Sorry, you need to enable JavaScript to visit this website.

തേച്ചുമിനുക്കിയെടുത്താൽ എല്ലാവരിലുമുണ്ട് സ്വർണം

കഴിഞ്ഞ ആഴ്ച ഒരു കൂട്ടം ചെറുപ്പക്കാരുമൊത്ത് ജിദ്ദയിൽ  കുറച്ചു നേരം കൂടിയിരുന്ന് അനൗപചാരികമായ ചില വർത്തമാനങ്ങളിൽ  ഏർപ്പെട്ടിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു അത്. വിവിധ തുറകളിലുള്ള അനുഭവ സമ്പന്നരുമൊത്ത് ഫോക്കസ് ജിദ്ദയുടെ പ്രവർത്തകരായ ചെറുപ്പക്കാർ മാസത്തിലൊരിക്കൽ കൂടിയിരുന്ന് പരസ്പരം അടുത്തറിയുകയും വായനയും അനുഭവങ്ങളും പങ്ക് വെക്കുകയും ചെയ്യുന്ന ഒരു സൗഹൃദ സല്ലാപം. ഏകദേശം രണ്ടര മണിക്കൂർ നീണ്ടുനിന്ന സല്ലാപം വൈവിധ്യമാർന്ന ചോദ്യങ്ങൾ കൊണ്ടും അന്വേഷണങ്ങളാലും സമ്പന്നമായിരുന്നു. 
അതിൽ ഒരു പ്രധാനപ്പെട്ട ചോദ്യം എന്റെ പി.എച്ച്.ഡി ഗവേഷണ പഠനവുമായി ബന്ധപ്പെട്ടതായിരുന്നു. ക്രിയേറ്റിവിറ്റിയുമായി ബന്ധപ്പെട്ടതായിരുന്നു ഗവേഷണ വിഷയം എന്ന് പറഞ്ഞപ്പോൾ അവർക്ക് കൗതുകം കൂടി വന്നു. നവ നവങ്ങളായ ആശയങ്ങളും നിർമ്മിതികളും ഉൽപന്നങ്ങളും ഫലിതങ്ങളുമെല്ലാം മനുഷ്യന്റെ സർഗാത്മകതയുടെ ഫലമാണ്. പൊതുവെ കലാ സാംസ്‌കാരിക ശാസ്ത്ര രംഗങ്ങളിൽ  വലിയ മുന്നേറ്റങ്ങൾ നടത്തുന്നവരെ കുറിച്ചേ സർഗശേഷിയുള്ളവർ എന്ന് വിലയിരുത്തപ്പെടാറുള്ളൂ. 
എന്നാൽ എല്ലാവരിലും ഉള്ള സിദ്ധിയാണ് സർഗാത്മകത. പലരിലും അത് പല തരത്തിൽ പ്രത്യക്ഷപ്പെടാം. ചിലർ എഴുതുന്നു, വരയ്ക്കുന്നു, പാടുന്നു, ആടുന്നു, പ്രഭാഷണം നടത്തുന്നു, പുത്തൻ വിഭവങ്ങൾ പാചകം ചെയ്യുന്നു. എന്തിനധികം  ചിലർ അധിക നേരവും ഉല്ലാസഭരിതരായി കാണപ്പെടുന്നതും, സാഹസികമായ യാത്ര ചെയ്യുന്നതും  നിമിഷ നേരം കൊണ്ട് ആജീവനാന്ത സൗഹൃദം സ്ഥാപിക്കുന്നതും സർഗ സമ്പന്നതയുടെ  ലക്ഷണമാണ്. സർഗപരത നല്ല കാര്യങ്ങളിൽ മാത്രമല്ല, ഞെട്ടിപ്പിക്കുന്ന  സമൂഹ്യ വിരുദ്ധമായ കാര്യങ്ങളിൽ പോലും സർഗ്ഗാത്മകതയുടെ വേലിയേറ്റങ്ങൾ കാണാവുന്നതാണ്.
ജീവിതം ഒരേപോലെ ഒരേ രീതിയിൽ ജീവിച്ചു പോകുന്നവർക്ക് ജീവിതത്തിലെ വൈവിധ്യങ്ങൾ അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്നില്ല. അവർ നടന്ന വഴികളിലൂടെ കണ്ട കാഴ്ചകൾ കണ്ടും പഴകിയ സമ്പ്രദായങ്ങൾ പിന്തുടർന്നും അനുദിനം പഴകിയഴുകമ്പോൾ ക്രിയേറ്റീവ് ആയ വ്യക്തികൾ പുതിയ കാര്യം ചെയ്തും പുതിയ പൂവുകൾ കണ്ടും അനുനിമിഷം ജീവിതം ധന്യമാക്കുന്നു.
നാം ചെയ്യേണ്ടത് നമ്മളിൽ  ഒളിഞ്ഞിരിക്കുന്ന പലതരത്തിലുള്ള കഴിവുകൾ  തിരിച്ചറിയുകയും അവ പരിപോഷിപ്പിക്കുന്നതിനാവശ്യമായ പരിശ്രമങ്ങളിൽ വ്യാപൃതമാവുകയുമാണ് വേണ്ടത്. സർഗാത്മകതയുടെ പൂവിടലിനും വികാസത്തിനും പ്രായപരിധിയില്ല. ഏത് കാലത്തും എവിടെ വെച്ചും മനുഷ്യനിൽ സർഗാത്മകതയുടെ പ്രകാശനം സംഭവിക്കാം. പുതുമ, ഒഴുക്ക്, മൗലികത തുടങ്ങിയ ഘടകങ്ങൾ സർഗസിദ്ധിയുടെ മാറ്റിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാവുന്നുണ്ട്. 
പല മേഖലകളിൽ കഴിവുള്ള നമ്മൾ, നമ്മുടെ ശേഷിയുടെ വളരെ കുറഞ്ഞ അളവ് മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ. ഒരിക്കൽ പോലും തിരിച്ചറിയപ്പെടാത്ത സിദ്ധികളുമായി അനേക വർഷങ്ങൾ ജീവിച്ച് ഒരു നാളിൽ പൊടുന്നനെ മരിച്ച് പോവുന്ന ഒരു ആവറേജ് ജീവിതം ജീവിക്കുന്നതിന് പകരം, പുതുവഴി വെട്ടി, പുതു കാര്യം ചെയ്ത്, പുതിയ കഴിവുകൾ ആർജ്ജിച്ച് നമ്മിലെ അന്വേഷിയായ വിദ്യാർത്ഥി മനസ്സിനെ സംരക്ഷിക്കുക. കൊച്ചുകുട്ടികളെ കണ്ടില്ലേ? അവർ, എത്ര പരാജയപ്പെട്ടാലും  വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കും. ആ നിരന്തരം പരിശ്രമിക്കുന്ന  മനസ്സിലെ സർഗജ്വാല  തല്ലി കെടുത്തുന്നത് വിവേകശൂന്യരായ മാതാപിതാക്കളും ബന്ധുക്കളും അധ്യാപകരും സമൂഹവുമാണ്. നിരന്തരമായ പരിഹാസം, താരതമ്യം ചെയ്യൽ, കുറ്റപ്പെടുത്തൽ, ഒറ്റപ്പെടുത്തൽ, കുത്തിപ്പറയൽ തുടങ്ങി പല മാരക രീതികളിലും അവർ സർഗാത്മകതയെ വകവരുത്തും. ഫലമോ, കൂട്ട് കൂടാനറിയാത്ത, പാട്ട് പാടാനറിയാത്ത, ആത്മവിശ്വാസമില്ലാത്ത, സ്വയം പഴിക്കുന്ന കുറെ ഉൾവലിയുന്ന പ്രകൃതക്കാരായി അവർ മാറും. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളേയും  തരണം ചെയ്ത് തന്നിലെ പ്രതിഭയെ പരിപോഷിപ്പിക്കുന്ന മിടുക്കൻമാരും മിടുക്കികളും പിൽക്കാലത്ത് സമൂഹം ആദരിക്കുന്നവരായി തീരും. 
പുതിയ സോഷ്യൽ മീഡിയ കാലത്ത് എഴുത്തിന്റെ  ലോകത്തിലേക്ക് കടന്നുവരാം. ഫോട്ടോഗ്രഫിയുടെ, സിനിമയുടെ വിപണനത്തിന്റെ, പത്രപ്രവർത്തനത്തിന്റെ തുടങ്ങി നിരവധി ലോകങ്ങളിലേക്ക് കടന്നു വരാം.  നമുക്ക് ഓരോ ദിവസത്തെയും പലവിധത്തിലും സമ്പുഷ്ടമാക്കാൻ കഴിയും എന്നർത്ഥം. ഒട്ടും വൈകിയിട്ടില്ല, നിങ്ങൾക്കും ശോഭിക്കാം. നിങ്ങളുടെ മാത്രം കഥ പറഞ്ഞ്, ഫലിതം പങ്ക് വെച്ച് അതുമല്ലെങ്കിൽ വേദന പകുത്തേകിയെങ്കിലും ഇവിടെ  ജീവിക്കുന്നതിന്റെ അടയാളം സ്മരണീയമായ രീതിയിൽ അനുദിനം പകർന്നേകി അതുല്യപ്രതിഭകളാവുക.

Latest News