Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തര്‍ക്കത്തിലുള്ള ബാബരി ഭൂമി ഹിന്ദു വിഭാഗത്തിന് ഇഷ്ടദാനമായി നല്‍കണമെന്ന് ഒരു വിഭാഗം മുസ്ലിം പ്രമുഖര്‍

ലഖ്‌നൗ- അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമജന്മ സ്ഥലമാണെന്ന തര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയാകാനിരിക്കെ കേസിന് ചര്‍ച്ചകളിലൂടെ തീര്‍പ്പുണ്ടാക്കണമെന്ന ആവശ്യമുന്നയിച്ച് ഒരു വിഭാഗം മുസ്ലിം നേതാക്കള്‍ രംഗത്തെത്തി. കോടതിയില്‍ മുസ്ലിംകള്‍ക്ക് അനുകൂലമായ വിധി വന്നാല്‍ പോലും തര്‍ക്കത്തിലുള്ള ഭൂമി ഹിന്ദു വിഭാഗത്തിന് സമ്മാനമായി നല്‍കുന്ന കാര്യവും പരിഗണിക്കണമെന്ന് ഇന്ത്യന്‍ മുസ്ലിംസ് ഫോര്‍ പീസ് എന്ന സംഘടന അഭിപ്രായപ്പെട്ടു. കരസേന മുന്‍ ഉപമേധാവിയും അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി മുന്‍ വിസിയുമായ ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ അടക്കമുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്ന സംഘടനയാണിത്. 

നാം യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കണം. മുസ്ലിംകള്‍ക്ക് അനുകൂലമായി കോടതി വിധി പറഞ്ഞാലും അവിടെ ഒരു പള്ളി പണിയല്‍ സാധ്യമാണെന്ന് കരുതുന്നുണ്ടോ? അസാധ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. രാജ്യത്തെ ഇപ്പോഴത്തെ ഒരു അന്തരീക്ഷം വച്ചു നോക്കുമ്പോള്‍ അത് നടക്കാത്ത ഒരു സ്വപ്‌നമാണ്. വിധി അനൂകലമായി വന്നാല്‍ മുസ്ലിംകളുടെ മുന്നിലുള്ള വഴി, ആരാധനാലയ ഭേദഗതി നിയമത്തിന് ശക്തിപകരേണ്ടതുണ്ടെന്ന ഉറപ്പിന്‍മേല്‍ ഈ ഭൂമി ഭൂരിപക്ഷ സമുദായത്തിന് ഇഷ്ടദാനമായി നല്‍കലാണ്- എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ സമീറുദ്ധീന്‍ ഷാ പറയുന്നു.

അയോധ്യാ കേസില്‍ പ്രമുഖ മുസ്ലിം കക്ഷികളും തര്‍ക്ക ഭൂമി വിട്ടു നല്‍കാന്‍ ഒരുക്കമാണെന്ന നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സമയക്കുറവ് മൂലം കോടതി മേല്‍നോട്ടത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍  മറ്റുള്ളവരുമായി ചേര്‍ന്ന് അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിയാതെ വരികയായിരുന്നു. അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിക്കുമേലുള്ള അവകാശ വാദം പിന്‍വലിക്കാന്‍ തയാറാണെന്ന കേസിലെ മുഖ്യ മുസ്ലിം കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ് കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ മധ്യസ്ഥ ശ്രമം പിന്നീട് പൊളിഞ്ഞു. കേസില്‍ ഇപ്പോള്‍ ദിവസവും വാദം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം മധ്യസ്ഥ നീക്കങ്ങളും നടന്നുവരുന്നുണ്ട്.
 

Latest News