Sorry, you need to enable JavaScript to visit this website.

വിനീഷ് വധക്കേസില്‍ എന്‍.ഡി.എഫുകാരന് ജീവപര്യന്തം; സി.പി.എമ്മുകാര്‍ കൂട്ടത്തോടെ കൂറുമാറിയ കേസ്

തലശ്ശേരി- സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രധാന സാക്ഷികളായ സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കൂറുമാറിയ കേസാണിത്.

അരയമ്പേത്തെ വിനായകന്റെ മകന്‍ തനങ്ങല്‍വീട്ടില്‍ ഒ.ടി.വിനിഷീനെ (24) കൊലപ്പെടുത്തിയ കേസില്‍ വളപട്ടണം ചിറക്കല്‍ കുന്നുംകൈയിലെ നായ്ക്കല്‍ പള്ളിക്കാവില്‍ വീട്ടില്‍ എന്‍.നൗഫലിനാണ് (33) ജഡ്ജി പി.എന്‍ വിനോദ് ശിക്ഷ വിധിച്ചത്.
സംഭവത്തില്‍ വിനീഷ് കൊല്ലപ്പെട്ടതിന് പുറമെ രണ്ട് പേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി ചിറക്കല്‍ കുന്നുംകൈ പുനക്കല്‍ പള്ളിപ്പുറത്ത് അബ്ദുറഹ്മാന്റെ മകന്‍ അബ്ദുല്‍ മനാഫ്(23) പോലീസില്‍ കീഴടങ്ങി ജാമ്യമെടുത്തതിന് ശേഷം മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഐ.എസില്‍ ചേര്‍ന്നുവെന്നും കൊല്ലപ്പെട്ടുവെന്നും പറയുന്നു. എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ കോടതി രേഖകളില്‍ പ്രതി ഒളിവിലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശിക്ഷിക്കപ്പെട്ട നൗഫല്‍ രണ്ടാം പ്രതിയാണ്.
കൊല്ലപ്പെട്ട വിനീഷിന്റെ സഹോദരന്‍ ഒ.ടി വിമല്‍(33), സുഹൃത്ത് കുറ്റിയായി വീട്ടില്‍ ഒ.ജലേഷ് (39) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 43 രേഖകള്‍ കോടതി മാര്‍ക്ക് ചെയ്തു. പ്രതി ജീവപര്യന്തം കഠിന തടവിനു പുറമെ, ഒരു ലക്ഷം രൂപ പിഴയടക്കണം. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമം 324 പ്രകാരം പ്രതിയെ മൂന്ന് മാസം തടവിനും ശിക്ഷിച്ചു. പ്രതി പിഴയടക്കുകയാണെങ്കില്‍ കൊല്ലപ്പെട്ട വിനീഷിന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരമായി തുക നല്‍കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
വിനീഷിന്റെ സഹോദരന്‍ വിമല്‍കുമാര്‍ ഗള്‍ഫില്‍ നിന്നെത്തിയാണ് വിചാരണ കോടതി മുമ്പാകെ   മൊഴി നല്‍കിയിരുന്നത്. കോടതി വിസ്തരിച്ച സുപ്രധാന സാക്ഷികളായ സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കൂറുമാറിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് ഗള്‍ഫില്‍ ജോലി നോക്കുന്ന സഹോദരന്‍ കോടതിയിലെത്തി മൊഴി നല്‍കിയത്. കേസിലെ പ്രതി നൗഫലിനെ ദൃക്്സാക്ഷി കൂടിയായ വിമല്‍കുമാര്‍ വിചാരണ കോടതി മുമ്പാകെ തിരിച്ചറിയുകയും ചെയ്തിരുന്നു. പ്രതികള്‍ സംഭവ സമയത്ത് ഉപയോഗിച്ച ആയുധവും സാക്ഷി തിരിച്ചറിഞ്ഞിരുന്നു. സംഭവ സമയം വിമല്‍കുമാറിനെയും അക്രമി സംഘം വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. കേസില്‍ വിസ്തരിച്ച രണ്ടാം സാക്ഷിയായ ജലേഷ് ബസ് ഷെല്‍ട്ടറില്‍ വെച്ച് വിനീഷിനെ ആക്രമിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയിരുന്നയാളാണ്. തുടര്‍ന്ന് ജലേഷിനെയും അക്രമി സംഘം മാരകമായി വെട്ടുകയായിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ എട്ട് തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നിരുന്നു.
കേസിലെ മൂന്നും അഞ്ചും പ്രോസിക്യൂഷന്‍ സാക്ഷികളായ കെ.രാജേഷ്, ഷൈജു എന്നിവര്‍ കോടതിയില്‍ കൂറുമാറുകയായിരുന്നു. രാജേഷ് സംഭവ സമയം കൊല്ലപ്പെട്ട വിനീഷിന്റെ കൂടെയുണ്ടായിരുന്നയാളാണ്. അഞ്ചാം സാക്ഷിയായ ഷൈജുവും പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നല്‍കിയിരുന്നു. ഇവര്‍ കൂറുമാറിയെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ് തങ്ങളെന്ന് വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കേസിലെ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേരത്തെ രംഗത്ത് വന്നിരുന്നു.
ഒന്നാം പ്രതി ഐ.എസില്‍ ചേര്‍ന്ന മനാഫ് അടുത്തിടെയാണ് കൊല്ലപ്പെട്ടത്. രണ്ടാം പ്രതിയായ നൗഫല്‍ മാത്രമാണ് വിചാരണ നേരിട്ടത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ.ജോഷി മാത്യുവാണ് ഹാജരായത്. 2009 മെയ് 13ന് രാത്രി അരയമ്പേത്ത് ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ ഇരിക്കുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി സംഘം വിനീഷിനെയും സഹോദരന്‍ വിമല്‍കുമാറിനെയും ആക്രമിച്ചത.് ഗുരുതരമായി പരിക്കേറ്റ വിനീഷ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സക്കിടെ സംഭവത്തിന് പിറ്റേ ദിവസം മരിക്കുകയായിരുന്നു

 

 

Latest News