ബത്തേരി- വയനാട്ടില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലിയെ വനപാലകര്‍ മയക്കുവെടിവച്ചു പിടിച്ചു. വെള്ളിയാഴ്ച രാത്രി മുത്തങ്ങ പൊന്‍കുഴി പണിയ കോളനിയില്‍ ഇറങ്ങിയ ഏഴു വയസു മതിക്കുന്ന ആണ്‍പുലിയെയാണ് ശനിയാഴ്ച രാവിലെ മയക്കുവെടിവച്ചു പിടിച്ച് കൂട്ടിലാക്കിയത്. ഇതിനെ പിന്നീട് ബത്തേരി വൈല്‍ഡ് ലൈഫ് ഓഫീസ് വളപ്പിലേക്കു മാറ്റി.
കോളനിയില്‍ എത്തിയ പുലി നായയെ കൊന്നുതിന്നശേഷം പരിസരത്തു കിടക്കുകയായിരുന്നു. രാത്രിതന്നെ മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വനപാലകരും ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയയും കോളനിയില്‍ എത്തി. എന്നാല്‍ വെളിച്ചക്കുറവുമൂലം മയക്കുവെടി പ്രയോഗിക്കാനായില്ല. നിരീക്ഷണത്തിനൊടുവില്‍ രാവിലെ മയക്കുവെടി വെക്കുകയായിരുന്നു.