Sorry, you need to enable JavaScript to visit this website.

വായ്പ തിരിച്ചടച്ചില്ല; നെടുമ്പാശേരിയില്‍ വിമാനം ജപ്തി ചെയ്തു 

കൊച്ചി- ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി വിമാനംജപ്തി ചെയ്തു. ആലുവ ഫെഡറല്‍ ബാങ്കാണ് കൊച്ചി ആസ്ഥാനമായുള്ള സീബേര്‍ഡ് കമ്പനിയുടെ സീപ്ലെയ്ന്‍ നെടുമ്പാശേരിയില്‍ ജപ്തി ചെയ്തത്.
കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാര സാധ്യതകള്‍ മുന്‍ നിര്‍ത്തി 2014ലാണ് സീബേര്‍ഡിന്റെ പ്രമോട്ടര്‍മാരും പൈലറ്റുമാരുമായ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ഫെഡറല്‍ ബാങ്കില്‍ നിന്ന് 4.15 കോടി രൂപ വായ്പ എടുത്തത്. എന്നാല്‍ സീപ്ലെയ്‌നിനുള്ള അനുമതി അധികൃതരില്‍ നിന്ന് ലഭിച്ചില്ല.
ഇതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെയായി. 2016 ല്‍ വായ്പ കിട്ടാകടമായി പ്രഖ്യാപിക്കുകയായിരുന്നു. പലിശയടക്കം ആറുകോടി രൂപയാണ് ബാങ്കിന് കിട്ടാനുണ്ട്. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക് റഫ്‌റസി കോഡ് പ്രകാരമാണ് പ്ലെയ്ന്‍ ജപ്തി ചെയ്തത്.
ചെന്നൈയിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ വഴിയാണ് ബാങ്ക് ഇതിന് അപേക്ഷിച്ചത്. ട്രൈബ്യൂണല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കെ.കെ. ജോസിനെ 'ലിക്വിഡേറ്റര്‍' ആയി നിയോഗിക്കുകയും സീപ്‌ളെയിന്‍ കണ്ടുകെട്ടുകയുമായിരുന്നു.
അതേസമയം വിമാനത്തിന്റെ പാര്‍ക്കിംഗ് ഫീസായി സിയാലിന് നാലു ലക്ഷത്തോളം രൂപയും കമ്പനി നല്‍കാനുണ്ട്. 13 കോടി രൂപയ്ക്കാണ് അമേരിക്കയില്‍ നിന്ന് കമ്പനി വിമാനം വാങ്ങിയത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സീപ്ലെയ്ന്‍ ആയിരുന്നു ഇത്. ദേശീയ കമ്പനി ലോ ട്രിബ്യൂണല്‍ നിയോഗിച്ച കെ കെ ജോസ്, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് കെ എ ബാബു, വൈസ് പ്രസിഡന്റ് ടി എ മുഹമ്മദ് സഗീര്‍ എന്നിവരും ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി.നിലവില്‍ വിമാനത്തിന്റെ മൂല്യ നിര്‍ണയം നടത്തിയ ശേഷം ലേലത്തില്‍ വെയ്ക്കും. ലേലത്തില്‍ വിമാനം ആരും വാങ്ങിയില്ലെങ്കില്‍ യുവാക്കള്‍ക്ക് വിമാനം വിറ്റ അമേരിക്കന്‍ കമ്പനിക്ക് തന്നെ വിമാനം നല്‍കാനാണു തീരുമാനം.

Latest News