Sorry, you need to enable JavaScript to visit this website.

തുർക്കിയിൽ നിക്ഷേപം വേണ്ടെന്ന് സൗദി ചേംബർ

റിയാദ് - തുർക്കിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനെതിരെ സൗദി വ്യവസായികൾക്കും കമ്പനികൾക്കും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് മുന്നറിയിപ്പ് നൽകി. തുർക്കി ഭരണാധികാരികളുടെ വിവേകശൂന്യമായ നടപടി അറബ് ടൂറിസ്റ്റുകളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് ചെയർമാൻ ഡോ.സാമി അൽഉബൈദി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ തുർക്കിയിൽ നടത്തുന്ന ഒരു നിക്ഷേപവും സുരക്ഷിതമല്ല. ഈ പശ്ചാത്തലത്തിൽ സൗദി വ്യവസായികൾ തുർക്കിയിൽ നിക്ഷേപങ്ങൾ നടത്തരുത്. അധികാരവും സ്വാധീനവും ഉറപ്പിക്കുന്നതിനാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ശ്രമം. ഈ സാഹചര്യത്തിൽ തുർക്കിയിലെ സ്വകാര്യ മേഖലയുമായി സൗദി വ്യവസായികൾ സഹകരിക്കുന്നതിനെയും തുർക്കിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനെയും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് പിന്തുണക്കുന്നില്ല. 
സൗദിയിലെയും തുർക്കിയിലെയും സ്വകാര്യ മേഖലകൾ തമ്മിൽ ശക്തമായ സാമ്പത്തിക സഹകരണം സ്ഥാപിക്കുന്നതിനാണ് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് ആഗ്രഹിച്ചിരുന്നത്. എന്നാൽ തുർക്കി ഭരണകൂടത്തിന്റെ നിരുത്തവാദ പ്രവർത്തനങ്ങൾ തുർക്കിയിലെ നിക്ഷേപങ്ങൾ സുരക്ഷിതമല്ലാതാക്കി മാറ്റുകയാണ്. ഈ പശ്ചാത്തലത്തിൽ സൗദി വ്യവസായികൾ തുർക്കിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനെ സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഡോ.സാമി അൽഉബൈദി പറഞ്ഞു.
സമീപ കാലത്ത് തുർക്കിയിൽ സൗദികൾക്കു നേരെ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. തുർക്കി മാധ്യമങ്ങളും അധികൃതരും നടത്തുന്ന സൗദി വിരുദ്ധ പ്രചാരണങ്ങൾ സൗദികൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിന് കാരണമാണ്. സൗദികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ സൗദി സന്ദർശകർക്ക് തുർക്കിയിലെ സൗദി എംബസി പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
അടുത്തിടെ തുർക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിരവധി സൗദി പൗരന്മാർ കവർച്ചക്ക് ഇരകളായി. നിരവധി സൗദി പൗരന്മാരുടെ പണവും പാസ്‌പോർട്ടുകളും നഷ്ടപ്പെട്ടു. പാസ്‌പോർട്ടുകളും വിലപിടിച്ച വസ്തുക്കളും സൗദി സന്ദർശകർ നന്നായി സൂക്ഷിക്കണമെന്നും തിരക്കുള്ള പ്രദേശങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും സൗദി എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
 

Latest News