ലാന്‍ഡ് ട്രിബ്യൂണലുകള്‍ സ്ഥാപിച്ച് പണം തട്ടിയ വ്യാജ ജഡ്ജി പിടിയില്‍

കോയമ്പത്തൂര്‍- തമിഴ്‌നാട്ടില്‍ പലയിടത്തും സ്ഥലമിടപാട് കേസുകള്‍ കൈകാര്യംചെയ്ത വ്യാജ ജഡ്ജിയെ പോലീസ് അറസ്റ്റ്‌ചെയ്തു. മേട്ടുപ്പാളയം സ്വദേശി എ.ആര്‍. ചന്ദ്രനെയാണ് (54) ധര്‍മപുരി ക്രൈംബ്രാഞ്ച് അറസ്റ്റ്‌ചെയ്തത്. ഇയാളോടൊപ്പം ഗണ്‍മാനായി നടന്നിരുന്ന തിരുവണ്ണാമല കണ്ണമംഗലം സ്വദേശി കുമാറിനെയും (49) അറസ്റ്റ്‌ചെയ്തു. ഇയാളില്‍നിന്ന് തോക്ക് കണ്ടെടുത്തു.

മേട്ടുപ്പാളയത്തെ  ഇരുനിലവീടിന്റെ മുകളിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന വ്യാജരേഖകള്‍ കണ്ടെടുത്തു. ലാന്‍ഡ് ട്രിബ്യൂണല്‍ ജഡ്ജി എന്ന ഐ.ഡി. കാര്‍ഡുമായി സഞ്ചരിച്ചിരുന്ന ചന്ദ്രന്‍ പഴയ പത്താംക്ലാസ് മാത്രമാണ് പാസായതെന്ന് പോലീസ് പറഞ്ഞു. പട്ടാളത്തിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍ അനുമതിയോടുകൂടി സിവില്‍ക്കേസുകള്‍ കൈകാര്യംചെയ്യുന്ന ആര്‍ബിട്രേഷന്‍ ജഡ്ജിയാണ് താനെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. മേട്ടുപ്പാളയത്തെ സ്ഥിരതാമസക്കാരനാണെങ്കിലും ഇയാളുടെ മുന്‍കാലചരിത്രം ആര്‍ക്കുമറിയില്ല. നാല് വാഹനങ്ങളും നിരവധി വീടുകളും ഇയാള്‍ക്ക് മേട്ടുപ്പാളയത്ത് മാത്രമുണ്ട്.

ചെറിയ കോടതികള്‍ മുതല്‍ ഹൈക്കോടതിവരെയുള്ള ജഡ്ജിമാരുടേതടക്കം അഞ്ഞൂറിലധികം വ്യാജസീലുകള്‍ കണ്ടെടുത്തു. നിരവധി സ്ഥലമിടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ചന്ദ്രനെതിരായ സിവില്‍ക്കേസുകള്‍ ധര്‍മപുരി, ഹൊസൂര്‍, സേലം കീഴ്ക്കോടതികളില്‍ നിലവിലുണ്ടെങ്കിലും കെ.എസ്. ജഗന്നാഥന്‍ എന്നയാള്‍ ഹൈക്കോടതിയില്‍ പോയതോടെയാണ് ധര്‍മപുരി ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ഇയാള്‍ അറസ്റ്റിലായ വിവരമറിഞ്ഞ് പരാതിനല്‍കാന്‍ ദിവസവും ആളുകള്‍ എത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
20 വര്‍ഷമായി സ്വന്തം കാറിനുമുന്നില്‍ ജഡ്ജിയെന്ന ബോര്‍ഡ് വെച്ചായിരുന്നു യാത്ര. വ്യാജ ഒസ്യത്ത് നിര്‍മിച്ച് മറ്റൊരാള്‍ക്ക് സ്ഥലംകൈമാറിയെന്ന കേസിലാണ് ഇയാളെ കരൂര്‍ ടോള്‍ഗേറ്റില്‍വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

 

Latest News