Sorry, you need to enable JavaScript to visit this website.

വട്ടിയൂർക്കാവിൽ ജാതി പറഞ്ഞും വോട്ടുതേടൽ

തിരുവനന്തപുരം- വട്ടിയൂർക്കാവിൽ ജാതി പറഞ്ഞും വോട്ടുതേടൽ. ഒരേ സമുദായക്കാരായ സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലത്തിൽ മികച്ച സമുദായസ്‌നേഹി ആരെന്ന് സമർഥിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും. മണ്ഡലത്തിൽ മുൻതൂക്കമുള്ള നായർ സമുദായത്തെ കൂടെ നിർത്താനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്, ബി.ജെ.പി മുന്നണികൾ. എൽ.ഡി.എഫിന് ഈ ആനുകൂല്യം ലഭിക്കില്ലെങ്കിലും ഈഴവ സമുദായത്തിന്റെയും ക്രൈസ്തവരുടേയും പിന്തുണ അവരും തേടിയിട്ടുണ്ട്.
അതിനിടെ മണ്ഡലപര്യടനത്തിലേക്ക് സ്ഥാനാർഥികൾ കടക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർഥി കെ.മോഹൻകുമാർ മണ്ഡല പര്യടനം ആരംഭിച്ച് കഴിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ.പ്രശാന്തിന്റെ മണ്ഡല പര്യടനം ഇന്നാരംഭിക്കും. ഇന്ന് കിണവൂർ വാർഡിലെ അഞ്ചുമുക്ക്‌വയലിൽ ഉച്ചക്ക് 2.30ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്യും. 
ഇന്നത്തെ  മണ്ഡല പര്യടനം ചെട്ടിവിളാകം വാർഡിലെ മൂത്തോകോണത്ത് സമാപിക്കും. യു.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ വട്ടിയൂർക്കാവിൽ പ്രചാരണത്തിനെത്തി. 
രാവിലെ ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകളെ സന്ദർശിച്ച് വോട്ടഭ്യർഥിച്ച് കൊണ്ടാണ് എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ പ്രശാന്ത് ഇന്നലത്തെ പ്രചാരണ പരിപാടി ആരംഭിച്ചത്. പട്ടം കത്തീഡ്രലിൽ മാർഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മദിനത്തിൽ പങ്കെടുക്കുന്നതിനും അദ്ദേഹം എത്തി. തുടർന്ന് പട്ടം വാർഡിലെ 13 ബൂത്തിലും വി.കെ പ്രശാന്ത് പര്യടനം നടത്തി. പുതുപ്പളളി ലയിൻ, കൈലാസ് നഗർ, പി.ടി.ചാക്കോ നഗർ, കോസ്‌മോ ആശുപത്രി പരിസരം എന്നിവിടങ്ങളിലും അദ്ദേഹം വോട്ടഭ്യർഥിച്ചു. 
വഴയില, ഇന്ദിരാനഗർ, മണികണ്‌ഠേശ്വരം എന്നിവിടങ്ങളിലും സന്ദർശനം നടത്തി. ഉച്ചക്ക് ഐ.എസ്.ആർ.ഒക്ക് സ്‌പെയർപാട്‌സ് ഉണ്ടാക്കികൊടുക്കുന്ന എൻ.സി.സി റോഡിലെ ശിവാസു ഇലക്ട്രോണിക്‌സിലെ തൊഴിലാളികളെ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. മൂന്ന് മണിക്ക് ഓഡിയോ വിഷ്വൽ ആന്റ് റിപ്രോഗ്രാഫിക്‌സ് സെന്ററിലെ തൊഴിലാളികൾ വട്ടിയൂർക്കാവ് ബാങ്ക് ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിലും എത്തി സംസാരിച്ചു. വൈകിട്ട് 3.30 മുതൽ 6.30 വരെ നെട്ടയം വാർഡിൽ ഗൃഹസന്ദർശനം നടത്തി. നെട്ടയത്ത് എസ് എൻ ഡി പി നടത്തിയ യോഗത്തിലും വി കെ പ്രശാന്ത് പങ്കെടുത്തു. വി.കെ പ്രശാന്തിന് വേണ്ടി പ്രചാരണത്തിന് 14ന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. വട്ടിയൂർക്കാവ്, പേരൂർക്കട, നന്തൻകോട് എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.  
എൻ ഡി എ സ്ഥാനാർഥി അഡ്വ. എസ് സുരേഷ് ഇന്നലെ ശിവഗിരിയിൽ സന്ദർശനം നടത്തി. അവിടത്തെ സന്ന്യാസിമാരുടെ അനുഗ്രഹം തേടി. ആശുപത്രിയിൽ കഴിയുന്ന മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയെയും സന്ദർശിച്ചു. രാവിലെ 10 മണിക്ക് കണ്ണമ്മൂല എത്തി വോട്ടഭ്യർഥിച്ചു. ഉച്ചക്ക് ഒരു മണി മുതൽ രണ്ട് മണി വരെ നെട്ടയം, കുറവൻകോണം എന്നിവിടങ്ങളിൽ എത്തി വോട്ട് തേടി. വൈകിട്ട് കുലശേഖരത്ത് നടന്ന പൊതുയോഗത്തിലും എസ് സുരേഷ് പങ്കെടുത്തു. 

 

Latest News