Sorry, you need to enable JavaScript to visit this website.

സിറിയയിൽ തുർക്കി അതിക്രമം തുടരുന്നു

  • അതിർത്തി നഗരത്തിൽ കാർബോംബ് സ്‌ഫോടനം; മൂന്ന് മരണം

അങ്കാറ, തുർക്കി- സിറിയയിലെ കുർദിഷ് പോരാളികൾക്കെതിരായ തുർക്കി അതിക്രമം മൂന്നാം ദിനത്തിലേക്ക് കടന്നതിനിടെ അതിർത്തിയിലെ കുർദിഷ് നഗരത്തിൽ വൻ കാർബോംബ് സ്‌ഫോടനം. നിരവധി പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിമർശനങ്ങൾ വകവെക്കാതെ വടക്കുകിഴക്കൻ സിറിയയിൽ തുർക്കി സൈന്യം ആക്രമണം ശക്തമാക്കിയതോടെ നിരവധി പേർ കൊല്ലപ്പെട്ടു.
അതിർത്തി മേഖലയിൽ കൂടുതൽ കുർദ് ഗ്രാമങ്ങൾ പിടിച്ചടക്കിയതായി തുർക്കി അവകാശപ്പെട്ടു. കനത്ത പോരാട്ടത്തിനിടെ ഷെല്ലാക്രമണമുണ്ടായതിനാൽ അതിർത്തിയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള അഭയാർഥി കേന്ദ്രത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. അതിർത്തിയിലെ അഞ്ച് ലക്ഷത്തോളം ആളുകൾ വൻ പ്രതിസന്ധിയിലാണെന്ന് ദുരിതാശ്വാസ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
അതിർത്തിക്ക് സമീപമുണ്ടായിരുന്ന യു.എസ് സൈന്യത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരിച്ചുവിളിച്ചതോടെയാണ് തുർക്കി സൈന്യം കര, വ്യോമ മാർഗം വഴി ആക്രമണം ആരംഭിച്ചത്. യു.എസ് സേന പിൻവാങ്ങിയത് മേഖലയിലെ സ്ഥിരതക്ക് അപകടമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. സിറിയയിലെ ഐ.എസ് ഗ്രൂപ്പിനെ തകർക്കുന്നതിൽ വലിയ പങ്കു വഹിച്ച സിറിയൻ കുർദിഷ് പോരാളികളെ കൈവിടുന്നതിനെതിരെ ആഗോള തലത്തിൽ ട്രംപിനെതിരെ വിമർശനമുയർന്നു.
തുർക്കിയുടെ നടപടി ഐ.എസിനെതിരായ ആക്രമണത്തെ ദുർബലപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. സിറിയയിലെ യു.എസ് സേനയേയും ഇത് അസ്ഥിരമാക്കും. തുർക്കിയുടെ വ്യോമാക്രമണത്തിന് ഇരയായ അതിർത്തി പട്ടണമായ താൽ അബ്‌യാദ് കനത്ത പുകയിൽ മൂടപ്പെട്ടിരിക്കുകയാണ്. വടക്കുകിഴക്കൻ സിറിയയിലെ പ്രധാന കുർദ് പട്ടണമായ ഖമിഷ്‌ലിയിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച് മൂന്നു പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. തുർക്കിയുടെ ആക്രമണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർ അടക്കമുള്ളവർ കയറിയ റസ്റ്റോറന്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് കുർദിഷ് ആഭ്യന്തര സുരക്ഷാ സർവീസായ അസായിഷ് അറിയിച്ചു. 
തുർക്കിയുടെ ആക്രമണംമൂലം ഇതിനകം സിറിയയിൽ നിന്ന് ഒരു ലക്ഷത്തോളം പേർ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. വലിയ മാനുഷിക ദുരന്തമാണ് സിറിയയിൽ നടക്കുന്നതെന്നും യു.എൻ പറഞ്ഞു. 
സിറിയയിലെ ആക്രമണം യു.എസ്-തുർക്കി ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പെന്റഗൺ പറഞ്ഞു. അതിക്രമം അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് അഭ്യർഥിച്ചതായും യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിയിലേക്കുള്ള ആയുധ കയറ്റുമതി അവസാനിപ്പിച്ചതായി നെതർലാന്റ്‌സ് പറഞ്ഞു. സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനുള്ള ലൈസൻസുകൾ റദ്ദാക്കിയതായും ഡച്ച് വിദേശ മന്ത്രാലയം പറഞ്ഞു. 

Latest News