്ടതുണ്ട്.
ലോക്കപ്പ് മർദ്ദനങ്ങളുടെ അന്വേഷണം മാത്രമല്ല ഭരണകക്ഷിയിൽപെട്ടവർ നടത്തുന്ന രാഷ്ട്രീയ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും സംസ്ഥാന സർക്കാറിന്റെ ഏജൻസികൾ അന്വേഷണം നടത്തുമ്പോഴും നീതിയും ന്യായവും അട്ടിമറിക്കപ്പെടും. നാളെ മറ്റേതൊരു പാർട്ടി അധികാരത്തിൽ വന്നാലും ഇതേനില തുടരും. അതുകൊണ്ട് രാഷ്ട്രീയ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഭരണകക്ഷിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികൾക്കു പകരം മറ്റൊരു ഏജൻസിയേയോ സ്വതന്ത്ര സംവിധാനമോ വഴിയുള്ള അന്വേഷണം  ഉറപ്പുവരുത്താൻ കഴിയണം.
 ഈ നിലപാടിനോട് മുഖ്യമന്ത്രിയും ഇടതുപക്ഷ - ജനാധിപത്യമുന്നണിയും യോജിക്കുന്നുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടത്.  ഇല്ലെങ്കിൽ പാവറട്ടിയിൽ തിരൂരുകാരൻ കസ്റ്റഡിമരണത്തിനിടയായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ഏർപ്പെടുത്തുന്നതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികം. തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ പ്രതിരോധ നീക്കം മാത്രമായേ ജനങ്ങൾ ഈ തീരുമാനത്തെ കാണുകയുള്ളൂ.  
 നിയമവാഴ്ചയുടെ സജീവ നടപ്പാക്കൽ പ്രക്രിയ ജനാധിപത്യ നടത്തിപ്പിന്റെ സംരക്ഷയ്ക്ക് അത്യാവശ്യമാണ്. ആ നിലയ്ക്ക് സുപ്രിംകോടതിതന്നെ അതിന്റെ നിയമശാസ്ത്രം പഴയതിൽനിന്ന് ഏറെ പരിഷ്‌ക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. നിയമപരമായ അതിരുകൾ പൊലീസുകാർ ഭേദിക്കുന്നത് പുതിയതല്ലെങ്കിലും അതിന്റെ തീവ്രതയും പൗരന്മാരുടെ അവകാശങ്ങൾ തകർക്കുന്ന നീക്കങ്ങളും ഭയപ്പെടുത്തുന്നതാണെന്ന് ഉന്നതനീതിപീഠംതന്നെ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ക്രൂരതയുടെയും അതിക്രമങ്ങളുടെയും തുടർസംഭവങ്ങൾ മനുഷ്യത്വപരമായ നിയമശാഖകളുടെയും സാർവ്വത്രിക മനുഷ്യാവകാശങ്ങളുടെയും പൂർണ്ണ നിഷേധമായി മാറിക്കൊണ്ടിരിക്കയാണ്. 
1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് തുടങ്ങിവെച്ച ജനപക്ഷ പോലീസ് നയത്തോട് പുതിയ നയം ചേർത്തുവെക്കണമെങ്കിൽ സമാന്തരമായി പൊലീസും അതിന്റെ കുറ്റാന്വേഷണ വിഭാഗവും നിഷ്പക്ഷവും കാര്യക്ഷമവുമാണെന്ന് വരുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
അതോടൊപ്പം കേന്ദ്രം ഭരിക്കുന്ന മുഖ്യകക്ഷി കൂടെകൊണ്ടുനടക്കുന്ന കൂട്ടിലെ തത്തയ്ക്കു പകരം നിഷ്പക്ഷതയും വിശ്വാസ്യതയും കാര്യക്ഷമതയും ഉയർത്തിപ്പിടിക്കുന്ന ഒരു ഏജൻസിയായി സി.ബി.ഐയെ മാറ്റുകയും വേണം. പ്രധാനമന്ത്രി മോഡി തന്നെയാണ് അത് ഉറപ്പുവരുത്തേണ്ടത്.

Latest News