Sorry, you need to enable JavaScript to visit this website.

സരിതയുടെ കമ്പനിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് തെളിയിക്കാൻ രേഖകളില്ല; വി.എസിനെ തള്ളി കേരള സർക്കാർ

തിരുവനന്തപുരം- സോളാർ കേസുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദനെതിരേ നൽകിയ മാനനഷ്ട കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകൂലിച്ച് സംസ്ഥാന സർക്കാർ. സരിത നായരുടെ ടീം സോളാർ കമ്പനിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് തെളിയിക്കാൻ കഴിയുന്ന രേഖകളൊന്നുമില്ലെന്ന് സർക്കാരിനെ പ്രതിനിധീകരിച്ചു ഹാജരായ ആഭ്യന്തര അഡീഷണൽ സ്‌പെഷൽ സെക്രട്ടറി മൊഴി നൽകി. സോളാർ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്ന ശിവരാജൻ കമ്മിഷനും ഉമ്മൻ ചാണ്ടിക്ക് സോളാർ തട്ടിപ്പിൽ പങ്കുള്ളതായി കണ്ടെത്തിയിരുന്നില്ല എന്നും ആഭ്യന്തര അഡീഷണൽ സ്‌പെഷൽ സെക്രട്ടറി മൊഴി നൽകി.
മുൻമുഖ്യമന്ത്രിയുടെ പേര് പല സാക്ഷികളും പരാമർശിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ തെളിയിക്കുവാൻ തക്ക തെളിവുകൾ ഹാജരാക്കാൻ ഇവർക്കു കഴിഞ്ഞിട്ടില്ലന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് വിസ്താരം ഈ മാസം 17 ലേക്കു വീണ്ടും മാറ്റി.
2013 ജൂലൈ ആറിനു നൽകിയ ഒരു ചാനൽ അഭിമുഖത്തിലാണ് അച്യുതാനന്ദൻ ആരോപണം ഉന്നയിച്ചത്. സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടെന്നും തട്ടിപ്പിന്റെ നല്ലൊരു ശതമാനം ഉമ്മൻ ചാണ്ടിക്ക് പ്രത്യുപകാരമായി നൽകാൻ നിശ്ചയിച്ചിരുന്നുവെന്നുമാണ് അച്യുതാനന്ദൻ പറഞ്ഞത്. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഹർജിയിൽ പത്തു ലക്ഷം രൂപനഷ്ട്ടപരിഹാരമാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നത്‌
 

Latest News