Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

വെറുതെയല്ല, ആ വാക്കുകൾ

നിസ്സഹായരായ മനുഷ്യർ തെരുവുകളിൽ ദയാരഹിതമായി കൊല ചെയ്യപ്പെടുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തിയെയല്ല,അതിനെ ആൾക്കൂട്ടക്കൊല എന്ന് വിളിക്കുന്നതിനെയാണ് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് എതിർക്കുന്നത്. ആ പ്രവൃത്തിയെ എതിർക്കുന്നത് രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണെന്ന് അദ്ദേഹം കരുതുകയും ചെയ്യുന്നു. ആർ.എസ്.എസ് മേധാവിയുടെ ഓരോ വാക്കും നാളെ ദേശീയ നയമായി മാറുമെന്നതിനാൽ, ആ വാക്കുകളൊന്നും വെറുതെയല്ല. 

വിജയദശമി ദിനത്തിലാകട്ടെ, മറ്റേതെങ്കിലും സന്ദർഭത്തിലാകട്ടെ, ആർ.എസ്.എസ് മേധാവി നടത്തുന്ന ഒരു പ്രസംഗം കാര്യമായ ജനശ്രദ്ധ ആകർഷിക്കുമായിരുന്നില്ല, മുമ്പ്. ദേശീയ മാധ്യമങ്ങളിൽ ഒറ്റക്കോളത്തിലൊതുങ്ങുന്ന ഒരു വാർത്തയായിരുന്നു അത്. ആർ.എസ്. എസ്, സംഘ്പരിവാർ പത്രങ്ങളിലോ അവരോട് അനുഭാവം പുലർത്തുന്ന മാധ്യമങ്ങളിലോ അല്ലാതെ അതിന് വലിയ വാർത്താപ്രാധാന്യം കിട്ടുമായിരുന്നില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി. 2014 ന് ശേഷം ആർ.എസ്.എസിന്റെയും അതിന്റെ നേതാക്കളുടേയും വാക്കുകൾക്ക് പ്രസക്തി കൈവന്നിരിക്കുന്നു. കാരണം ആ വാക്കുകൾ ചില നയപ്രഖ്യാപനങ്ങളാണ്. അല്ലെങ്കിൽ ദേശീയ നയമായി മാറാൻ പോകുന്ന കാര്യങ്ങളാണ്. അതിനാൽ ഓരോ വാക്കും വാചകവും ഇഴ പിരിച്ച് പരിശോധിക്കപ്പെടുന്നു.  ദേശീയ രാഷ്ട്രീയത്തിൽ മാത്രമല്ല, സാമൂഹിക ഘടനയിലും അതുളവാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്നു. 
ഇക്കഴിഞ്ഞ വിജയദശമി ദിനത്തിൽ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തിന് സമീപം സർസംഘ്ചാലക് മോഹൻ ഭാഗവത് നടത്തിയ പ്രസംഗത്തിനും അത്തരത്തിലുള്ള ദേശീയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. അത് കേവലമായ ഒരു പ്രസംഗമായിരുന്നില്ലെന്ന് പൂർണമായും കേട്ടാൽ മനസ്സിലാകും. ഈ രാജ്യത്തെ സംബന്ധിക്കുന്ന സകലതിനേയും ഭാഗവത് തന്റെ നീണ്ട പ്രസംഗത്തിൽ പരാമർശിക്കാൻ ശ്രമിക്കുന്നുണ്ട്. ആഭ്യന്തര രാഷ്ട്രീയം മുതൽ, വിദ്യാഭ്യാസം, സമ്പദ് രംഗം, വിദേശനയം, സംസ്‌കാരം തുടങ്ങി വ്യത്യസ്തമായ മേഖലകളെ അദ്ദേഹം സമീപിക്കുന്നുണ്ട്. സംഘുമായി ബന്ധമുള്ളവരെ സംബന്ധിച്ച് അതിൽ അതിശയിക്കാനൊന്നുമില്ലെങ്കിലും ഈ വാക്കുകൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദേശീയ സർക്കാരിന്റെ നയങ്ങളായി പരിവർത്തിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ അതിനെ ഇഴകീറി പരിശോധിക്കുക അനിവാര്യമാണ്. കാരണം പ്രധാനമന്ത്രി ആർ.എസ്.എസിന്റെ മുൻ പ്രചാരക് ആണ്. മുൻ ബി.ജെ.പി സർക്കാരുകളിൽനിന്ന് വ്യത്യസ്തമായി സമ്പൂർണമായും ആർ.എസ്.എസ് നയിക്കുന്ന ഒരു സർക്കാരിന്റെ തലപ്പത്താണ് അദ്ദേഹം ഇരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് മോഹൻ ഭാഗവത് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി  അമിത് ഷാക്ക് പ്രത്യേകമായ അഭിനന്ദനങ്ങൾ നേരുകയുണ്ടായി. ആർ.എസ്.എസിന്റെ ദീർഘകാല പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് വളരെ സമർഥമായി നടപ്പാക്കാൻ ഷായ്ക്കും കൂട്ടർക്കും കഴിഞ്ഞത് ഭാഗവതിനെ സന്തോഷിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. മുമ്പു കഴിഞ്ഞു പോയ എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ പ്രകടന പത്രികയിൽ സ്ഥാനം പിടിച്ച വാഗ്ദാനമാണ് ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കുമെന്നും അതിലൂടെ കശ്മീരിന്റെ സവിശേഷ പദവി എടുത്തുകളയുമെന്നും. എന്നാൽ ആദ്യ മോഡി സർക്കാരിന്റെ ശ്രദ്ധാപൂർവമായ അടിത്തറ പണിയലിനുശേഷം വർധിത ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയ അസുലഭ സന്ദർഭം തന്നെയാണ് ഈ തീരുമാനം നടപ്പാക്കാൻ ഏറ്റവും ഉചിതമെന്ന് ആർ.എസ്.എസ് തീരുമാനിക്കുകയായിരുന്നു. 
സൈന്യത്തിന്റെ പൂർണ പിന്തുണയോടെ, എല്ലാ രാഷ്ട്രീയ എതിർപ്പുകളേയും അപ്രസക്തമാക്കി കശ്മീരിൽ വിചാരിച്ചത് നടപ്പാക്കാൻ മോഡിക്കും അമിത് ഷായ്ക്കും കഴിഞ്ഞത് ചെറിയ കാര്യമല്ല. പ്രതിപക്ഷ കക്ഷികളുടെ ആത്മവിശ്വാസം ഒരിക്കൽകൂടി ചോർത്തിക്കളഞ്ഞ സംഭവമായിരുന്നു അത്. 
ഒരു വശത്ത് പാക്കിസ്ഥാനിലൂടെ അന്താരാഷ്ട്ര തലത്തിലും മറുവശത്ത് ആഭ്യന്തര രാഷ്ട്രീയത്തിലും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കരുതിയ തീരുമാനം, വലിയ പ്രതിബന്ധങ്ങളൊന്നുമില്ലാതെ വിജയകരമായി നടപ്പാക്കാൻ മോഡിക്ക് കഴിഞ്ഞു. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെയൊന്നടങ്കം തടങ്കലിലിട്ട് നടപ്പാക്കിയ ഈ ജനാധിപത്യവിരുദ്ധ പ്രവർത്തനം അടിയന്തരാവസ്ഥയുടെ ഭീകരനാളുകൾ തിരിച്ചുകൊണ്ടുവരുന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. എന്നാലതൊന്നും ആർ.എസ്.എസ് കണക്കിലെടുക്കുന്നേയില്ല.
ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പ് വിജയത്തെ ആർ.എസ്.എസ് മേധാവി തന്റെ പ്രസംഗത്തിൽ വിശകലനം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ഇച്ഛാശക്തിയോട് കൂടിയ തീരുമാനമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് വിജയത്തിന് ആധാരമായ ഭീകരമായ വർഗീയധ്രുവീകരണം ആർ.എസ്.എസിന് ഉണ്ടാക്കാനായി എന്നത് ഇനിയും നമ്മുടെ രാഷ്ട്രീയ പാർട്ടികൾ വേണ്ടത്ര ഉൾക്കൊണ്ടതായി തോന്നുന്നില്ല. പെട്ടെന്നൊന്നും കൂട്ടിച്ചേർക്കാനാവാത്ത വിധം രാഷ്ട്രഗാത്രത്തിൽ വർഗീയമായ പിളർപ്പുകൾ ഉണ്ടാക്കാൻ അവർക്ക് സാധിച്ചു. ഇത് അധികാര രാഷ്ട്രീയപ്രയോഗം കൊണ്ട് മാത്രമല്ല, നമ്മുടെ സാമൂഹിക ഘടനയിൽ ഏൽപിക്കുന്ന ആഘാതങ്ങൾകൊണ്ട് കൂടി സൃഷ്ടിക്കുന്ന ഒന്നാണ്. അതിൽ പ്രധാനപ്പെട്ട ഒരു പരിപാടിയാണ് ആൾക്കൂട്ടക്കൊലകൾ.
ഇതേ വർഗീയ ധ്രുവീകരണമാണ് മുമ്പും അധികാരത്തിലെത്താനായി ബി.ജെ.പി പയറ്റിയിട്ടുള്ളത്. അതിന്റെ ഉൽപന്നമായാണ് ബാബ്‌രി മസ്ജിദിന്റെ തകർച്ച. ഉന്മാദികളായ വർഗീയവാദികൾ വിതക്കാൻ പോകുന്ന വിഭാഗീയതയുടെ വിത്തുകൾ മുളപൊട്ടി ഇന്ത്യയെ പൊതിഞ്ഞുനിൽക്കുമെന്ന ആർ.എസ്.എസിന്റെ കണക്കുകൂട്ടലുകൾക്ക് ഇന്ത്യൻ പൗരസമൂഹം കൃത്യമായ മറുപടി നൽകി. 
ഭരണഘടനാമൂല്യങ്ങളെ ചവിട്ടിമെതിക്കാനുള്ള മടിയും രാജ്യത്തിന്റെ ജനാധിപത്യഭാവിയിലുള്ള ആശങ്കയും കാരണം, ഇന്ന് മോഡി ചെയ്യുന്നതുപോലെ, കൈവിട്ട് കളിക്കാൻ ബി.ജെ.പിയുടെ പഴയ നേതാക്കൾക്ക് കഴിഞ്ഞില്ല. അതിനാൽ വാജ്‌പേയി സർക്കാരിന് നീണ്ടു നിൽക്കുന്ന തുടർച്ചകളില്ലാതെ പോയി.
പിന്നീട് വന്ന പത്തു വർഷത്തെ യു.പി.എ ഭരണം വാസ്തവത്തിൽ ആർ.എസ്.എസിന്റെ രാഷ്ട്രീയ പരീക്ഷണ കാലമായിരുന്നു. കലാപങ്ങളിലൂടെ ഗുജറാത്തിൽ വർഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയ പരീക്ഷണങ്ങൾ അരങ്ങേറി. അതിന് നേതൃത്വം നൽകിയ നരേന്ദ്രമോഡി ബി.ജെ.പിയുടെ ഉന്നതസ്ഥാനത്തേക്ക് കടന്നുവരികയായിരുന്നു. ഗുജറാത്തിലെ വർഗീയ പരീക്ഷണങ്ങൾ വിജയം കണ്ടതിന്റെ സൂചനയായിരുന്നു 2014 ലെ മോഡിയുടെ തെരഞ്ഞെടുപ്പ് വിജയം. അഞ്ചു വർഷം കൊണ്ട് കൃത്യമായി ഹിന്ദുത്വ രാഷ്ട്രത്തിന് അടിത്തറ പണിയാൻ മോഡിക്ക് സാധിച്ചു. ഭൂരിപക്ഷ ഹിന്ദു വോട്ടുകളെ എല്ലാ പാർട്ടിചിന്തകൾക്കും അതീതമായി ബി.ജെ.പിയിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് വിജയം കണ്ടത്. ഹിന്ദുവും അഹിന്ദുവും തമ്മിലുള്ള മത്സരമായി പൊതുതെരഞ്ഞെടുപ്പിനെ മാറ്റിയെടുക്കാൻ 2019 ആയപ്പോഴേക്കും ആർ.എസ്.എസിന് സാധിച്ചു. ഹിന്ദു ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഇത്തരമൊരു മത്സരത്തിൽ ആർക്കാണ് വിജയമുണ്ടാകുക എന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന കാര്യമാണ്. ഈ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഭാഗവത് പറയുന്ന കാര്യത്തിന്റെ സാരാംശമിതാണ്. 
ചില ശത്രുക്കൾ ഇന്ത്യയെ അപകീർത്തിപ്പെടുത്താനും ദുർബലപ്പെടുത്താനും ശ്രമിക്കുന്നു എന്നതായിരുന്നു ഭാഗവതിന്റെ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിന്റെ കാതൽ. രാജ്യത്തെ സാമ്പത്തിക തകർച്ചയെ അദ്ദേഹം ഇതിനായി ഉദാഹരിച്ചു. സമ്പദ്‌രംഗം തകർന്നു എന്ന് വിലപിക്കുന്നത് രാജ്യത്തിന് നെഗറ്റീവ് പ്രതിച്ഛായ ഉണ്ടാക്കുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. അതിനാൽ പരാജയങ്ങളെക്കുറിച്ച് മിണ്ടാതിരിക്കണം. വിജയങ്ങളും നേട്ടങ്ങളും മാത്രം ഉയർത്തിക്കാണിക്കണം. അവിടെയും ഇവിടെയും നടക്കുന്ന ചില്ലറ സംഭവങ്ങളെ ആൾക്കൂട്ട കൊലകളെന്ന് പറഞ്ഞ് പ്രാധാന്യം നൽകുന്നത് അവസാനിപ്പിക്കണം. ആൾക്കൂട്ടക്കൊല ഇന്ത്യയുടെ സംസ്‌കാരമല്ലെന്നും അത് ഒരു പാശ്ചാത്യ പരികൽപനയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ആൾക്കൂട്ടക്കൊലകളെക്കുറിച്ചുള്ള വിലാപങ്ങളെന്നും ഭാഗവത് പറഞ്ഞു.
ഈ സാഹചര്യത്തിലാണ്, ആൾക്കൂട്ടക്കൊലകൾക്കെതിരെ ആശങ്ക പ്രകടിപ്പിച്ച 49 സാംസ്‌കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കേസെടുക്കാനുള്ള ബിഹാറിലെ ഒരു കോടതിയുടെ വിധിയെ കാണേണ്ടത്. ആൾക്കൂട്ട കൊലകളെക്കുറിച്ച് സംസാരിക്കുന്നത് രാജ്യത്തെ അപകീർത്തിപ്പെടുത്തലാണ്, അതിനാൽ രാജ്യദ്രോഹവുമാണ് എന്ന മോഹൻ ഭാഗവതിന്റെ വീക്ഷണം തന്നെയാണ് ആ ജഡ്ജിയും പങ്ക്‌വെച്ചത്. 
ശ്രദ്ധാപൂർവം തെരഞ്ഞെടുത്ത വാക്കുകളാണ് അദ്ദേഹം പ്രസംഗത്തിൽ ഉപയോഗിച്ചത്. ഇന്ത്യയുടെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും വൈവിധ്യത്തേയും പരാമർശിക്കാൻ ഹിന്ദു എന്ന വാക്ക് മാത്രമാണ് അദ്ദേഹം ഉപയോഗിച്ചത്. ഐക്യത്തിനും സൗഹാർദത്തിനുമുള്ള ആഹ്വാനം പ്രസംഗത്തിലുണ്ടായിരുന്നെങ്കിലും ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായിരിക്കുമെന്ന് തറപ്പിച്ചു പറയാൻ അദ്ദേഹം മടിച്ചുമില്ല. നിരപരാധികളായ ദളിതുകളും ന്യൂനപക്ഷ മതങ്ങളിൽപെട്ടവരും തെരുവുകളിൽ നിർദയം അടിച്ചുകൊല്ലപ്പെടുന്നുവെന്ന യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കാൻ ആൾക്കൂട്ടക്കൊല എന്ന വാക്കിന്റെ ഉൽപത്തി തേടിപ്പോവുകയാണ് അദ്ദേഹം ചെയ്തത്. 
വാക്കുകൾക്ക് മറച്ചുവെക്കാവുന്നതിനുമപ്പുറമുള്ള വെളിച്ചമുള്ള യാഥാർഥ്യമാണ് ആൾക്കൂട്ട കൊലകൾ. അതിന് പല ഭാഷകളിൽ, പല  സംസ്‌കാരങ്ങളിൽ പല വാക്കുകളും അർഥങ്ങളും പകരം വെക്കാനുണ്ടാവാം. എന്നാൽ ഇവിടെ അതുൽപാദിപ്പിക്കുന്ന വികാരം ഒന്നു തന്നെയാണ്. നിസ്സഹായരായ മനുഷ്യർക്കുമേൽ, ഒരു ജനക്കൂട്ടം കാട്ടാള നീതി നടപ്പാക്കുന്ന ദയരഹിതമായ കാഴ്ചയുടെ പേരാണത്. പ്രവൃത്തിയെയല്ല, വാക്കിനെയാണ് ഭാഗവത് എതിർക്കുന്നത്. ആ വാക്കുകൾ വെറുതയല്ലെന്നാണ് അതിന്റെ അർഥം.

 

Latest News