റോഡരികില്‍ ഉറങ്ങുന്നവര്‍ക്കുമേല്‍ ബസ് പാഞ്ഞു കയറി ഒരു കുടുംബത്തിലെ ഏഴു പേര്‍ കൊല്ലപ്പെട്ടു

ബുലന്ദ്ശഹര്‍- പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ റോഡരികില്‍ ഉറങ്ങുകയായിരുന്ന തീര്‍ത്ഥാടക സംഘത്തിനു മേല്‍ ബസ് പാഞ്ഞുകയറി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴു പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. തീര്‍ത്ഥാടന കേന്ദ്രമായ നറോറയിലെ ഗംഗാഘട്ടിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ ഒരു കുടുംബത്തിലെ നാലു സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്. ഉത്തര്‍ പ്രദേശിലെ ഹത്ത്‌റസ് സ്വേദശികളാണ് അപകടത്തില്‍പ്പെട്ടവരെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍. ഗംഗാ നദിയില്‍ മുങ്ങിയ ശേഷം നറോറയില്‍ നിന്ന് മടങ്ങാനിരിക്കുകയായിരുന്നു ഇവര്‍. 

അപകടമുണ്ടാക്കിയ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ സംഭവശേഷം മുങ്ങിയിരിക്കുകയാണ്. മൃതദേഹങ്ങളെല്ലാം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ആശുപത്രിയിലേക്കു മാറ്റി.
 

Latest News