തലശ്ശേരി - വീടുകൾക്കും കെട്ടിടങ്ങൾക്കും ഒരു പോറൽ പോലുമേൽക്കാതെ അവയെ ഉയർത്തുന്നതും നിലവിലുള്ള സ്ഥലത്ത് നിന്ന് നീക്കി വെക്കുന്നതുമൊക്കെ നമുക്ക് ചിന്തിക്കാൻ പോലുമാവാത്ത കാര്യങ്ങളായിരുന്നു. എന്നാലിപ്പോൾ ഇത് കേരളത്തിലും വ്യാപകമാവുകയാണ്.
മാഹി ചാലക്കര വയലിൽ കേര എൻജിനീയറിങ്ങിന് സമീപം ചെമ്പ്ര ക്ഷേത്രം റോഡിലെ ജോയ് പെരേരയുടെ ലമു എൽ എന്ന 13 വർഷം പഴക്കമുള്ള വീടാണ് ഉയർത്തുന്നത്. ഈ വീടിന്റെ മുന്നിലുള്ള തോട്ടിൽ വെള്ളമുയർന്ന് കഴിഞ്ഞ രണ്ട് മഴക്കാലത്തും വീടിനുള്ളിലേക്ക് വെള്ളം കയറി നാശനഷ്ടമുണ്ടായി. വീടും സ്ഥലവും വിറ്റ് ഇവിടെ നിന്ന് മാറാനായിരുന്നു ആദ്യം തീരുമാനിച്ചത്.
പിന്നിടാണ് കെട്ടിടം ഉയർത്താനാവുമെന്ന വിവരം അറിഞ്ഞത്. അതോടെ വീടുയർത്തി വെള്ളക്കെട്ടിനെ തോൽപിക്കാൻ തീരുമാനിച്ചു.
അന്വേഷണങ്ങൾക്കൊടുവിൽ മാസങ്ങൾക്ക് മുമ്പ് തൃശൂരിലെ ഒരു ക്രിസ്ത്യൻ ദേവാലയം നിലവിലുള്ള സ്ഥലത്തുനിന്ന് നീക്കിയതും കെട്ടിടങ്ങൾ ഉയർത്തിയതുമൊക്കെ ജോയി മനസ്സിലാക്കി. ഗൂഗിളിൽ കൂടുതൽ വിവരങ്ങൾ തേടി. അങ്ങനെയാണ് ഹരിയാനയിലെ ഹൗസ് ലിഫ്റ്റിങ് സർവീസ് കമ്പനിയായ ടി.ഡി.ബി.ഡി എൻജിനീയറിങ് വർക്‌സിനെക്കുറിച്ച് മനസ്സിലാക്കിയത്. കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ കെട്ടിടത്തിന്റെ ഫോട്ടോ അയച്ചു കൊടുക്കാൻ പറഞ്ഞു.
തുടർന്ന് കമ്പനിയുടെ വിദഗ്ധൻ ചാലക്കരയിലെത്തി വീട് പരിശോധിച്ച് വീട് മൂന്നടി ഉയർത്തുന്നതിന് കരാറായി. എട്ട് ലക്ഷം രൂപയാണ് ഇതിന് കമ്പനി ഈടാക്കുന്നത്. തുടർന്ന് ഉയർത്തിയ ഭാഗം മണ്ണിട്ട് നികത്തി അനുബന്ധ പ്രവൃത്തികൾ നടത്തി വീട് വാസയോഗ്യമാക്കാൻ 7 ലക്ഷത്തോളം വേറെയും ചെലവ് വരുമെന്ന് ജോയ് പറഞ്ഞു.
വിദഗ്ധരെത്തി വീടിന്റെ ഉറപ്പും ബലവും ആയുസ്സുമൊക്കെ പരിശോധിക്കുന്നതാണ് വീടുയർത്തലിന്റെ ആദ്യഘട്ടം. വീടുയർത്തുന്നതു കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല എന്നാണ് നിഗമനമെങ്കിൽ അക്കാര്യം വീട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്യും.
വെള്ളം കയറുന്നതു പോലെയുള്ള ബുദ്ധിമുട്ടുകൾ നല്ലൊരു പരിധി വരെ പരിഹരിക്കാമെന്നതും പുതിയ വീട് പണിയുന്നതിനെ അപേക്ഷിച്ച് ചെറിയ തുകയേ ചെലവ് വരൂ എന്നതുമാണ് വീട് ഉയർത്തലിന്റെ മെച്ചം. രണ്ടായിരം ചതുരശ്ര അടിയുള്ളതാണ് ഈ വീട്. വീടിന് ഒന്നാം നിലയുമുണ്ട്.
20 ദിവസമായി ഇതിന്റെ പ്രവൃത്തി തുടങ്ങിയിട്ട്. 50 ദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കും. തറയിൽ നിന്നും കെട്ടിടം വേർപെടുത്തി 170 ഓളം ജാക്കിക്ക് മുകളിലാണ് വീടിപ്പോഴുള്ളത്. യു.പി, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലെ 22 തൊഴിലാളികൾ വളരെ സൂക്ഷ്മതയോടെ ജാക്കി ഉയർത്തിക്കൊണ്ടിരിക്കുകയാണ്.
വീടിന്റെ അടിത്തറയ്ക്കു താഴെ ഓരോന്നായി ഇരുമ്പ് ജാക്കി പിടിപ്പിച്ച് വീട് മുഴുവനായി ജാക്കിക്ക് മുകളിൽ വരുംവിധം ക്രമീകരിക്കുകയും അതിനു ശേഷം ഒരേ അളവിൽ ജാക്കി തിരിച്ച് വീട് ഉയർത്തിയശേഷം കട്ടകെട്ടി ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
വൈദഗ്ധ്യമുള്ള തൊഴിലാളികളും അണുവിട തെറ്റാതെ കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിലേ ഈ പ്രവൃത്തി വിജയിക്കൂ. ആദ്യം ഭിത്തിക്ക് ഇരുവശവും രണ്ടരയടി താഴ്ചയിലും വീതിയിലും കുഴിക്കുന്നു. അടിത്തറയ്ക്കു താഴെ ഓരോന്നായി ജാക്കി ഉറപ്പിക്കുന്നു.
വീട് മുഴുവൻ ജാക്കിക്ക് മുകളിൽ ആയിക്കഴിഞ്ഞ ശേഷം ജാക്കി അൽപാൽപമായി തിരിച്ച് ഉയർത്തും. 10 ജാക്കിന് ഒരു ജോലിക്കാരൻ എന്നതാണ് അനുപാതം.
20 ജോലിക്കാരുണ്ടെങ്കിൽ ഒരേ സമയം 20 ജാക്കി ആയിരിക്കും ഉയർത്തുക. ഇതിനായി കെട്ടിടത്തിന്റെ ഭാരം തുല്യമായി വിന്യസിക്കുന്ന രീതിയിൽ ജാക്കികൾ 20 സെറ്റ് ആയി തിരിക്കും. ഓരോ പണിക്കാർക്കും പത്ത് ജാക്കി വീതം വീതിച്ചു നൽകുകയും ചെയ്യും.
ഓരോ മില്ലിമീറ്റർ വീതമാണ് കെട്ടിടം ഉയർത്തുക. ഒരടി ഉയർത്തിക്കഴിഞ്ഞാൽ അടിത്തറയ്ക്കു താഴെയുള്ള ഭാഗത്ത് മൂന്ന് അടി വീതിയിലും ആറിഞ്ച് കനത്തിലും പുതിയ ബെൽറ്റ് വാർത്ത് അതിനു മുകളിൽ പുതിയ അടിത്തറ കെട്ടും.
ഉയർത്തിയ ഭാഗത്ത് കോൺക്രീറ്റ് കട്ട കെട്ടി ബലപ്പെടുത്തുന്നു. ഇതിന് ഏറ്റവും മുകളിൽ കോൺക്രീറ്റ് മിശ്രിതം പമ്പ് ചെയ്ത് ബെൽറ്റ് പോലെ നിർമിച്ച് വീടുമായി യോജിപ്പിക്കുന്നു.
ഒരടി ഉയർത്തിയ ശേഷം ഓരോ ജാക്കി ആയി എടുത്തുമാറ്റി കട്ട കെട്ടി അതിനു മുകളിൽ വീണ്ടും ജാക്കി വയ്ക്കും.
കെട്ടിടം ഉയർത്തിക്കഴിഞ്ഞാൽ മുറ്റവും വീടിനുൾഭാഗവും മണ്ണിട്ട് ഉയർത്തണം. വീണ്ടും ഫ്‌ളോറിങ് ചെയ്യണം. വയറിങ്, പ്ലമ്പിങ്, വാതിൽ, ജനൽ ഇവയൊന്നും മാറ്റേണ്ടതില്ല.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കായംകുളം, തിരുവല്ല, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി ധാരാളം വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ഇങ്ങനെ ഉയർത്തിയിട്ടുണ്ട്. തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലും ഏതാനും കെട്ടിടങ്ങൾ ഈ നിലയിൽ ഉയർത്തിയിട്ടുണ്ട്.
ആറ് നില വരെയുള്ള കെട്ടിടങ്ങൾ ഇങ്ങനെ ഉയർത്തിയതായി കമ്പനി അധികൃതർ പറയുന്നു.
നിർമാണത്തിലെ അപാകത കാരണം കെട്ടിടത്തിലെ ഏതെങ്കിലും ഭാഗം താഴ്ന്ന് പോയാൽ അവ നേരെയാക്കി ഉയർത്തുന്നതും നിലവിലുള്ള കെട്ടിടം പൂർണമായും തൊട്ടടുത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുന്നതും കാണാൻ ഇവിടെ ജനക്കൂട്ടം എത്തുന്നു.






