കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈലുകള്‍ തിങ്കളാഴ്ച മുതല്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍

ശ്രീനഗര്‍- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച ശേഷം ഏര്‍പ്പെടുത്തിയ മൊബൈല്‍ ഫോണുകള്‍ക്കുള്ള നിയന്ത്രണം ഭാഗികമായി നീക്കുന്നു. പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ഫോണ്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ഇന്റര്‍നെറ്റ്, പ്രീപെയ്ഡ് മൊബൈല്‍ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. ഒക്ടോബര്‍ 14 മുതല്‍ സംസ്ഥാനത്തുടനീളം പത്തു ജില്ലകളിലും പ്രീപെയ്ഡ് മൊബൈല്‍ ഉപയോഗിക്കാമെന്ന് ജമ്മു കശ്മീര്‍ പ്രിന്‍സപിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ അറിയിച്ചു. തടങ്കലിലുള്ള രാഷ്ട്രീയ നേതാക്കളേയും പടിപടിയായി സ്വന്ത്രരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്ക് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നത് തടയാനാണ് മൊബൈല്‍ ഫോണുകള്‍ പൂര്‍ണമായും വിലക്കിയിരുന്നത്. ഈ നടപടി മൂലം അനാവശ്യ മരണങ്ങള്‍ തടയാന്‍ കഴിഞ്ഞുവെന്നും ്‌ദ്ദേഹം പറഞ്ഞു.

ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് രണ്ടു മാസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ നീക്കിയത്. ലാന്‍ഡ് ഫോണുകള്‍ക്കുള്ള നിയന്ത്രണം നേരത്തെ ഭാഗികമായി നീക്കിയിരുന്നു. വീടുകളില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകള്‍ക്ക് മാത്രമാണ് അനുമതി. ഇപ്പോള്‍ പോസ്റ്റ്‌പെയ്ഡ് മൊബൈലുകളും അനുവദിച്ചു. ഏതു കമ്പനിയുടെ പോസ്റ്റ്‌പെയ്ഡ് കണക്ഷനും ഉപയോഗിക്കാം. എന്നാല്‍ സാധാരണ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ ഇപ്പോഴും അനുവദിച്ചിട്ടില്ല.
 

Latest News