Sorry, you need to enable JavaScript to visit this website.

കേരള ബാങ്കിന്റെ പ്രതീക്ഷ പ്രവാസി നിക്ഷേപത്തിൽ

തിരുവനന്തപുരം - സംസ്ഥാന സർക്കാർ കേരള ബാങ്ക്  രൂപീകരിക്കുന്നത് പ്രവാസി നിക്ഷേപത്തിൽ പ്രതീക്ഷയർപ്പിച്ച്. സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സംസ്ഥാനത്തിന് പ്രവാസി നിക്ഷേപം നേരിട്ട് സ്വീകരിക്കാൻ കഴിയും. 
ഈതുക കേരള വികസനത്തിന് പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ. എന്നാൽ കേരള ബാങ്കിന്റെ രൂപീകരണം സഹകരണ മേഖലയക്ക് വലിയ തിരിച്ചടിയാകുമെന്നാണ് പ്രധാന വിമർശനം.
പ്രവാസി മലയാളികൾ ഓരോ വർഷവും നമ്മുടെ നാട്ടിലേയ്ക്ക് അയയ്ക്കുന്നത് 1.5 ലക്ഷം കോടിയോളം രൂപയാണ്. എന്നാൽ എൻ.ആർ.ഐ നിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള റിസർവ് ബാങ്കിന്റെ സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞിരുന്നില്ല. 
കേരള ബാങ്കിലൂടെ ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. ലയന നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി കേരള ബാങ്ക് പരമാവധി വേഗത്തിൽ യാഥാർഥ്യമാക്കുമെന്നും തിയതി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
പ്രവാസി നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം കേരള ബാങ്കിലെത്തുന്നതോടെ കേരള വികസനത്തിനത് കുതിപ്പേകും. പ്രവാസി നിക്ഷേപകർക്ക് ഗുണകരമാകുന്നതിനൊപ്പം ഈ പണം കൂടുതലായി നമ്മുടെ നാട്ടിൽ വിനിയോഗിക്കാൻ കഴിയുമെന്നും സർക്കാർ കണക്ക് കൂട്ടുന്നു. ഇപ്പോൾ ഹൈക്കോടതിയിലുള്ള കേസുകൾ തീർപ്പാകുന്ന മുറക്ക് കേരള ബാങ്ക് രൂപീകരിക്കാനാണ് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുള്ളത്. 2020 മാർച്ച് 31 വരെ റിസർവ് ബാങ്ക് സമയം അനുവദിച്ചിട്ടുണ്ട്.
 ലയനം യാഥാർഥ്യമാകുന്നതോടെ ജില്ലാ ബാങ്കുകളുടെ 805 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളുമാണ് കേരള ബാങ്കിന്റെ ബ്രാഞ്ചുകളായിമാറുന്നത്. മലപ്പുറം ഒഴികെ 13 ജില്ലാബാങ്കുകളും ലയനം അംഗീകരിച്ചിട്ടുണ്ട്. മലപ്പുറത്ത് യു.ഡി.എഫിനാണ് ഭൂരിപക്ഷം. 
ഇവിടെ ലയനപ്രമേയം രണ്ടുതവണ അവതരിപ്പിച്ചെങ്കിലും പാസ്സായില്ല. എന്തായാലും നവംബർ ഒന്നിന് കേരള ബാങ്ക് നിലവിൽവരാനുള്ള സാധ്യതയില്ല.
കേരളാ ബാങ്ക് യാഥാർഥ്യമാകുന്നതോടെ കൂടുതൽ കാർഷിക വായ്പ നൽകാൻ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയിൽ നബാർഡിൽ നിന്നും കൂടുതൽ പുനർവായ്പ ലഭിക്കും. നബാർഡിൽ നിന്നും ലഭിക്കുന്ന പുനർവായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാൽ കർഷകർക്ക് നിലവിലെ ഏഴ് ശതമാനം എന്ന പലിശ നിരക്കിൽ നിന്നും കുറച്ചു നൽകാനാകും. കാർഷികേതര വായ്പകളുടേയും പലിശ നിരക്ക് കുറയ്ക്കാനും സാധിക്കും.
സംസ്ഥാന വ്യാപകമായി ഓൺ ലൈൻ ബാങ്കിംഗ് സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കാൻ നിലവിലെ സ്ഥിതിയിൽ സഹകരണ ബാങ്കുകൾക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ കേരള ബാങ്കിന് ആധുനിക സാങ്കേതിക സൗകര്യങ്ങൾ നിഷ്പ്രയാസം ഏർപ്പെടുത്താനാകും. യുവതലമുറ ആഗ്രഹിക്കുന്ന ബ്രാൻഡ് മൂല്യം ആർജിക്കുന്നതിനും കേരള ബാങ്കിന് കഴിയും. ഓൺലൈൻ ബാങ്കിംഗ്, എ.ടി.എം, ഡെബിറ്റ് കാർഡ് എന്നിവയെല്ലാം കേരള ബാങ്കിലുണ്ടാകും.
സ്വകാര്യ, ന്യൂജനറേഷൻ, ദേശസാൽകൃത ബാങ്കുകൾ ഉപഭോക്താക്കളെ വിവിധ രീതികളിൽ പിഴിയുകയാണ്. സേവന ചാർജുകൾ, പിഴ എന്നീ ഇനങ്ങളിൽ കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ ആയിരക്കണക്കിന് കോടി രൂപയാണ് അവർ പിഴിഞ്ഞെടുക്കുന്നത്. 
പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കഴിഞ്ഞ ഒരു വർഷം അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ല എന്ന പേരിൽ 1,772 കോടി രൂപയാണ് ജനങ്ങളിൽ നിന്നും കൈവശമാക്കിയത്. ഈ കൊള്ളക്ക് അറുതി വരുത്താൻ കേരള ബാങ്ക് വഴി സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും. കേരള ബാങ്ക് നൽകുന്ന സാങ്കേതിക മികവുള്ള സേവനങ്ങൾ അവരിലൂടെ സാധാരണക്കാരായ ഗ്രാമീണ ജനതയിലും എത്തിക്കാൻ സാധിക്കും.
കേരള ബാങ്ക് രൂപീകരണം എന്ത് വില കൊടുത്തും തടയുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹം ഇക്കാര്യം ഉന്നയിച്ച് റിസർവ് ബാങ്ക് ഗവർണർക്ക് കത്തയക്കുക വരെ ചെയ്യുന്ന സ്ഥിതിയുണ്ടായെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വ്യാജ ആരോപണ കത്തുകളും, കേസുകളുമെല്ലാം നിശ്ചയദാർഢ്യത്തിലൂടെ സംസ്ഥാന സർക്കാർ അതിജീവിച്ചു. ജില്ലാ ബാങ്ക് ഭരണം നഷ്ടമാകുമെന്ന ആശങ്കയാണ് പ്രതിപക്ഷത്തിന്റെ എതിർപ്പിന് കാരണം. 14 ജില്ലാ ബാങ്കുകളിൽ 13 എണ്ണത്തിലും ഇടതുഭരണം ഉറപ്പായിരുന്നിട്ടും കേവലം രാഷ്ട്രീയ നേട്ടത്തിന് അപ്പുറം നാടിന് വേണ്ടി നിലപാടെടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞതു കൊണ്ടാണ് കേരള ബാങ്ക് എന്ന സ്വപ്‌നത്തിലേക്ക് കടന്നത്.
കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് ഏതൊരു വാണിജ്യ ബാങ്കിനോടും കിട പിടിക്കുന്ന ആധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാക്കുന്നതിനാണ് പരിശ്രമിക്കുന്നത്. കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന സ്വപ്‌നം യാഥാർഥ്യമാകുമ്പോൾ നമ്മുടെ സംസ്ഥാനം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിത്തറയിൽ നിവർന്നുനിൽക്കുക കൂടി ചെയ്യും. ജനങ്ങളെ ചൂഷണം ചെയ്യാത്ത, ജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാകുന്ന ബാങ്കെന്ന ലക്ഷ്യമാണ് കേരള സഹകരണ ബാങ്കിലൂടെ യാഥാർഥ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു.  

 

Latest News