Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ കുറയുന്നു

റിയാദ് - ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കഴിഞ്ഞ മാസം 11 ശതമാനമായി കുറഞ്ഞതായി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടൽ വ്യക്തമാക്കുന്നു. ഓഗസ്റ്റിൽ സൗദിയിലേക്ക് ആകെ റിക്രൂട്ട് ചെയ്ത വേലക്കാരിൽ 13 ശതമാനം ഇന്ത്യക്കാരായിരുന്നു. ഇന്ത്യയിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്കിൽ മാറ്റമില്ല. 19000 റിയാലാണ് ഇന്ത്യയിൽനിന്ന് ഒരു ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിന് സൗദിയിലെ റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും ഈടാക്കുന്നത്.


അതേസമയം ബംഗ്ലാദേശിൽ നിന്നുള്ള വേലക്കാരുടെ റിക്രൂട്ട്‌മെന്റിൽ വർധന രേഖപ്പെടുത്തി. സെപ്റ്റംബറിൽ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്ത വേലക്കാരികളിൽ 17 ശതമാനവും ബംഗ്ലാദേശുകാരികളാണ്. ഓഗസ്റ്റിൽ ഇത് 12 ശതമാനം മാത്രമായിരുന്നു.
ഫിലിപ്പൈൻസിൽ നിന്നും കെനിയയിൽ നിന്നും ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിരക്ക് ഉയർന്നതായും മുസാനിദ് പോർട്ടൽ വ്യക്തമാക്കുന്നു. കെനിയയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരക്ക് 7,619 റിയാലാണ്. ഓഗസ്റ്റിൽ ഇത് ശരാശരി 7,500 റിയാലായിരുന്നു. ഫിലിപ്പൈൻസിൽനിന്നുള്ള നിരക്ക് 12,500ൽനിന്ന് 14,000 റിയാലായി വർധിച്ചു. ചില രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരക്കുകൾ കുറഞ്ഞിട്ടുമുണ്ട്. ഉഗാണ്ടയിൽ നിന്ന് റിക്രൂട്ട്‌മെന്റ് നിരക്ക് 6,999 ൽനിന്ന് 6,666 റിയാലായും, ശ്രീലങ്കയിലേത് 19,000 ൽനിന്ന് 15,000 റിയാലായും കുറഞ്ഞു. ഇന്ത്യയെപോലെ, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരക്കിൽ മാറ്റമില്ല. വിയറ്റ്‌നാമിൽ നിന്ന് 18,000 റിയാലും ബംഗ്ലാദേശിൽനിന്ന് 7,000 റിയാലുമാണ് നിരക്ക്. 
കഴിഞ്ഞ മാസം റിക്രൂട്ട് ചെയ്ത ഗാർഹിക തൊഴിലാളികളിൽ 12 ശതമാനം ഉഗാണ്ടയിൽ നിന്നുള്ളവരാണ്. ഓഗസ്റ്റിൽ ഇത് 11 ശതമാനം. ഫിലിപ്പൈൻസിൽനിന്ന് റിക്രൂട്ട് ചെയ്ത ഗാർഹിക തൊഴിലാളികൾ 31 ശതമാനത്തിൽ നിന്ന് 29 ശതമാനമായി കഴിഞ്ഞ മാസം കുറഞ്ഞു. 


കഴിഞ്ഞ മാസാവസാനത്തെ കണക്ക് പ്രകാരം 1,200 റിക്രൂട്ട്‌മെന്റ് ഓഫീസുകളെയും കമ്പനികളെയും മുസാനിദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോകത്തെ 22 രാജ്യങ്ങളിൽ നിന്ന് നിലവിൽ സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അവസരമുണ്ട്. റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിൽ 55 ശതമാനം റിയാദ് പ്രവിശ്യയിലും കിഴക്കൻ പ്രവിശ്യയിലുമാണ്. കഴിഞ്ഞ ജൂൺ അവസാനത്തെ കണക്ക് പ്രകാരം രാജ്യത്ത് ആകെ 31 ലക്ഷം ഗാർഹിക തൊഴിലാളികളുണ്ട്. ഇതിൽ 54 ശതമാനവും ഹൗസ് ഡ്രൈവർമാരാണ്. 

 

Latest News