Sorry, you need to enable JavaScript to visit this website.

സി.പി.എം-എസ്.ഡി.പി.ഐ കൂട്ടുകെട്ട്  കേരളത്തെ കൊലക്കളമാക്കുന്നു - മുല്ലപ്പള്ളി

ചാവക്കാട് പുന്നയിൽ കൊല്ലപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കുടുംബത്തിനുള്ള സഹായനിധി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറുന്നു.

ചാവക്കാട് - സി.പി.എം- എസ്. ഡി.പി.ഐ കൂട്ടുകെട്ട് കേരളത്തെ കൊലക്കളമാക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ചാവക്കാട് പുന്നയിൽ കൊല്ലപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കുടുംബത്തിനുള്ള സഹായനിധി കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
രക്തസാക്ഷികളെ സൃഷ്ടിക്കുകയും അവർക്കായി സ്മാരകങ്ങൾ നിർമിക്കാൻ പണം പിരിക്കുകയും ചെയ്യുന്ന പാർട്ടിയാണ് സി.പി.എം. അഭിമന്യുവിന്റെ പേരു പറഞ്ഞ് നാടുനീളെ പണം പിരിച്ച സി.പി.എം എത്ര രൂപ പിരിച്ചെടുത്തെന്ന് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. നൗഷാദിന്റെ കുടുംബത്തെ സഹായിക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന് കൃത്യമായ കണക്കുണ്ട്. പിരിച്ചെടുത്ത തുകയിൽ ചില്ലിക്കാശുപോലും മറ്റാവശ്യത്തിനായി ഉപയോഗിച്ചിട്ടില്ല. ഷുഹൈബിന്റെയും കൃപേഷിന്റെയും ശരത് ലാലിന്റെയും പേരിൽ പിരിച്ച പണത്തിനും ഇതുപോലെ കൃത്യമായ കണക്കുണ്ട്. മുഴുവൻ തുകയും അവരുടെ കുടുംബങ്ങൾക്ക് കൈമാറുകയും ചെയ്തുവെന്നും മുല്ലപ്പള്ളി പറഞ്ഞു. 
അക്രമ രാഷ്ട്രീയത്തിന് കേരള സമൂഹത്തിൽ ഒരു സ്ഥാനവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അക്രമം നടത്തുന്നത് എസ്.ഡി.പി.ഐയോ ആർ.എസ്.എസോ സി.പി.എമ്മോ ആരായാലും അവരെ ഒറ്റപ്പെടുത്തുന്നതാണ് കേരളത്തിന്റെ  മാതൃക. കുടുംബ സഹായനിധി ഒരിക്കലും നൗഷാദിന്റെ ജീവന്റെ വിലയാവില്ല. കുടുംബത്തെ സംരക്ഷിക്കാനുള്ള എളിയ പ്രവർത്തനമായി മാത്രം കണ്ടാൽ മതി. രാഷ്ട്രീയത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന അവസാനത്തെ രക്തസാക്ഷി നൗഷാദ് ആകട്ടെയെന്നാണ് പ്രാർഥന. നൗഷാദിന്റെ കൊലക്കേസിലെ യഥാർഥ പ്രതികളെ മുഴുവൻ പിടികൂടിയില്ലെങ്കിൽ  പ്രക്ഷോഭം ശക്തമാക്കുമെന്ന മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് നൽകി. എസ്.ഡി.പി.ഐ പ്രവർത്തകരുടെ വേട്ടേറ്റ് കൊല്ലപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടിൽ നൗഷാദിന്റെ കുടുംബത്തിന് കെ.പി.സി.സി സമാഹരിച്ച 82.61 ലക്ഷം രൂപയുടെ കുടുംബ സഹായനിധിയാണ് കൈമാറിയത്. വെള്ളിയാഴ്ച രാവിലെ നൗഷാദിന്റെ വീട്ടിൽ നടന്ന പരിപാടിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരാണ് നൗഷാദിന്റെ കുടുംബത്തിന് സഹായം നൽകിയത്. കുടുംബത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി വീതിച്ചാണ് സഹായം നൽകിയത്. നൗഷാദിന്റെയും മാതാവ് സൈനബയുടെയും പേരിൽ രണ്ട് ബാങ്കുകളിൽ നിന്നെടുത്തിരുന്ന വായ്പയും പലിശയും അടച്ച് ബാധ്യത തീർത്തതിന്റെ രേഖ കുടുംബത്തിന് കൈമാറി. ഇതിനായി 16.26 ലക്ഷം രൂപ ഉപയോഗിച്ചു. 23 ലക്ഷം നൗഷാദിന്റെ ഭാര്യ ഫെബീനയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖയും കൈമാറി. ഈ തുകയിൽനിന്ന് പ്രതിമാസം 15,000 രൂപ കുടുംബത്തിന് വരുമാനം ലഭിക്കും. 15,000ൽ 3000 രൂപ മാതാവ് സൈനബക്കുള്ളതാണ്. നൗഷാദിന്റെ മൂത്ത മകൾ ദിഖ്‌റ നഹറിന്റെ പേരിൽ 17 ലക്ഷവും, രണ്ടാമത്തെ മകൻ അമൻ സിയാന്റെ പേരിൽ 12.5 ലക്ഷവും, ഇളയ മകൾ ഇഷാൽ ഫാത്തിമത്തിന്റെ പേരിൽ 9.85 ലക്ഷം രൂപയും ബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖയും ചടങ്ങിൽ കൈമാറി. മൂന്നു മക്കൾക്കും പ്രായപൂർത്തിയാകുമ്പോൾ 27 ലക്ഷം രൂപ ലഭിക്കുംവിധമാണ് തുക ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളത്. നൗഷാദിനൊപ്പം വേട്ടേറ്റ സുരേഷ്, വിജേഷ്, നിഷാദ് എന്നിവർക്കായി യഥാക്രമം 2.5 ലക്ഷം, ഒരു ലക്ഷം, 50,000 രൂപ എന്നിങ്ങനെ വീതിച്ചുനൽകി. 
സെപ്റ്റംബർ രണ്ടിന് ജില്ലയിലെ 13 മണ്ഡലങ്ങളിൽ നിന്നാണ് സഹായനിധിയിലേക്ക് പണം സമാഹരിച്ചത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ ചെയർമാനും ടി.എൻ. പ്രതാപൻ എം.പി കൺവീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. ശൂരനാട് രാജശേഖരൻ, ഒ. അബ്ദുറഹ്മാൻകുട്ടി, ജോസ് വള്ളൂർ, ജോസഫ് ചാലിശ്ശേരി, പി.കെ. അബൂബക്കർ ഹാജി, എം.പി. വിൻസെന്റ്, പി. യതീന്ദ്രദാസ്, സി.എ. ഗോപപ്രതാപൻ, കെ.വി. ഷാനവാസ്, സുനിൽ അന്തിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.

 

 

Latest News